- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനശ്രമങ്ങളിൽ പങ്കാളിയാകാൻ മോദിയെ ക്ഷണിച്ചു സെലൻസ്‌കി; നയതന്ത്ര മാർഗങ്ങളിലൂടെ തർക്കം പരിഹരിക്കണമെന്ന നിലപാട് ആവർത്തിച്ച് മോദിയും; ജി 7 ഉച്ചകോടിയിൽ യുക്രൈൻ ചർച്ചാ വിഷയം ആകുമ്പോഴും യുദ്ധം കൊടുമ്പിരി കൊള്ളുന്നു; ബാക്മൂത് പിടിച്ചടക്കിയെന്ന് റഷ്യൻ അവകാശവാദം
മോസ്‌കോ: ജി 7 ഉച്ചകോടിയിൽ സെലൻസ്‌കി താരമാണ്. ഇന്ത്യയെ അടക്കം സമാധാന ശ്രമങ്ങളിൽ പങ്കാളികളാകാൻ ക്ഷണിച്ച് സെലൻസ്‌കി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചചയിലാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. സമാധാനശ്രമങ്ങളിൽ പങ്കാളിയാകാൻ സെലെൻസ്‌കി ഇന്ത്യയെ ക്ഷണിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം ആദ്യമായാണ് മോദിയും സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തുന്നത്.
നയതന്ത്ര മാർഗങ്ങളിലൂടെ തർക്കം പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും മോദി ആവർത്തിച്ചു. യുക്രെയ്‌നിനുള്ള മാനുഷിക സഹായങ്ങൾ തുടരും. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു.
അതേസമയം ജി 7 ഉച്ചകോടിയിൽ സെലൻസ്‌കി പങ്കെടുക്കവേ യുക്രെയ്ൻ നഗരമായ ബാക്മൂത് പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നു. യുക്രെയ്‌നിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ബാക്മൂത്. നഗരത്തിനായി റഷ്യയും യുക്രെയ്‌നും വലിയ പോരാട്ടമാണ് നടത്തിയത്. 15 മാസത്തോളമായി നഗരം പിടിച്ചെടുക്കാൻ റഷ്യ രൂക്ഷമായ പോരാട്ടമാണ് നടത്തിയത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ബാക്മൂത് പൂർണമായും കീഴടങ്ങിയെന്ന് റഷ്യൻ പാരമിലിറ്ററി സംഘം വാങ്ർ ഗ്രൂപ്പിന്റെ തലവൻ യെഗ്‌നേ പ്രിഗോഷിൻപറഞ്ഞു. നഗരത്തിൽ റഷ്യൻ പതാകകൾ ഉയർത്തുന്ന സൈനികരുടെ വിഡിയോയയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ബാക്മൂത് കീഴടക്കിയ സൈനികരെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡമീർ പുടിൻ രംഗത്തെത്തി. ദൗത്യത്തി?ൽ പ?ങ്കെടുത്ത സൈനികർക്ക് പാരിതോഷികം നൽകുമെന്ന പുടിൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, റഷ്യൻ അവകാശവാദം പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് യുക്രെയ്‌നും രംഗത്തെത്തി. ബാക്മൂത് നഗരം വളരെ പ്രധാനപ്പെട്ടതാണെന്നും നഗരത്തിൽ യുക്രെയ്ൻ പ്രതിരോധം തുടരുകയാണെന്നും സൈനിക വക്താവ് സെർഷി പറഞ്ഞു. നഗരം പിടിച്ചടക്കിയെന്ന റഷ്യൻ അവകാശവാദം അദ്ദേഹം നിഷേധിച്ചു.
അതേസമയം ജി 7 ഉച്ചകോടിയിൽ വിവിധ രാഷ്ട്രതലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി മോദി ചർച്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, വിയറ്റ്‌നാം പ്രസിഡന്റ് ഫാം മിൻ ചിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോൾ എന്നിവരുമായി മോദി ചർച്ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഭക്ഷ്യസുരക്ഷ, ആധുനിക കൃഷിരീതികൾ, വളം ലഭ്യത, സാങ്കേതികവിദ്യാ സഹകരണം തുടങ്ങിയ മേഖലകളിൽ ലോകരാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം വേണമെന്നു ജി7 യോഗത്തിലെ ആമുഖ ചർച്ചയിൽ മോദി പറഞ്ഞു. ചെറുധാന്യങ്ങൾക്കു കൂടുതൽ പ്രാധാന്യം, സുതാര്യമായ വളംവിതരണം, വളത്തിനു പകരമുള്ള മാർഗങ്ങൾ കണ്ടെത്തൽ തുടങ്ങിയ 10 നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
ആണവായുധ നിരോധനത്തിനു മുൻതൂക്കം നൽകണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഹിരോഷിമയിൽ മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ മോദി അനാവരണം ചെയ്തു. പത്മഭൂഷൺ ജേതാവ് റാം വി.സുതർ നിർമ്മിച്ച 42 ഇഞ്ച് പ്രതിമയാണ് മോടോയാസു നദിക്കരയിൽ ആണവാക്രമണ സ്മാരകത്തിനു സമീപം സ്ഥാപിച്ചത്.
അദ്ദേഹം ഇന്ന് പാപുവ ന്യൂഗിനിയിലേക്കു പോകും. ജി7 യോഗത്തിൽ ജോ ബൈഡൻ ആണവ നിരായുധീകരണത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സംഭാവനകൾ മോദി അനുസ്മരിക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേഷ് കുറ്റപ്പെടുത്തി.
മറുനാടന് ഡെസ്ക്