മാലി: ഇന്ത്യാ വിരുദ്ധ നിലപാടുകൾ തുടരുന്നതു കൊണ്ട് മാലദ്വീപിന് വലിയ സാമ്പത്തിക തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പണി കിട്ടിയതോടെ അനുനയ ശ്രമവുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രംഗത്തുവന്നു. മാലദ്വീപുമായി ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ചു. ഇതോടെ വീണ്ടും നിലപാട് മയപ്പെടുത്തുകയാണ് മൊയിസു.

ഏപ്രിലിൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പു വരാനിരിക്കുന്ന പശ്ചാത്തലത്തിലാണു നിലപാടു മാറ്റവുമായി മുയിസു രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒടുവിലെ കണക്കുകൾ പ്രകാരം 400.9 മില്യൻ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്കു നൽകാനുള്ളത്. ഇതോടെയാണഅ ഇപ്പോൾ നിലപാട് മറ്റം.

അതേസമയം പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും വ്യക്തമാക്കി. എങ്കിൽ മാത്രമേ സാമ്പത്തിക വെല്ലുവിളി നേരിടാൻ സാധിക്കുകയുള്ളൂ എന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുൻ പ്രസിഡന്റ് പറഞ്ഞു. കടം വീട്ടുന്നതിന് മാലദ്വീപിന് കുറച്ച് സാവകാശം നൽകണമെന്ന് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 45 കാരനായ മുയിസു 62 കാരനായ സോലിഹിനെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

മാലദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികൾക്ക് ഇന്ത്യ ഉത്തരവാദിയല്ലെന്ന് സോലിഹ് വ്യക്തമാക്കി. ബില്യൺ മാലദ്വീപ് റുഫിയയുടെ കടമാണ് മാലദ്വീപ് ഇന്ത്യയ്ക്ക് തന്നു വീട്ടാനുള്ളത്. 25 വർഷമാണ് കടം വീട്ടാനുള്ള സമയപരിധി. 'നമ്മുടെ അയൽക്കാർ നമ്മെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് നമ്മൾ പിടിവാശി അവസാനിപ്പിച്ച് അവരുമായി സംസാരിക്കേണ്ടിവരും. പക്ഷേ മുയിസു വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല' സോലിഹ് പറഞ്ഞു.

സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും എംഡിപി സർക്കാർ ആരംഭിച്ച പദ്ധതികൾ പുനരാരംഭിക്കുകയാണെന്നും സോലിഹ് പറഞ്ഞു. നുണകൾ മറയ്ക്കാനാണ് മന്ത്രിമാർ ഇപ്പോൾ കള്ളം പറയുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും അതിനുശേഷവും ഇന്ത്യയെ മുയിസു വിമർശിച്ചിരുന്നു. നവംബറിൽ അദ്ദേഹം അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നുവെന്നും സോലിഹ് പറഞ്ഞു.

മാലദ്വീപിലെ മാനുഷിക, മെഡിക്കൽ ഒഴിപ്പിക്കലിനായി ഉപയോഗിക്കുന്ന മൂന്ന് ഏവിയേഷൻ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്ന 88 ഇന്ത്യൻ സൈനികരെ മെയ് 10 നകം പൂർണമായി പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. 26 ഇന്ത്യൻ സൈനികരുടെ ആദ്യ ബാച്ച് ഇതിനകം ദ്വീപ് വിട്ടു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന തരത്തിൽ ഒരു നടപടിയും താൻ സ്വീകരിച്ചിട്ടില്ലെന്ന് മുയിസു അവകാശപ്പെട്ടിരുന്നു.

അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിർപ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം നിലപാട് മാറ്റിയിരുന്നു. പല കാലങ്ങളിലായാണ് ഇന്ത്യയിൽനിന്നു മാലദ്വീപ് സഹായധനം കൈപ്പറ്റിയത്. വലിയ തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും, തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് ആവശ്യം. നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു.

കഴിഞ്ഞ നവംബറിലാണു മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റത്. ചൈനയോട് ആഭിമുഖ്യം പുലർത്താൻ ആഗ്രഹിക്കുന്ന മുയിസു, മെയ്‌ പത്തിനകം ദ്വീപിലുള്ള ഇന്ത്യൻ സേനാവിന്യാസം പൂർണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വ്യോമ താവളങ്ങളിലായി 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ആദ്യ ബാച്ച് ഈ മാസമാദ്യം ഇന്ത്യയിലേക്കു തിരിച്ചെത്തി.

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിൽനിന്ന് 70 നോട്ടിക്കൽ മൈൽ മാത്രമാണു മാലദ്വീപിലേക്കുള്ള ദൂരം. എയർ ആംബുലൻസ് ഉൾപ്പെടെയുള്ള വൈദ്യസഹായങ്ങൾ ഇന്ത്യയാണു നൽകുന്നത്. ഇതിനായി രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ എയർക്രാഫ്റ്റും ഏർപ്പെടുത്തിയിരുന്നു. മാലദ്വീപ് മന്ത്രി ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ നടത്തുകയും, ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുകയും ചെയ്തതോടെയാണ് നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.