ബെർലിൻ: തെക്കുപടിഞ്ഞാറൻ ജർമ്മൻ നഗരമായ മാൻഹൈമിലെ സെൻട്രൽ സ്‌ക്വയറിൽ നടന്ന ജിഹാദി കത്തിയാക്രമണം ആസൂത്രിതമെന്ന് പൊലീസ്. അഫ്ഗാനിൽനിന്ന് ജർമ്മനിയിലെത്തിയ കുടിയേറ്റക്കാരനായ മുസ്ലിം യുവാവാണ് ആക്രമണം നടത്തിയത്. പരിക്കേറ്റവരിൽ പൊലീസ് ഓഫീസറും ഉൾപ്പെടുന്നു. അക്രമിയെ ഒടുവിൽ പൊലീസ് വെടിവച്ചു വീഴ്‌ത്തുകയായിരുന്നു.

മെയ് 31ന് പ്രാദേശിക സമയം രാവിലെ 11:30നാണ് ആക്രമണം നടന്നത്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർധിച്ചുവരുന്ന വ്യാപനവും സ്വാധീനവും മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്ന സംഘടനയായ പാക്‌സ് യൂറോപ്പ എന്ന ഗ്രൂപ്പ് മാൻഹൈമിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ആന്റി ഇസ്ലാം ആക്റ്റീവിസ്റ്റ് മൈക്കൽ സ്ട്രെൻബെർഗറും ഇതിൽ പങ്കെടുക്കാനെത്തിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റവരിൽ അദ്ദേഹം ഉൾപ്പെടുന്നുണ്ട്. ജർമ്മൻ തീവ്ര വലതുപക്ഷ പ്രവർത്തകനും ബ്ലോഗറുമായ മൈക്കൽ സ്ട്രെൻബെർഗർക്ക് നേരെത്തെ ഇസ്ലാമിസ്റ്റുകളിൽന്ന് ഭീഷണിയുണ്ടായിരുന്നു. നിരവധി വർഷങ്ങളായി ജർമ്മനിയിലെ പ്രമുഖ ഇസ്ലാം വിരുദ്ധ പ്രചാരകനാണ് സ്റ്റുവർസെൻബർഗർ.

ഇടപെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനും തലയുടെ പിൻഭാഗത്ത് നിരവധി തവണ കുത്തേറ്റിരുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ അക്രമിക്ക് നേരെ വെടിയുതിർക്കുകയും പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ജനിച്ച് ഹെസ്സെ സ്റ്റേറ്റിൽ താമസിച്ചിരുന്ന 25 കാരനായ സുലൈമാൻ എന്ന് സംശയിക്കുന്ന ഒരാളാണ് പ്രതിയെന്നാണ് പറയുന്നത്.

ആക്രമണത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫെയ്‌സർ പറഞ്ഞു. മാൻഹൈമിൽ നിന്നുള്ള ചിത്രങ്ങൾ ഭയങ്കരമാണെന്നും ജനാധിപത്യത്തിൽ അക്രമം അംഗീകരിക്കാനാവില്ലെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. യൂറോപ്യൻ യൂണിയൻ വ്യാപകമായ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആക്രമണം. ഇത് ഇസ്ലാമിക പ്രേരിതമാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ സാധ്യമായ ഇസ്ലാമിക ആക്രമണങ്ങൾക്കായി ജർമ്മനി അതീവ ജാഗ്രതയിലാണ്. അത്തരം ആക്രമണങ്ങളുടെ സാധ്യത വളരെ ഉയർന്നതാണെന്ന് രാജ്യത്തിന്റെ ഇന്റലിജൻസ് മേധാവിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാൻസലർ ഷോൾസിന്റെ പാർട്ടിയുടെ യൂറോപ്യൻ പാർലമെന്റ് നിയമനിർമ്മാതാവായ മത്തിയാസ് എക്കെയെ ഈ മാസം കിഴക്കൻ നഗരമായ ഡ്രെസ്ഡനിൽ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ പതിച്ചപ്പോൾ ഒരു കൂട്ടം യുവാക്കൾ ആക്രമിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം, മുൻ ബെർലിൻ മേയർ ഫ്രാൻസിസ്‌ക ഗിഫി തലസ്ഥാനത്തെ ഒരു ലൈബ്രറി സന്ദർശിച്ചപ്പോൾ തലയിലും കഴുത്തിലും ബാഗ് കൊണ്ട് അടിച്ച് മറ്റൊരു ആക്രമണവും നടന്നിരുന്നു. ഇതിനു പിന്നിലെല്ലാം ഇസ്ലാമിക തീവ്രവാദികളുടെ പങ്ക് സംശയിക്കയാണ്.

ഫ്രാൻസിന്റെ വഴിയെ ജർമ്മനിയും

കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഒരു ഡസനിലേറെ ചെറുതും വലുതുമായ ജിഹാദി ആക്രമണങ്ങൾക്കാണ്, ജർമ്മനി സാക്ഷിയായത്. 2021 ജൂൺ 6ന്
ജർമ്മനിയിൽ നടന്ന ജിഹാദി ആക്രമണത്തിൽ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തുകയും അഞ്ചുപേരെ പരിക്കേൽപിക്കുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു. ജർമ്മനിയിലെ വ്യുയേഴ്‌സ്‌ബെർഗിൽ 2015-ൽ കുടിയേറിയ 24കാരനായ ഒരു സൊമാലി ചെറുപ്പക്കാരനാണ് കൊല നടത്തിയത്. സിറ്റി സെന്ററിൽ വൈകുന്നേരമായിരുന്നു ആക്രമണം. പിന്നീട് പൊലീസ് അക്രമിയെ തുടയിൽ വെടിവെച്ച ശേഷം കീഴ്‌പ്പെടുത്തി.

അന്നത്തെ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവലതുപക്ഷ പാർട്ടിയായ എഎഫ്ഡി ഈ അക്രമത്തെ ഇസ്ലാമിനെതിരായ കാമ്പയിനായി മാറ്റിയിരുന്നു. കുടിയേറ്റത്തെ ശക്തമായി എതിർക്കുന്ന എഎഫ്ഡിയുടെ നേതാവ് ജ്യോർഗ് മ്യുതെൻ ഇത് ജിഹാദി ആക്രമണമാണെന്ന് തുറന്നടിച്ചിരുന്നു. യുവാവ് ഉറക്കെ അല്ലാഹു അക്‌ബർ വിളിച്ചിരുന്നുവെന്നാണ് അവരുടെ വാദം. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.

ഈ ആക്രമണത്തിന് തൊട്ടുമുമ്പാണ് ജർമ്മനിയിൽ ബുർഖ നിരോധിച്ചത്. കൂടിവരുന്ന ജിഹാദി ആക്രമണങ്ങളാണ് ജർമ്മൻ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിച്ചത്. ജർമ്മനിയിൽ മുഖം മറയ്ക്കുന്ന വസ്ത്രം വേണ്ടെന്ന് അന്നത്തെ ചാൻസലർ ആഞ്ചല മെർക്കെൽ തന്നെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 5വർഷത്തിനുള്ളിൽ 9 ലക്ഷം മുസ്ലിം കുടിയേറ്റക്കാർക്ക് ജർമ്മനിയിലേക്ക് വരാൻ അവസരമൊരുക്കിയ ആളാണ് ആഞ്ചല മെർക്കെൽ. എന്നാൽ അതോടെ ഇസ്ലാമിക തീവ്രവാദം ജർമ്മനിയിൽ വർധിക്കുകയായിരുന്നു. ഇത് തീവ്രവലതുപക്ഷം പ്രചാരണവിഷമാക്കിയതോടെയാണ് ആഞ്ചല മെർക്കെലിന്റെ ജനപ്രീതി ഇടിയുകയും തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തത്.

ഇപ്പോൾ വീണ്ടും വീണ്ടും ജിഹാദി ആക്രമണങ്ങൾ വർധിച്ചതോടെ ഫ്രാൻസിന്റെ വഴിയിലേക്കാണ് ജർമ്മനിയെന്നാണ് ആരോപണം. ഇപ്പോൾ ഫ്രാൻസ് ഇസ്ലാമിസ്റ്റുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ്. പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തുന്ന, പൊളിറ്റിക്കൽ ഇസ്ലാമിന്റെ രീതിയാണ് ഇവിടെ ആവർത്തിക്കുന്നതെന്നാണ് വലതുപക്ഷ പാർട്ടികൾ പറയുന്നത്. കാരണം കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പത്തുലക്ഷം മുസ്ലീങ്ങളെ സ്വീകരിച്ച രാജ്യമാണ് ജർമ്മനി. ഇസ്ലാമിക രാജ്യങ്ങൾപോലും മടിച്ചു നിൽക്കുമ്പോൾ, സിറിയയിൽനിന്നും, അഫ്ഗാനിൽനിന്നും വരുന്ന അഭയാർത്ഥികളെ ആ രാജ്യം സ്വീകരിച്ചു. പക്ഷേ അതിന്റെ അനന്തരഫലങ്ങളും ഇപ്പോൾ ആ രാജ്യം അനുഭവിക്കയാണെന്നാണ് വലതുപക്ഷ പാർട്ടികൾ പറയുന്നത്.