- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കം
മാലെ: ചൈനീസ് അനുകൂലിയായ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ ഒരുങ്ങി പ്രതിപക്ഷം. ഇതിനായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മുഖ്യപ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇതിനായുള്ള ഒപ്പുശേഖരണം തുടങ്ങി വച്ചു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെന്നതാണ് അനുകൂലഘടകം.
തലസ്ഥാനമായ മാലെയിൽ, ചൈനീസ് ചാര കപ്പലിന് നങ്കൂരമിടാൻ മുയിസു സർക്കാർ അനുമതി നൽകിയതോടെയാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധത്തിന് മുതിർന്നത്. ഇതിന് പിന്നാലെ ഇംപീച്ച്‌മെന്റ് നടപടികൾ തുടക്കമിട്ടു. മാൾഡീവിയൻ ഡെമോക്രാറ്റിക് പാർട്ടിയും, ഡോമെക്രാറ്റുകളും സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നയത്തിന് എതിരെ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. രാജ്യത്തിന്റെ ദീർഘകാല വികസത്തിന് ഇന്ത്യാ വിരുദ്ധ നിലപാട് ദോഷം ചെയ്യുമെന്നാണ് പ്രതിപക്ഷ നിലപാട്.
മുയിസു അധികാരത്തിൽ വന്നതിന് പിന്നാലെ, പൊടുന്നനെ ഉണ്ടായ നയംമാറ്റം മാലദ്വീപിലെ വലിയ വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 88 ഇന്ത്യൻ സൈനികർ മാർച്ചിന് മുമ്പ് മാലദ്വീപ് വിട്ടുപോകണമെനന മുയിസുവിന്റെ അന്ത്യശാസന, മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട മാലദ്വീപ് മന്ത്രിമാരുടെ വിമർശനവും വിവാദവും, ഇതെല്ലാം, ഇന്ത്യയോട് ചേർന്നുനിൽക്കുന്ന പ്രതിപക്ഷ കക്ഷികളെ ചൊടിപ്പിച്ചു. മാലദ്വീപിന്റെ ദീർഘകാല വികസന പങ്കാളിയായ രാജ്യത്തെ അകറ്റുന്നത് ദീർഘകാല വികസനത്തിന് തിരിച്ചടിയാകുമെന്നും, ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷയും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും സുപ്രധാനമാണെന്നും പ്രതിപക്ഷത്തിന്റെ സംയുക്ത പ്ര്‌സ്താവനയിൽ പറയുന്നു.
എംഡിപിയിലും ഡെമോക്രാറ്റുകളിലും ഉൾപ്പെട്ട 34 അംഗങ്ങൾ മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ പിന്തുണച്ചയായി റിപ്പോർട്ടുകൾ വരുന്നു, മുയിസുവിന്റെ മന്ത്രിസഭയിലേക്ക് മന്ത്രിമാരെ അംഗീകരിക്കാനുള്ള മുഖ്യവോട്ടെടുപ്പിനിടെ പാർലമെന്റി്ൽ അംഗങ്ങൾ തമ്മിലെ പോര് കയ്യാങ്കളിയിൽ എത്തിയിരുന്നു. നാല് മന്ത്രിമാരുടെ നിയമനത്തെ എംഡിപിയും ഡെമോക്രാറ്റുകളും അംഗീകരിക്കാതിരുന്നതോടെയാണ് ഭരണമുന്നണി കക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാൾഡീവ്‌സും, പീപ്പിൾസ് നാഷണൽ കോൺഗ്രസും പാർലമെന്റിൽ ബഹളമുണ്ടാക്കിയത്.
രാത്രി മറ്റൊരു സമ്മേളനം കൂടി ചേർന്നെങ്കിലും, തിങ്കളാഴ്ച പുലർച്ചെ നടന്ന വോട്ടെടുപ്പിലും പ്രശനപരിഹാരമായില്ല. പാർലമെന്റിലെ സംഘർഷത്തെ തുടർന്ന് എംഡിപി പൊലീസ് സുരക്ഷ ആവശ്യപ്പെട്ടു. ഇതോടെ പാർലമെന്റ് സമുച്ചയത്തിൽ ശക്തമായ പൊലീസ് സന്നാഹവും ഏർപ്പെടുത്തി.