വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകാന്‍ പോകുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ എമ്പാടും ഉയരുന്നത്. തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം മിഷേല്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാഖ് ഒബാമ പങ്കെടുക്കുമെന്നും മിഷേല്‍ പങ്കെടുക്കുകയില്ലെന്നും കഴിഞ്ഞ ദിവസമാണ് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചത്.

ഈ മാസം ഒമ്പതിന് നടന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് പല സമൂഹ മാധ്യമങ്ങളിലൂടെ ഈ താരദമ്പതികള്‍ വേര്‍പിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചത്. സമൂഹ മാധ്യമമായ എക്സില്‍ നിരവധി പേരാണ് ഒബാമ ദമ്പതികള്‍ പിരിയുകയാണ് എന്ന വാര്‍ത്ത പങ്ക് വെച്ചത്. ഒരാള്‍ എക്സില്‍ കുറിച്ചത് ഒബാമ ദമ്പതികള്‍ ഈ വര്‍ഷം പിരിയുകയില്ല എന്നാണ് വിശ്വാസം എങ്കിലും ഇവര്‍ അധികകാലം ഇനി ഒരുമിച്ച്

താമസിക്കുകയില്ല എന്നാണ്.

എന്നാല്‍ ഒബാമ ദമ്പതികള്‍ പിരിയുകയാണെന്ന വാര്‍ത്ത പലരും തള്ളിക്കളയുകയാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ള

വ്യക്തിയാണ് മിഷേല്‍ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. എപ്പോഴും ഭര്‍ത്താവിന്റെ നിഴലായി നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല അതു കൊണ്ടാണ് മിഷേല്‍ ജിമ്മി കാര്‍ട്ടറുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് ഈ വാദഗതി ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ജിമ്മികാര്‍ട്ടറുടെ സംസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച് തങ്ങള്‍ പിരിയുകയാണെന്ന് നാട്ടുകാരെ അറിയിക്കാനും വേണ്ടി ബുദ്ധിയില്ലാത്ത വ്യക്തിയല്ല മിഷേല്‍ എന്നാണ് അവര്‍ പറയുന്നത്.

കൂടാതെ മിഷേലിന്റ അമ്മ ഈയിടെയാണ് മരിച്ചതെന്നും അവര്‍ ആ ദുഖത്തില്‍ നിന്ന് ഇനിയും കരകയറിട്ടില്ല എന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. 1989 ല്‍ ചിക്കാഗോയിലെ ഒരു അഭിഭാഷക സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഒബാമയും മിഷേലും കണ്ടുമുട്ടുന്നത്. 1992 ലായിരുന്നു ഇവര്‍ വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. കുട്ടികള്‍ ജനിച്ചതിന് ശേഷം ഒബാമ പലപ്പോഴും വൈകിയെത്തുന്ന കാര്യത്തില്‍ ദമ്പതികള്‍ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു എന്ന് അവര്‍ തന്നെ നേരത്തേ പലപ്പോഴും സമ്മതിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇരുവരും ഇപ്പോഴും മികച്ച ബന്ധം തന്നെയാണ് തുടരുന്നതെന്നാണ് കരുതപ്പെടുന്നത്.

പ്രത്യേകിച്ച് ഒബാമ പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിഞ്ഞതിന് ശേഷം അദ്ദേഹത്തിന് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കിട്ടുന്നു എന്നതും അവരുടെ കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിപ്പിച്ചു എന്നാണ് മിഷേലും ഒബാമയും പറയാറുള്ളതും.