- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു; ചൈനാ അനുകൂലി എന്ന് അഭിമാനിക്കുന്ന മുയിസു അധികാരത്തിലേറുന്നതോടെ ദ്വീപിനെ വീണ്ടും കൈപ്പിടിയിൽ ഒതുക്കാമെന്ന് മോഹിച്ച് ചൈനയും
മാലി: മാലദ്വീപിൽ ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പിൽ ജേതാവായ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ആദ്യ പ്രഖ്യാപനം ദ്വീപിൽ നിന്ന് വിദേശ സൈനികരെ പുറത്താക്കും എന്നാണ്. വിദേശ സൈനികർ എന്നാൽ, ഇന്ത്യൻ സൈനികർ എന്നർഥം. കാരണം, ദ്വീപിൽ സൈനിക സാന്നിധ്യം ഉള്ളത് ഇന്ത്യക്ക് മാത്രമാണ്. 45 കാരനായ മുഹമ്മദ് മുയിസു തന്റെ ആദ്യത്തെ പൊതുജനറാലിയിലാണ് ഇന്ത്യയുടെ പേര് പറയാതെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചത്.
' ഞങ്ങൾ മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന വിദേശ സൈനികരെ നിയമാനുസൃതമായി മടക്കി അയയ്ക്കും', തലസ്ഥാനമായ മാലിയിൽ തിങ്കളാഴ്ച രാത്രി മുഹമ്മദ് മുയിസു പറഞ്ഞത് ഇങ്ങനെ. ' സൈനിക ശക്തികളെ കൊണ്ടുവന്നവർക്ക് അവരെ മടക്കി അയയ്ക്കണമെന്നില്ല, പക്ഷേ മാലദ്വീപിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു', അദ്ദേഹം പറഞ്ഞു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപിൽ അനിയന്ത്രിതമായ ഇന്ത്യൻ സാന്നിധ്യം അനുവദിച്ചുവെന്ന് ആരോപണം നേരിട്ടിരുന്നു. എന്നാൽ, മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം ഇരു സർക്കാരുകളും തമ്മിലുള്ള കരാർ പ്രകാരം കപ്പൽ നിർമ്മാണശാല നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു. ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54% വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.
ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മുൻഗാമിയായ അബ്ദുള്ള യമീനാകട്ടെ, മാലദ്വീപിനെ ചൈനയുടെ കേന്ദ്രമാക്കി മാറ്റിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ചൈനയിൽ നിന്ന് അദ്ദേഹം ധാരാളം വായ്പ എടുത്തിരുന്നു. അഴിമതിക്ക് ക്രിമിനൽ കേസ് വിചാരണ നേരിടുന്ന യമീന് കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് നേരിട്ടിരുന്നു. യമീന്റെ വിശ്വസ്തനാണ് മുഹമ്മദ് മുയിസു.
ജയിച്ച് മണിക്കൂറുകൾകം തന്നെ അതീവസുരക്ഷയുള്ള മാഫുഷി ജയിലിൽ 11 വർഷത്തെ തടവിൽ കഴിയുന്ന യമീനെ പുറത്തിറക്കി മാലിയിൽ വീട്ടുതടങ്കലിലാക്കി. നിലവിൽ മാലിയിലെ മേയർ കൂടിയാണ് മുയിസു. താൻ ചൈന അനുകൂലിയായിരിക്കും എന്ന മാധ്യമ വാർത്തകൾ അദ്ദേഹം തള്ളി. താൻ മാലദ്വീപ് അനുകൂലിയായിരിക്കും എന്ന് മുയിസു പറഞ്ഞു. മാലദ്വീപ് അനുകൂല നയത്തെ മാനിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ഏതു രാജ്യവും ഉറ്റ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിനു മേൽ ഏതു രാജ്യമാണ് കൂടുതൽ സ്വാധീനം ചെലുത്തുകയെന്നു തീരുമാനിക്കുന്ന ഘടകമായി ഈ തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു. ദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിനു ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.
മുയിസുവിനെ അഭിനന്ദിച്ച ആദ്യ നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മാലദ്വീപ്-ഇന്ത്യ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ചൈനയും മുയിസുവിനെ അഭിനന്ദിച്ചു. തന്റെ പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്നും ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന അദ്ധ്യായം രചിക്കുമെന്നും മുയിസു കഴിഞ്ഞ വർഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ