- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലുകാർക്ക് വിലക്കുമായി മാലദ്വീപ്
ജറൂസലം: ഗസ്സിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്കേർപ്പെടുത്തി. ഇതേടെ ഇവിടെ കഴിയുന്ന പൗരന്മാർ ഉടൻ രാജ്യംവിടണമെന്ന നിർദേശവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. 'നിലവിൽ മാലദ്വീപിലുള്ള ഇസ്രയേൽ പൗരന്മാർക്ക് എന്തെങ്കിലും പ്രശ്നം നേരിട്ടാൽ അവരെ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും' -വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരട്ടപൗരത്വമുള്ളവരാണെങ്കിലും ദ്വീപ് രാഷ്ട്രത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച നടന്ന മാലദ്വീപ് മന്ത്രിസഭ യോഗത്തിലാണ് ഇസ്രയേലികൾക്ക് പ്രവേശന നിരോധനം പ്രഖ്യാപിച്ചത്. പ്രതിവർഷം 10ലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുന്ന ദ്വീപിൽ, ഇസ്രയേലിൽ നിന്ന് ഏകദേശം 15,000 വിനോദസഞ്ചാരികൾ എത്താറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ പാസ്പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്‌സാൻ അണ് അറിയിച്ചത്. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും.
കൂടാതെ ഫലസ്തീന്റെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും തീരുമാനിച്ചു. ഫലസ്തീനു വേണ്ടി ഐക്യരാഷ്ട്ര സഭ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇസ്രയേൽ പൗരന്മാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതുവരെ 36,400 ലേറെ പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ഇന്ന് മാത്രം 60 പേർക്ക് ജീവൻ നഷ്ടമായി. ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗസ്സയിലെ ജബലിയയിൽ 50 മൃതദേഹങ്ങൾ കണ്ടെത്തി.
ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനും വെടിനിറുത്തൽ നടപ്പാക്കാനും ഇസ്രയേൽ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിർദ്ദേശം ഹമാസ് തള്ളിയിട്ടില്ല. ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്ന് യു.എസ്, ഖത്തർ, ഈജിപ്റ്റ് തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിറക്കി.