- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും ഉടൻ പുനഃസ്ഥാപിക്കണം; സംഘർഷാവസ്ഥ ഒഴിവാക്കണം; ഫലസ്തീൻ വിഷയത്തിൽ ഇറാൻ പ്രസിന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി; വെടിനിർത്തലില്ലാതെ ആന്റണി ബ്ലിങ്കൻ മടങ്ങിയെങ്കിലും സമാധാന ചർച്ചകളിൽ ലോക നേതാക്കൾ
ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് സംഘർഷം അയവില്ലാതെ തുടരുമ്പോൾ ഇന്ത്യയ്ക്കും സമാധാനവഴിയിൽ നിർണായക നിലപാട് സ്വീകരിക്കാൻ കഴിയുമോ? അത്തരത്തിലാണ് ലോക നേതാക്കൾ നിരീക്ഷിക്കുന്നത്. ഇതിനിടെ ഗസ്സയിൽ ആയിരങ്ങൾ മരിച്ചുവീഴുന്ന സാഹചര്യത്തിൽ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയും ചർച്ച നടത്തി.
സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സംഘർഷാവസ്ഥ ഒഴിവാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മാനുഷിക സഹായം ലഭ്യമാക്കുന്നത് തുടരണമെന്ന് ടെലഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ഊന്നിപ്പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിലെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഭീകര സംഭവങ്ങളിലും ആക്രമണങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും മോദി ആശങ്ക പ്രകടിപ്പിച്ചു. ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ ദീർഘകാലമായി തുടരുന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ബഹുമുഖ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്തു. പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാനിലെ ചാബഹാർ തുറമുഖത്തിന് നൽകിയ ശ്രദ്ധയും മുൻഗണനയും മോദിയും റഈസിയും സ്വാഗതം ചെയ്തു.
അതിനിടെ, ഇസ്രയേൽ യുദ്ധത്തിൽ മരണസംഖ്യ 10,000 കവിഞ്ഞു. ഇന്നത്തെ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുൾപ്പെടെ 10,022 പേർ വീരമൃത്യു വരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളാണ്. 2,641 പേർ സ്ത്രീകളും. ഒക്ടോബർ 7 മുതൽ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി.
ഇതിനിടെ ഗസ്സക്കുമേൽ ഇസ്രയേൽ ചൊരിയുന്ന മഹാനാശം അവസാനിപ്പിക്കുന്നതിൽ തെല്ലും നീക്കുപോക്കില്ലാതെ പശ്ചിമേഷ്യയിൽ മൂന്നാം തവണയും പര്യടനം അവസാനിപ്പിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ മടങ്ങി. ഇസ്രയേൽ, ജോർഡൻ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, സൈപ്രസ്, ഇറാഖ് എന്നിവിടങ്ങളിലും അവസാനം തുർക്കിയയിലുമെത്തിയാണ് ബ്ലിങ്കന്റെ മടക്കം.
ഗസ്സ പട്ടണം വളഞ്ഞ് ഹമാസുമായി നേരിട്ടുള്ള പോരാട്ടത്തിന് ഇസ്രയേൽ കരസേന തയ്യാറെടുക്കുന്നതിനിടെയാണ് പ്രത്യേകിച്ചൊന്നും നേടാനാകാതെ പര്യടനം പൂർത്തിയാകുന്നത്. സിവിലിയന്മാർക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടവേളകൾ വേണമെന്നും അതിനായി ഇസ്രയേലുമായി ചർച്ചയിലാണെന്നും തുർക്കിയയിൽ നിന്ന് മടങ്ങും മുമ്പ് ബ്ലിങ്കൻ പറഞ്ഞു. പ്രസിഡന്റ് ഉർദുഗാനു പകരം തുർക്കി പ്രധാനമന്ത്രി ഹകൻ ഫിദനുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഈ സമയം, തുർക്കിയ വിദേശകാര്യ മന്ത്രാലയത്തിനു മുന്നിൽ ഫലസ്തീൻ പതാകകളുമേന്തി വൻ ജനക്കൂട്ടം പ്രകടനം നടത്തി. ദക്ഷിണ തുർക്കിയയിലെ അമേരിക്കൻ വ്യോമതാവളത്തിൽ കടന്നുകയറാനും ജനം ശ്രമിച്ചത് സംഘർഷമുണ്ടാക്കി. മേഖലയിൽ ഇസ്രയേലൊഴികെ ബ്ലിങ്കനുമായി സംസാരിച്ച എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികൾ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടെങ്കിലും ബ്ലിങ്കൻ വഴങ്ങിയില്ല.
മറുനാടന് ഡെസ്ക്