റോം: ലോക നേതാക്കളെ ഞെട്ടിച്ച് ജി 7 രാജ്യ കൂട്ടായ്മയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാർപ്പാപ്പയുടെ സൗഹൃദം പങ്കിടൽ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ലോക നേതാക്കളോട് കാട്ടാത്ത അടുപ്പമാണ് മോദിയുമായി മാർപ്പാപ്പ പ്രകടിപ്പിച്ചത്. ജി7 വേദിയിൽ നിർമ്മിത ബുദ്ധി, ഊർജ്ജം, ആഫ്രിക്ക-മെഡിറ്ററേറനിയൻ എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച. ഈ വേദിയിലേക്ക് എത്തിയ മാർപ്പാപ്പ ഓരോ നേതാക്കളേയും പ്രത്യേകം പരിചയപ്പെട്ടു. ഇവരോടെല്ലാം സാധാരണ നിലയിൽ ആശയ വിനിമയെ നടത്തിയ പോപ്പ്, ഇന്ത്യൻ പ്രധാനമന്ത്രിയെ കണ്ടതും ആശ്ചര്യത്തോടെ കൈകൾ ഉയർത്തി. വേഗത്തിൽ പോപ്പിന് അടുത്തെത്തിയ പ്രധാനമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. മോദിയെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യാൻ പോപ്പും മറന്നില്ല. മറ്റ് ലോക നേതാക്കളോട് കാട്ടാത്ത ഒരടുപ്പം മോദിയോട് പോപ്പ് കാട്ടിയെന്നതാണ് വസ്തുത.

നിർമ്മിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തത്. ജി7 രാജ്യ തലവന്മാരും ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നേതാക്കളും പോപ്പിന്റെ നിലപാടുകൾ ശ്രദ്ധയോടെ കേട്ടു. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല. ആ പതിവാണ് പോപ്പ് തെറ്റിച്ചത്. കത്തോലിക്കാ സഭയുടെ പതിവ് രീതികൾക്ക് വ്യത്യസ്തമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം. ഈ വേദിയിലെ ഏറ്റവും ശ്രദ്ധേയ കൂടിക്കാഴ്ചയായി മോദിയും പോപ്പും തമ്മിലെ സൗഹൃദം പുതുക്കൽ മാറുകയും ചെയ്തു. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്‌സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.

ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും എന്ന് റിപ്പോർട്ടുണ്ട്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 1999ലാണ് അവസാനമായി മാർപ്പാപ്പ ഇന്ത്യയിലെത്തിയത്. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയാണ് അന്ന് ഇന്ത്യ സന്ദർശിച്ചിരുന്നത്. ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ വർഷം തന്നെ പോപ്പ് വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രി മോദി നേരിട്ട് പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്കിടേയും പോപ്പിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്തുവെന്നാണ് റിപ്പോർട്ട്. ജി 7 വേദിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടാണ് പോപ്പ് വിശദമായി സംസാരിച്ചിരുന്നു്. എന്നാൽ ഉഷ്മളമായ സൗഹൃദം കൈമാറൽ നടന്നത് ഇന്ത്യൻ പ്രധാനമന്ത്രിയുമായിട്ടായിരുന്നു. സംഭാഷണവും കുറച്ചു സമയം നീണ്ടു.

മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത് ഇത് അഞ്ചാം തവണയാണ്. ജി-7 ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്‌കി എന്നിവരുമായി മോദി ചർച്ച നടത്തി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി പ്രതികരിച്ചു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കും. പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥ, നിർമ്മിതബുദ്ധി, കായികം തുടങ്ങിയ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കാനും ഇരുവരും തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ. പാരീസ് ഒളിമ്പിക്സിനും മോദി ആശംസ അറിയിച്ചു.

പ്രതിരോധം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിഭാവനം ചെയ്യുന്ന റോഡ്മാപ്പ് 2030 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ചർച്ച ചെയ്തു. ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്ത് കൂടതൽ ശക്തിപ്പെടുത്തുമെന്ന് മോദി എക്‌സിൽ കുറിച്ചു. സെമികണ്ടക്ടർ, വ്യാപാരം, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ഇറ്റലി, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യു.എസ്. എന്നിവയുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയന്റെ സാരഥികളുമാണ് രണ്ടുദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ, ബ്രസീൽ, തുർക്കി, അൾജീരിയ, കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ആതിഥേയരായ ഇറ്റലി ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.