- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ചരിത്രപ്രധാന പ്രതിരോധ കരാർ; മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പുത്തനൂർജ്ജം നൽകി പോർവിമാന എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ജനറൽ ഇലക്ട്രിക്ക്; എച്ച്എഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു; എച്ച്1 ബി വിസ നിയമങ്ങളിലും ഇളവുകൾ വന്നേക്കും; പുതിയ കോൺസുലേറ്റുകൾ തുറക്കും
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം, മെഗാ ഇന്ത്യ-യുഎസ് കരാറുകൾ. പ്രതിരോധ മേഖലയിലെ സഹകരണവും. ബഹിരാകാശ പര്യടനവും, വിസ നിയമത്തിലെ ഇളവുകളും അടക്കം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ കുതിപ്പുണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ.
മോദി സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജ്ജം നൽകുന്നതിന് വഴിയൊരുക്കി ജനറൽ ഇലക്ട്രിക്കിന്റെ എയ്‌റോ സ്‌പേസ് വിഭാഗം, ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി( എച്എഎൽ) സഹകരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി പോർ വിമാന ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നാണ് ജിഇ എയ്‌റോസ്‌പേസും എച്എഎല്ലും തമ്മിലുള്ള ധാരണാപത്രം.
എച്ച് വൺബി വിസ പ്രക്രിയയിലെ മാറ്റങ്ങളും ഇരുരാജ്യങ്ങളും പ്രഖ്യാപിക്കും. യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനും പുതിയ വിസ നിയമങ്ങൾ കൂടുതൽ എളുപ്പമുള്ളതാക്കും. ഇതുകൂടാതെ പുതിയ കോൺസുലേറ്റുകൾ തുറക്കാനുള്ള തീരുമാനവും ഉഭയകക്ഷി ബന്ധത്തിലെ വലിയ ചുവട് വയ്പാണ്. ഇന്ത്യക്ക് നിലവിൽ അഞ്ച് യുഎസ് കോൺസുലേറ്റുകളുണ്ട്. പുതിയത് സിയാറ്റിലിൽ ആയിരിക്കും തുറക്കുക. അലാസ്‌കയും ഇതിന്റെ പരിധിയിൽ വരും. ഇന്ത്യയിലെ പുതിയ കോൺസുലേറ്റുകൾ ബെംഗളൂരുവിലും, അഹമ്മദാബാദിലും ആയിരിക്കും.
ചരിത്രപ്രധാന പ്രതിരോധ കരാർ
എച്ച്എഎല്ലുമായി ചരിത്രപ്രധാനമായ കരാറാണ് ഒപ്പുവച്ചതെന്ന് ജിഇ എയറോസ്‌പേസ് സിഇഒ എച്ച് ലോറൻസ് കൾപ് ജൂനിയർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം എന്ന പ്രസിഡന്റ് ബൈഡന്റെയും പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെയും ദർശനം സഫലീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ജി ഇ എയ്‌റോസ്‌പേസിന്റെ എഫ് 414 എഞ്ചിനുകളുടെ സംയുക്ത ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ എഫ്414 എഞ്ചിനുകൾ
സമാനതകളില്ലാത്തവയാണെന്നും സിഇഒ എച്ച് ലോറൻസ് കൾപ് ജൂനിയർ അവകാശപ്പെട്ടു. നേരത്തെ മോദി ലോറൻസ് കൾപ് ജൂനിയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിലെ വ്യോമയാന രംഗത്തും, പുനരുപയോഗ ഊർജ്ജ മേഖലയിൽ കൂടുതൽ പങ്കുവഹിക്കുന്നതിന് മോദി കമ്പനിയെ ക്ഷണിച്ചു.
1986 ലാണ് ജിഇ, എയറോനോട്ടിക്കൽ വികസന ഏജൻസിയുമായും, എച്ച്എഎല്ലുമായും എഫ്404 എഞ്ചിനുകൾ ഉപയോഗിച്ചുള്ള ലഘുയുദ്ധ വിമാനങ്ങളുടെ (എൽസിഎ) നിർമ്മാണം ആരംഭിച്ചത്. ആഗോളതലത്തിൽ, 1600 ലേറെ എഫ് 414 എഞ്ചിനുകൾ ഇതിനകം വിതരണം ചെയ്തതായി ജിഇഎയ്‌റോ സ്‌പേസ് അറിയിച്ചു. സൈനിക പോർവിമാനങ്ങൾ റഷ്യൻ, യൂറോപ്യൻ കമ്പനികളിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജിഇയുമായുള്ള കരാർ സുപ്രധാനമാണ്.
അടുത്തിടെ, വ്യോമസേന, ഫ്രഞ്ച് കമ്പനിയിൽ നിന്ന് 36 റഫാൽ പോർ വിമാനങ്ങൾ വാങ്ങിയിരുന്നു. അഡ്വാൻസ്ഡ് മീഡിയം യുദ്ധവിമാന(എഎംസിഎ) എംകെ2 എഞ്ചിൻ നിർമ്മാണ പദ്ധതിയിലും ജിഇ ഇന്ത്യയുമായി സഹകരണം തുടരും.
മോദി-ബൈഡൻ സംയുക്ത വാർത്താ സമ്മേളനം
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത വാർത്താസമ്മേളനം നടത്തും. വ്യാഴാഴ്ച, ഇരു നേതാക്കളും അമേരിക്കയിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള മാധ്യമങ്ങളെ കാണും. ഇരുവരും ചേർന്നുള്ള വാർത്താസമ്മേളനത്തെ ബിഗ് ഡീൽ എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസിന്റെ നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
മറുനാടന് മലയാളി ബ്യൂറോ