- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു ഇമ്മാനുവൽ മാക്രോൺ; നെൽസൻ മണ്ടേലയ്ക്കും ആംഗലെ മെർക്കലിനും ലഭിച്ച പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാകും
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി. ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോദിക്ക് ഫ്രാൻസിലെ സിവിലിയൻ സൈനിക ബഹുമതികളിൽ ഏറ്റവും ഉന്നതമായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണറാണ് സമ്മാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് മോദിക്ക് ബഹുമതി നൽകിയത്.
പാരീസിലെ എലിസി കൊട്ടാരത്തിൽ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് മോദി ഫ്രാൻസിൽ എത്തിയത്. ബഹുമതിക്ക് ഇന്ത്യൻ ജനതയുടെ പേരിൽ മാക്രോണിന് നരേന്ദ്ര മോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ബൗട്രസ് ഘാലി തുടങ്ങിയവരെ നേരത്തേ ഈ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദർശനത്തിനെത്തുന്നവർക്ക് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിക്കാറുണ്ട്.
ഫ്രാൻസിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങൾ നൽകുക, അല്ലെങ്കിൽ മനുഷ്യാവകാശങ്ങൾ, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ വ്യക്തികളെ ഫ്രാൻസിന്റെ പരമോന്നത ബഹുമതിക്ക് അർഹമാക്കുന്ന മറ്റു മാനദണ്ഡങ്ങൾ.
'ഇന്തോഫ്രഞ്ച് പങ്കാളിത്തത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഊഷ്മളമായ അടയാളം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു' വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വിവിധമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സന്ദർശനത്തിലൂടെ കഴിയുമെന്ന് പാരീസിലെത്തിയശേഷം മോദി ട്വീറ്റുചെയ്തു. തന്ത്രപ്രധാനമേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്രപങ്കാളിത്തത്തിന്റെ 25ാം വാർഷികവേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കം ചർച്ചയാകും. ചർച്ചയ്ക്കുശേഷം പ്രതിരോധരംഗത്തേതുൾപ്പെടെ സുപ്രധാനകരാറുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന ഫ്രാൻസിന്റെ ദേശീയദിനാഘോഷത്തിൽ (ബാസ്റ്റീൽ ദിനം) മോദിയാണ് മുഖ്യാതിഥി. കര, വ്യോമ, നാവിക സേനകളിൽനിന്നായുള്ള ഇന്ത്യയുടെ 269 അംഗ സൈനികയൂണിറ്റ് ദേശീയദിനപരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് യുദ്ധവിമാനങ്ങൾക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റഫാൽ യുദ്ധവിമാനങ്ങളും ആകാശത്ത് അണിനിരക്കും.
ഇതിനിടെ, ഫ്രാൻസിൽനിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങളും സ്‌കോർപീൻ ക്ലാസ് മുങ്ങിക്കപ്പലുകളും വാങ്ങാനുള്ള നിർദേശത്തിന് കേന്ദ്രസർക്കാർ ഇന്നലെ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ ഇന്ന് പ്രഖ്യാപിക്കും. കരാറൊപ്പിട്ട് മൂന്നുവർഷത്തിനുള്ളിൽ റഫാൽവിമാനം ഫ്രാൻസിൽനിന്ന് ഇന്ത്യക്ക് ലഭിച്ചുതുടങ്ങും. 26 റഫാൽ ജെറ്റുകളിൽ നാലെണ്ണം പരിശീലനത്തിനായിരിക്കും.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ്. വിക്രാന്ത് വിമാനവാഹിനിക്കപ്പലിൽ വിന്യസിക്കാനാണ് പ്രധാനമായും റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ റഷ്യൻ നിർമ്മിത മിഗ്29 കെ വിമാനങ്ങളാണ് നാവികസേന ഉപയോഗിച്ചുവരുന്നത്. ഫ്രാൻസുമായി 90,000 കോടി രൂപയുടെ പ്രതിരോധക്കരാറാണ് ഒരുങ്ങിയതെന്നാണ് റിപ്പോർട്ട്.
മറുനാടന് ഡെസ്ക്