- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുനയ ശ്രമവുമായി മാലദ്വീപ് പ്രസിഡന്റ്; ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യം അറിയിച്ചു മുഹമ്മദ് മൊയിസു; തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്ന് സൂചന; മാലദ്വീപിനെ ചൈനീസ് ചേരിയിലേക്ക് പൂർണമായും തള്ളാൻ ഇന്ത്യക്കും താൽപ്പര്യമില്ല; ഖേദപ്രകടനവുമായി ടൂറിസ്റ്റ് സംരംഭകരും
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിഷ്ക്കരണം വലിയ പ്രതിസന്ധി ആയതോടെ അനുനയ വഴിയിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസും. ഇന്ത്യ സന്ദർശിക്കാൻ മാലി പ്രസിഡന്റ് അനുമതി തേടി. ഇക്കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കാനാണ് ഇന്ത്യയുടെ ശ്രമം തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്. എന്നാൽ കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്വഴക്കം തെറ്റിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ചൈനയിലേക്കും പോയി. ഇതോടെ ഇന്ത്യയും കലിപ്പിലാണ്.
അതേസമയം മന്ത്രിമാരുടെ പരാമർശങ്ങളിൽ ഖേദം അറിയിച്ച് മാലദ്വീപ് ടൂറിസം സംരംഭകർ രം?ഗത്തെത്തി. മാലദ്വീപിലേക്കുള്ള ബുക്കിങ് കുറഞ്ഞ പശ്ചാത്തലത്തിലാണ് സംരംഭകരുടെ ഖേദപ്രകടനം. അതേസമയം ചൈനയോട് കൂടുതൽ അടുക്കുന്ന സൂചനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മ്ദ് മൊയിസു രംഗത്തെത്തിയിരുന്നു ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ കൊഴിയുമ്പോൾ കൂടുതൽ ചൈനീസ് സഞ്ചാരികളെ അയക്കണമെന്നാണ് ചൈനയോട് മാലദ്വീപ് ആവശ്യപ്പെട്ടത്.
കൂടാതെ ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാകാനുള്ള സാധ്യതകളും ഏറെയാണ്. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും മൊയിസു പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയിസു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്പെൻഡ് ചെയ്തു. കൂടാതെ, മാല ദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.
മാല ദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ വർഷം 209,198 പേർ ദ്വീപിലെത്തി. 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.
ഇതേസമയം ഇന്ത്യ പിണങ്ങായിൽ അത് മാലദ്വീപിന് വൻ പ്രതിസന്ധികളാണ് സൃഷ്ടിക്കുക. അതേസമയം മാലദ്വീപിൽ ചൈനയുടെ ആധിപത്യം വർധിക്കുന്ന നടപടികളോട് ഇന്ത്യക്ക് തീരെ താൽപ്പര്യമില്ല. വർഷങ്ങളായി യഥാർത്ഥത്തിൽ ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് മാലിദ്വീപ്. മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അയൽ രാജ്യമാണ് ഇന്ത്യ. മാത്രമല്ല പല കാര്യങ്ങൾക്കും മാലിദ്വീപ് പൂർണ്ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. എന്നാൽ നിലവിൽ മാലദ്വീപിൽ ഭരണത്തിലെത്തിയിരിക്കുന്നത് ചൈനയുടെ പിന്തുണയുള്ള സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായതും.
മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തിലെ ജിഡിപിയുടെ 28 ശതമാനവും ടൂറിസമാണ്. വിദേശനാണ്യത്തിന്റെ 60 ശതമാനവും ടൂറിസം മേഖലയാണ് സംഭാവന ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ പിന്തിരിഞ്ഞാൽ മാലദ്വീപിന് സാമ്പത്തികമായി വലിയ നഷ്ടം നേരിടേണ്ടിവരുമെന്നുള്ളതാണ് യാഥാർത്ഥ്യം.
കഴിഞ്ഞ വർഷം മാലിദ്വീപും ഇന്ത്യയും തമ്മിൽ 500 മില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഈ വർഷവും തുടർച്ചയായി വ്യാപാരം വർധിച്ചുവരികയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മാലിദ്വീപും ഇന്ത്യയും തമ്മിൽ ഒരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാത്ത ചരക്കുകൾ ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമെ മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ വൻ തോതിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യ മാലിദ്വീപിൽ നിന്ന് 410.2 മില്യൺ ഡോളർ കയറ്റുമതി നടത്തിയപ്പോൾ 61.9 മില്യൺ ഡോളറാണ് ഇറക്കുമതി ചെയ്തത്. 2022ൽ കയറ്റുമതി 495.4 മില്യൺ ഡോളറും ഇറക്കുമതി 61.9 മില്യൺ ഡോളറുമായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിലെ ജനസംഖ്യയുടെ 98 ശതമാനവും മുസ്ലീങ്ങളാണ്. ബാക്കിയുള്ള രണ്ടു ശതമാനം മറ്റ് മതക്കാരാണ്, ഇവിടെ ആകെ ജനസംഖ്യ അഞ്ചു ലക്ഷമാണ്. ഏകദേശം 1200 ദ്വീപുകളുടെ കൂട്ടമാണ് മാലിദ്വീപ്. മിക്ക ദ്വീപുകളിലും ആൾതാമസമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. മാലിദ്വീപിന്റെ വിസ്തീർണ്ണം 300 ചതുരശ്ര കിലോമീറ്ററാണ്. അതായത് വലിപ്പത്തിൽ ഇത് ഡൽഹിയുടെ അഞ്ചിലൊന്നു മാത്രം.
മാലിദ്വീപ് പ്രധാനമായും സ്ക്രാപ്പ് ലോഹങ്ങളാണ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമെ, എഞ്ചിനീയറിങ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, റഡാർ ഉപകരണങ്ങൾ, പാറക്കല്ലുകൾ, സിമന്റ് തുടങ്ങിയ വ്യാവസായിക ഉൽപന്നങ്ങൾ എന്നിവയ്ക്കും ദ്വീപ് ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിന് മാലിദ്വീപ് ആശ്രയിക്കുന്നതും ഇന്ത്യയെത്തന്നെ. അരി, മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പഞ്ചസാര, കോഴി ഉൽപന്നങ്ങൾ എന്നിവ മാലിദ്വീപ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. ഇതിനു പുറമെ പ്ലാസ്റ്റിക്, തടി നിർമ്മിത വസ്തുക്കളും മാലിദ്വീപ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്.
ഇതുകൂടാതെ, മാലിദ്വീപിന് ഇന്ത്യ നിരവധി പ്രധാന സാമ്പത്തിക ഗ്രാന്റുകളും നൽകിയിട്ടുണ്ട്, അതിൽ മാലെയിലെ ഹുക്കുരു മിസ്കി നവീകരണം, ഹൈ ഇംപാക്റ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റുകൾ, മറ്റ് ഉഭയകക്ഷി പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. നിസ്വാർത്ഥമായി വായ്പ നൽകിക്കൊണ്ട് ഇന്ത്യ മാലിദ്വീപിനെ സഹായിക്കുകയായിരുന്നു എന്ന് വ്യക്തം. അതേസമയം മറുവശത്ത് ചൈനയും മാലിദ്വീപിൽ പദ്ധതികൾ തുടങ്ങിയിരുന്നു. എന്നാൽ വൻതുക വായ്പ നൽകി രാജ്യത്തെ കടക്കെണിയിൽ മുക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചൈനയുടെ ഭാഗത്തു നിന്നുഗമുണ്ടായത്.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനയോടാണ് ചായ്വെന്ന് പലതവണ വ്യക്തമായതാണ്. മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥ പിടിച്ചെടുക്കാൻ ചൈന പുതിയ നീക്കം നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2023-ൽ മാലിദ്വീപിലേക്ക് വരുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്ന് കുത്തനെ വർദ്ധനവുണ്ടായി. 2022ൽ മാലദ്വീപിൽ എത്തിയ വിനോദസഞ്ചാരികളിൽ ചൈനക്കാർ 27-ാം സ്ഥാനത്തായിരുന്നു, 2023ൽ അത് മൂന്നാം സ്ഥാനത്തെത്തുകയുണ്ടായി.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദമായത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.
മറുനാടന് ഡെസ്ക്