ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ രംഗം ശാന്തമാക്കാൻ അതിവേഗ് നടപടിയുമായി മാലി ഭരണകൂടം. മന്ത്രിമാരുടെ പ്രസ്താവനകൾ തള്ളിയതിന് പിന്നാലെ വിവാദ പ്രസ്താവനകൾ നടത്തിയ മൂന്ന് മന്ത്രിമാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. നേരത്തെ പ്രസ്താവനകൾ തള്ളി മാലി ഭരണകൂടം ഔദ്യോഗികമായി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതുകൊണ്ടും ഇന്ത്യൻ രോഷം തീരില്ലെന്ന് ബോധ്യമായതോടെയാണ് മന്ത്രിമാരെ സസ്‌പെന്റ് ചെയ്തത്.

മോശം പരാമർശം നടത്തിയ മറിയം ഷിയുന ഉൾപ്പടെയുള്ള മന്ത്രിമാരെയാണ് സസ്പെൻഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സർക്കാർ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നു പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.

വിദേശ നേതാക്കൾക്കും ഉന്നത സ്ഥാനങ്ങളിലുള്ള വ്യക്തികൾക്കുമെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ആ അഭിപ്രായപ്രകടനങ്ങളൊന്നും തന്നെ മാലദ്വീപ് ഭരണകൂടത്തിന്റെ നയങ്ങളെ പ്രതിനിധീകരിക്കുന്നില്ല അവ തികച്ചും വ്യക്തിപരം മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യം, യാതൊരു വിദ്വേഷ പ്രകടനങ്ങളുമില്ലാതെ, രാജ്യത്തിന്റെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബന്ധത്തെ ഉലയ്ക്കാതെ, ജനാധിപത്യപരമായും ഉത്തരവാദിത്വപൂർണമായും വിനിയോഗിക്കേണ്ടതാണ് എന്ന് വിശ്വസിക്കുന്ന ഭരണകൂടമാണ് മാലദ്വീപിലേതെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന്റെ ബന്ധപ്പെട്ട അധികാരികൾ മടിക്കില്ലെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദമായതോടെ യുവജന ശാക്തീകരണ മന്ത്രിയായ മറിയം ഷിയൂന എക്‌സിൽ നിന്നും ഇത് നീക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനുപിന്നാലെ മാലദ്വീപിലെ മറ്റൊരു മന്ത്രിയായ അബ്ദുല്ല മഹ്‌സൂം മാജിദ്, ഇന്ത്യ മാലദ്വീപിനെ ലക്ഷ്യം വെക്കുന്നുവെന്നും ബീച്ച് ടൂറിസത്തിൽ ഇന്ത്യ വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്‌സ് പ്ലാറ്റ് ഫോമിൽ പറഞ്ഞിരുന്നു.

രാജ്യത്തെ 36 ദ്വീപുകൾ ഉൾപ്പെടുന്ന ഏറ്റവും ചെറിയ കേന്ദ്ര ഭരണപ്രദേശം പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത് ദ്വീപിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മാലദ്വീപ് മന്ത്രി അബ്ദുല്ല മഹ്‌സൂം മാജിദ് എക്‌സിൽ കുറിച്ചു. ഈ പോസ്റ്റും പിന്നീട് വലിയ വിവാദമായി.

ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്.

ലക്ഷദ്വീപ് മന്ത്രിയുടെ പ്രസ്താവനകളെ അപലപിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു. ഇതുസർക്കാർ നയമല്ലെന്ന് ലോകത്തോട് വിളിച്ചുപറയണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാലദ്വീപിന്റെ സുരക്ഷയ്ക്കും സമൃദ്ധിക്കും വഴിയൊരുക്കിയ സഖ്യരാഷ്ട്രത്തിന്റെ നേതാവിനോട് എന്തൊരു മോശം ഭാഷയാണ് മാലദ്വീപ് മന്ത്രി മരിയം ഷിവുന പ്രയോഗിച്ചത്, നഷീദ് എക്സിൽ കുറിച്ചു. പിന്നാലെയാണ കടുത്ത നടപടികളിലേക്ക് മാലദ്വീപ് ഭരണകൂടം കടന്നത്.

അതേസമയം കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകാരനായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ജനുവരി 8 മുതൽ 12 വരെ ചൈന സന്ദർശിക്കുകയാണ്. സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്. ഈ പതിവു തെറ്റിച്ചാണ് മുയിസുവിന്റെ ചൈനാ യാത്ര.

കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. ഇവിടെവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാമതായി ഇന്ത്യയിലേക്ക് എത്തും എന്നു കരുതിയിരുന്നെങ്കിലും മുയിസു ചൈനയിലേക്കു പോകാനാണു തീരുമാനിച്ചിരിക്കുന്നത്.