ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം നടന്നതിനു പിന്നാലെയാണ് മോദിയും പുട്ടിനും ചർച്ച നടത്തിയത്. സൈനിക അട്ടിമറി നീക്കവുമായി ബന്ധപ്പെട്ട് റഷ്യൻ ഭരണകൂടം കൈക്കൊണ്ട നടപടികളിൽ മോദി പിന്തുണ അറിയിച്ചതായി റഷ്യ വ്യക്തമാക്കി. കൂടാതെ യുക്രൈൻ യുദ്ധവും ചർച്ചയായി.

ഇന്ത്യയുടെ ഭാഗത്തുനിന്ന് മുൻകൈയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും പ്രധാനമന്ത്രി മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ജൂൺ 24-ന് റഷ്യയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട്, ക്രമസമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്ത് സ്ഥിരത ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള റഷ്യൻ നേതൃത്വത്തിന്റെ നിർണായക നടപടികൾക്ക് പ്രധാനമന്ത്രി മോദി പിന്തുണ അറിയിച്ചു.- റഷ്യ വ്യക്തമാക്കി.

നേരത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയുടെ ബിഗ് ഫ്രണ്ട് എന്ന് വിശേഷിപ്പിച്ച് പുടിൻ രംഗത്തുവന്നിരുന്നു. വ്യാഴാഴ്ച മോസ്‌കോയിൽ റഷ്യയുടെ സ്ട്രാറ്റജിക് ഇനീഷ്യേറ്റീവ് ഏജൻസി സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.

''ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളും നമ്മുടെ വലിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് വർഷങ്ങൾക്കു മുൻപ് മേക് ഇൻ ഇന്ത്യയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയെ അതു നല്ല രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം അതു നമ്മളല്ല, നമ്മുടെ സുഹൃത്തുക്കൾ രൂപകൽപ്പന ചെയ്തതാണെങ്കിൽ കൂടി അനുകരിക്കുന്നതിൽ തെറ്റില്ല പുടിൻ പറഞ്ഞു.

റഷ്യൻ കമ്പനികൾക്ക് അവസരങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പുടിൻ ഇന്ത്യയെ എടുത്തു പറഞ്ഞത്. പ്രാദേശിക നിർമ്മാണപ്രവർത്തനങ്ങൾ വർധിപ്പിച്ച് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ നേതൃത്വം മികച്ച മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നതെന്നും പുടിൻ കൂട്ടിച്ചേർത്തു.റഷ്യയുടെ കൂലിപ്പട്ടാളമായിരുന്ന വാഗ്‌നർ ഗ്രൂപ്പ് പരസ്യമായി റഷ്യൻ സൈന്യത്തെ വെല്ലുവിളിച്ചതിനു ശേഷം പുടിൻ ഇതാദ്യമായാണ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രിഗോഷിന്റെ നേതൃത്വത്തിൽ നടന്ന അട്ടിമറി നീക്കം വലിയ വാർത്തയായിരുന്നു. തലസ്ഥാനമായ മോസ്‌കോയ്ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ വാഗ്‌നർ പട്ടാളം റഷ്യൻ ഭരണകൂടത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോവ് നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സൈനിക നീക്കം അവസാനിപ്പിക്കാൻ വാഗ്‌നർ മേധാവി യെവ്ഗെനി പ്രിഗോഷിൻ തീരുമാനിച്ചത്.