ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന് മാലദ്വീപ് രാഷ്ട്രീയക്കാർക്ക് എന്താണ് പ്രശ്‌നം? മോദി ലക്ഷദ്വീപിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നു എന്നത് തന്നെ. രണ്ടുമാലദ്വീപ് മന്ത്രിമാരും, മറ്റുചില നേതാക്കളും ആണ് മോദിയെയും ഇന്ത്യയെയും ലാക്കാക്കി വിവാദ പ്രസ്താവനകൾ നടത്തിയത്. ഏതായാലും ഈ വിവാദ പ്രസ്താവനകൾ മാലദ്വീപ് സർക്കാർ ഔദ്യോഗികമായി തള്ളിപ്പറഞ്ഞിരിക്കുകയാണ്.

ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും ആസ്വദിച്ച് സ്‌നോർകെല്ലിങ് ചെയ്യുന്നതിന്റെയും ബീച്ചിലിരുന്ന് ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങൾ മോദി എക്‌സിൽ പങ്കുവച്ചിരുന്നു സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും ലക്ഷദ്വീപ് കാണണമെന്നും അദ്ദേഹം കുറിച്ചു. എന്തായാലും, ഇന്ത്യയോട് ഇടഞ്ഞും, ചൈനയോട് കൂട്ടുകൂടിയും നിൽക്കുന്ന മാലദ്വീപ് ഭരണകൂടത്തിന് ഇതൊന്നും അത്ര പിടിക്കുന്നില്ല. മാലദ്വീപ് മന്ത്രിയുടെ എക്‌സിലെ കുറിപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

32 ചതുരശ്ര അടി വിസ്തീർണത്തിൽ, 36 ദ്വീപുകളായി പരന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശത്തിലേക്കുള്ള മോദിയുടെ സന്ദർശനം തീർച്ചയായും ദ്വീപിലെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള നീക്കമാണ്. അബ്ദുള്ള മഹ്‌സൂം മജീദ് എന്ന മാലദ്വീപ് മന്ത്രിയുടേതാണ് വിവാദ പോസ്റ്റ്. ' ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് എല്ലാ വിജയവും ആശംസിക്കുമ്പോൾ തന്നെ, മാലദ്വീപിനെ ഇങ്ങനെ വ്യക്തമായി ലക്ഷ്യമിടുന്നത് നയതന്ത്രപരമല്ല. ഞങ്ങളുടെ റിസോർട്ട് അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബീച്ച് ടൂറിസത്തിൽ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. പിന്നെ ഇത് നിങ്ങളുടെ സംസ്‌കാരവുമാണ്', നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് പോസ്റ്റ്.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തോടെ, മാലദ്വീപിന് പകരമായി ലക്ഷദ്വീപിനെ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിക്കാട്ടിയിരുന്നു. ഇതാവണം മന്ത്രിയെ ചൊടിപ്പിച്ചത്. 'ലക്ഷദ്വീപിന് ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള വലിയ സാധ്യതകളുണ്ട്. ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി, ഇത് തീർച്ചയായും വിനോദസഞ്ചാരത്തെയും സമ്പദ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും,' അമിത് ഷാ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

വിവാഹങ്ങൾക്കും വിനോദസഞ്ചാരത്തിനും വിദേശത്ത് പോകാതെ, സ്വദേശത്ത് തന്നെ നടത്തണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന് ചേരും വിധമാണ് ലക്ഷദ്വീപിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ശ്രമം. ഏതായാലും തങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ് മോദി എന്ന് തിരിച്ചറിഞ്ഞാണ് മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.

ഇതിന് പുറമേ മോദിക്കെതിരെ മന്ത്രി മറിയം ഷിവൂനയും അധിക്ഷേപ പരാമർശം നടത്തി. അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാലദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയാണിവർ. ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ഇസ്രയേലിന്റെ കളിപ്പാവയെന്നാണ് മറിയം മോദിയെ വിശേഷിപ്പിച്ചത്. 'എന്തൊരു കോമാളിയാണിയാൾ. ഇസ്രയേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു. എന്നാണ് വിസിറ്റ് മാലദ്വീപ്' എന്ന ഹാഷ്ടാഗോടെ മന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തത്. പരാമർശം വിവാദമായതിന് പിന്നാലെ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു.

ലക്ഷദ്വീപ് മന്ത്രിയുടെ പ്രസ്താവനകളെ അപലപിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തി. ഇതുസർക്കാർ നയമല്ലെന്ന് ലോകത്തോട് വിളിച്ചുപറയണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും വഴിയൊരുക്കിയ സഖ്യരാഷ്ട്രത്തിന്റെ നേതാവിനോട് എന്തൊരു മോശം ഭാഷയാണ് മാലദ്വീപ് മന്ത്രി മരിയം ഷിവുന പ്രയോഗിച്ചത്, നഷീദ് എക്‌സിൽ കുറിച്ചു.

ഏതായാലും മണിക്കൂറുകൾക്ക് ശേഷം, ഇത് വ്യക്തികളുടെ മാത്രം അഭിപ്രായമാണെന്നും സർക്കാരിന്റേതല്ലെന്നും പ്രസ്താവന വന്നു. ' അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തത്തോടെയും വിനിയോഗിക്കണമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. വിദ്വേഷവും നിഷേധാത്മകതയും പരത്തുന്ന തരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. മാലദ്വീപും, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള അടുത്ത ബന്ധത്തെ ബാധിക്കുന്നതിനും ഇട വരുത്തരുത്', മാലദ്വീപ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ മടിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

മാലദ്വീപ് പ്രസിഡന്റ് ചൈനയിലേക്ക്

അതേസമയം,കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ജനുവരി 8 മുതൽ 12 വരെ ചൈന സന്ദർശിക്കുകയാണ്. സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്.

എന്നാൽ കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. ഇവിടെവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാമതായി ഇന്ത്യയിലേക്ക് എത്തും എന്നു കരുതിയിരുന്നെങ്കിലും മുയിസു ചൈനയിലേക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്.