മാലെ : പുതിയ മാലദ്വീപ് ഭരണകൂടം തീരുമാനിച്ച് ഉറപ്പിച്ച് തന്നെയാണ് കാര്യങ്ങൾ മുന്നോട്ടുനീക്കുന്നത്. ചൈനയുടെ നിരീക്ഷണ കപ്പൽ അടുത്ത മാസമാദ്യം തലസ്ഥാനമായ മാലിയിൽ നങ്കൂരമിടുമെന്ന് മാലദ്വീപ് സർക്കാർ വ്യക്തമാക്കി. ഇന്ത്യൻ മഹാസമുദ്രത്തിൽ ചുറ്റിക്കറങ്ങുന്ന സിയാങ് യാങ് ഹോങ് 03 എന്ന കപ്പൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചാരക്കപ്പലാണ്.

മാലെയിൽ നങ്കുരമിടുമ്പോൾ നിരീക്ഷണത്തിനൊന്നും ചൈനീസ് കപ്പിൽ മുതിരില്ലെന്നാണ് മാലദ്വീപിന്റെ വാദം. നാവികരെ മാറ്റുന്നതടക്കമുള്ള കാര്യങ്ങൾക്കാണ് ആ സമയം കപ്പൽ ഉപോഗിക്കുക. തങ്ങൾ എല്ലായ്‌പ്പോഴും സൗഹൃദ രാജ്യങ്ങളുടെ കപ്പലുകളെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും സാധാനപരമായ ആവശ്യങ്ങൾക്ക് യാത്രാ, സൈനിക കപ്പലുകൾ തുറമുഖത്ത് നങ്കൂരമിടാറുണ്ടെന്നും മാലദ്വീപ് സർക്കാർ പറഞ്ഞു. ഇത്തരം സന്ദർശനങ്ങൾ മാലദ്വീപിന്റെയും പങ്കാളിത്ത രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുമെന്നും സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളെ സ്വാഗതം ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യം ഊട്ടിയുറപ്പിക്കുമെന്നും മാലദ്വീപ് സർക്കാർ പറഞ്ഞു.

സൗഹദ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ എന്ന പ്രയോഗം ഇന്ത്യയ്ക്ക് നേരേയുള്ള പ്രത്യക്ഷ ആക്രമണം തന്നെയായി കാണേണ്ടി വരും. ന്യൂഡൽഹിയിൽ നിന്ന് അകന്ന് ബീജിങ്ങിനോട് കൂട്ടുപിടിക്കുന്നതിന്റെ വ്യക്തമായ തെളിവും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഭൗമ രാഷ്ടീയ-സൈനിക രംഗത്തെ കാതലായ മാറ്റം കൂടിയാണ് ചൈനയോടുള്ള മാലദ്വീപിന്റെ കൂറുമാറ്റം.

4300 ടൺ ഭാരമുള്ള ചൈനീസ് ചാര കപ്പൽ ഗവേഷണ-നിരീക്ഷണ കപ്പൽ എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. വെള്ളത്തിന് അടിയിലെ ഭൂചലനങ്ങൾ അടക്കം പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും, ദുരന്തം ലഘൂകരിക്കാനും സഹായിക്കുന്ന ഡേറ്റ ശേഖരണമാണ് കപ്പൽ നടത്തുന്നതെന്ന് ചൈന പറയുന്നു. ഇത്തരത്തിലൂള്ള മാപ്പിങ് വഴി ഭാവിയിൽ അന്തർവാഹിനികളും, ഡ്രോണുകളും മറ്റും ഉപയോഗിച്ച് സമുദ്രത്തെ കൂടുതൽ തങ്ങളുടെ വരുതിയിലാക്കാൻ ചൈനയ്ക്ക് കഴിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ച് മൂന്ന് മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശത്തെ തുടർന്ന് സംഘർഷഭരിതമായിരിക്കുന്ന ഉഭയകക്ഷി ബന്ധത്തെ കൂടുതൽ വഷളാക്കുന്നതാണ് ചൈനീസ് ചാര കപ്പലിന് നങ്കൂരമിടാൻ അനുമതി നൽകിയ മാലദ്വീപ് സർക്കാർ തീരുമാനം. പ്രസിഡന്റ് മൊഹമ്മദ് മുയിസു ചൈനീസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയാണ് തീരുമാനം എന്നതും ശ്രദ്ധേയം.ഷി ജിൻ പിങ്ങുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പിട്ട ശേഷമാണ് മുയിസു മടങ്ങിയത്. മാലദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ അയയ്ക്കണമെന്ന് ചൈനയോട് മുയിസു ആവശ്യപ്പെട്ടത് തന്നെ ഇന്ത്യയെ ലാക്കാക്കിയുള്ളതാണ്. മാർച്ച് 15 നകം ഇന്ത്യൻ സൈനികർ മാലദ്വീപ് വിടണമെന്ന് കൂടി അന്ത്യശാസനം നൽകിയതോടെ മുയിസുവിന്റെ ചൈനീസ് പ്രേമത്തിൽ ആർക്കും സംശയമില്ലാതായിരിക്കുകയാണ്.