ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഓസ്‌ട്രേലിയന്‍ മാധ്യമമായ ഓസ്‌ട്രേലിയ ടുഡേക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടിയെ അപലപിച്ച് ഇന്ത്യ.

അഭിപ്രായ സ്വാതന്ത്ര്യത്തോട് കാനഡ കാട്ടുന്ന കാപട്യം എന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. ഇന്ത്യ വിരുദ്ധ ശക്തികള്‍ക്ക് കാനഡയില്‍ രാഷ്ട്രീയ ഇടം നല്‍കുന്നതിനെയും ജയ്ശങ്കര്‍ വിമര്‍ശിച്ചു. ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേരേ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം കാനഡയുടെ നടപടി അപലപിച്ചത്.

ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് 'ഓസ്ട്രേലിയ ടുഡേ' എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്.

' ഓസ്ട്രേലിയ ടുഡേ'യുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്ശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു.

വാര്‍ത്താസമ്മേളനത്തിന്റെ വിശദാംശങ്ങളും ജയ്ശങ്കറിന്റെ അഭിമുഖവും റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ 'ഓസ്ട്രേലിയ ടുഡേ' നിരോധിക്കപ്പെട്ടതായി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വിശകലനത്തിലായിരുന്നു രണ്‍ധീറിന്റെ പരാമര്‍ശം. മാധ്യമസ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിത് എന്ന് ഇന്ത്യ അപലപിച്ചു.