- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലാലാബാദില്‍ പാക്കിസ്ഥാന്‍ യുദ്ധവിമാനം വെടിവെച്ചിട്ടു; പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാന്‍ സൈന്യം; നിഷേധിച്ച് പാകിസ്ഥാന്‍; പ്രകോപനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് അത്തൗല്ല തരാര്‍

ഇസ്ലാമാബാദ്: ദക്ഷിണേഷ്യന്‍ മേഖലയെ ആശങ്കയിലാഴ്ത്തി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ തുടരുന്നു. ജലാലാബാദ് നഗരത്തിന് മുകളില്‍ പറന്ന പാക്കിസ്ഥാന്‍ യുദ്ധവിമാനം തങ്ങള്‍ വെടിവെച്ചിട്ടതായും പൈലറ്റിനെ ജീവനോടെ പിടികൂടിയതായും അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടു. ഇതോടെ മാസങ്ങളായി പുകയുന്ന അതിര്‍ത്തി തര്‍ക്കം ശക്തമായ സൈനിക നീക്കങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്.
ജലാലാബാദ് നഗരത്തിന് മുകളില്‍ വെച്ച് പാക് ജെറ്റ് തകര്‍ത്തതായാണ് അഫ്ഗാന്‍ നല്‍കുന്ന വിവരം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി താഴേക്ക് ചാടുന്നത് കണ്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ അവകാശവാദങ്ങളെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പാടെ തള്ളി. തങ്ങളുടെ വിമാനം തകര്‍ന്നിട്ടില്ലെന്നും അഫ്ഗാന്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ഇസ്ലാമാബാദിന്റെ നിലപാട്. അഫ്ഗാന്‍ പ്രകോപനങ്ങള്‍ക്ക് അതിശക്തമായ മറുപടിയാണ് നല്‍കുന്നതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് അഫ്ഗാന്‍ ഭാഗത്തുണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ ആക്രമണങ്ങളില്‍ 72 അഫ്ഗാന്‍ താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയും 120 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. 16 താലിബാന്‍ പോസ്റ്റുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ഏഴ് എണ്ണം പിടിച്ചെടുത്തുവെന്നും ഒരു വലിയ വെടിമരുന്ന് ഡിപ്പോ, 36 ലധികം ടാങ്കുകള്‍, പീരങ്കി തോക്കുകള്‍, കവചിത പേഴ്സണല്‍ കാരിയറുകള്‍ എന്നിവ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
സായുധ സേന ഗംഭീരമായ മറുപടി നല്‍കുന്നുണ്ടെന്നും ആഭ്യന്തര രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തതായും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്‍ സാധ്യമാകുന്നിടത്തെല്ലാം അയല്‍ക്കാരുമായി സമാധാനം തേടുമെന്നും എന്നാല്‍ ഭീഷണികളെ നേരിടാന്‍ മടിക്കില്ലെന്നും പി.ടി.ഐ ചെയര്‍മാന്‍ ബാരിസ്റ്റര്‍ ഗോഹര്‍ ഖാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ നീക്കങ്ങള്‍ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് പടരുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.


