ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം നിരപരാധികളുടെ ജീവനെടുമ്പോൾ അതിനെ ശക്തമായി അപലപിച്ചു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷത്തിൽ സംയമനം പാലിക്കാനും ചർച്ചയിലൂടെയും നയതന്ത്ര തലത്തിലും ഊന്നൽ നൽകി പ്രശ്നപരിഹാരത്തിന് ശ്രമിക്കാനും മോദി ആവശ്യപ്പെട്ടു. ഭീകരതയ്ക്കും സംഘർഷത്തിനും എതിരാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെർച്വൽ വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ നടന്നത് ക്രൂരമായ ഭീകരാക്രമണമാണ്. അതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അതിന്റെ പേരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ദുഃഖകരമാണ്. അതിനെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംയമനം പാലിക്കുകയും ചർച്ചകൾക്ക് മുൻഗണന നൽകുകയുമാണ് സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാന ശിലകളാകേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ നിന്ന് പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. ലോക നന്മയ്ക്കായി ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ ഒരേ സ്വരത്തിൽ സംസാരിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ മാറുന്ന ലോകത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും സവിശേഷമായ പ്ലാറ്റ്‌ഫോമാണ് വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത്. കൂടിയാലോചന, ആശയവിനിമയം, സഹകരണം, സർഗ്ഗാത്മകത, ശേഷി വർധിപ്പിക്കൽ എന്നീ 'അഞ്ച് സി'കളുടെ ചട്ടക്കൂടിന് കീഴിലുള്ള സഹകരണത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ ശ്രമഫലമായി ജി 20 യിൽ ആഫ്രിക്കൻ യൂണിയനെ സ്ഥിരാംഗമായി ഉൾപ്പെടുത്തിയ ചരിത്രനിമിഷം മറക്കാൻ പറ്റാത്ത അനുഭവമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

നേരത്തെ യുദ്ധത്തിന് പിന്നാലെ ഫലസ്തീൻ മേഖലയിലേക്കുള്ള ഇസ്രയേൽ കുടിയേറ്റത്തെ അപലപിച്ച് യുഎൻ പ്രമയേത്തെ ഇന്ത്യ അനുകൂലിച്ചു വോട്ടു ചെയ്തിരുന്നു. കിഴക്കൻ ജറുസലം ഉൾപ്പെടെ അധിനിവേശ ഫലസ്തീനിലേക്കും അധിനിവേശ സിറിയൻ ഗൊലാനിലേക്കുമുള്ള ഇസ്രയേലിന്റെ കുടിയേറ്റത്തെ എതിർത്താണ് യുഎൻ വ്യാഴാഴ്ച പ്രമേയം അവതരിപ്പിച്ചതും വോട്ടിനിട്ടതും. 145 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഏഴ് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇസ്രയേൽ, അമേരിക്ക, കാനഡ, ഹംഗറി, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് യു എൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. നവംബർ 9 ന് കരട് പ്രമേയം അംഗീകരിച്ചു.

നേരത്തെ ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതിനാൽ, ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ യു എൻ ജനറൽ അസംബ്ലിയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ഇസ്രയേലിന് പ്രതികൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്.