ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പകരം ചോദിക്കാന്‍ ഇറാനിയന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി തക്കം പാര്‍ത്തിരിക്കുകയാണെന്ന് പ്രമുഖ ആഗോള രാഷ്ട്രീയ നിരീക്ഷകന്‍ ഇയാന്‍ ബ്രെമ്മര്‍. തന്റെ പിതാവിനെ വധിച്ചതിന് പ്രതികാരം വീട്ടാന്‍ മൊജ്തബ ഖമേനി തയ്യാറെടുക്കുകയാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതികാരദാഹം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും ബ്രെമ്മര്‍ മുന്നറിയിപ്പ് നല്‍കി.

എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുറേഷ്യ ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയായ ബ്രെമ്മര്‍ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മേഖലയില്‍ കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനി യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മകന്‍ മൊജ്തബ ഖമേനി അധികാരമേറ്റത്.

തന്റെ കുടുംബത്തെ തകര്‍ത്തവരോടുള്ള അടങ്ങാത്ത പകയാണ് അദ്ദേഹത്തെ നയിക്കുന്നതെന്നും, യുക്തിപരമായ തീരുമാനങ്ങളേക്കാള്‍ വൈകാരികമായ തിരിച്ചടികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും ബ്രെമ്മര്‍ നിരീക്ഷിക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം ഇപ്പോഴും സങ്കീര്‍ണ്ണമായി തുടരുകയാണ്. കടലിടുക്ക് പൂര്‍ണ്ണമായും തുറന്നുനല്‍കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ കേവലം ഏഴ് കപ്പലുകള്‍ക്ക് മാത്രമാണ് ഇറാന്‍ അനുമതിയോടെ ഇതിലൂടെ കടന്നുപോകാനായത്. നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഏതുനിമിഷവും തകരാം എന്നതിന്റെ സൂചനയാണിതെന്ന് ഇയാന്‍ ബ്രെമ്മര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനിലെ സായുധ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വെടിനിര്‍ത്തല്‍ കരാറിനോട് പൂര്‍ണ്ണമായി സഹകരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക കമാന്‍ഡര്‍മാര്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ അധികാരം നല്‍കിയിരുന്നു. ഇത് കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തിന് പുറത്തുപോകുന്ന സാഹചര്യം ഉണ്ടാക്കിയേക്കാം.

ഇത് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കും. അമേരിക്ക മുന്നോട്ടുവെക്കുന്ന കര്‍ശന നിബന്ധനകളും വെടിനിര്‍ത്തലിന് ഭീഷണിയാണ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവന്‍ നീക്കം ചെയ്യണമെന്നും, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്നു. ഈ ഉപാധികള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുകയാണ് അമേരിക്ക.

മൂന്നാമതൊരു വിമാനവാഹിനിക്കപ്പല്‍ കൂടി മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. ഇറാനെതിരെ കരയുദ്ധത്തിനുള്ള സാധ്യതകള്‍ ട്രംപ് ഇപ്പോഴും തള്ളിക്കളഞ്ഞിട്ടില്ല. എണ്ണവില കുറയ്ക്കാനും വിപണിയില്‍ ആത്മവിശ്വാസം വളര്‍ത്താനുമുള്ള ഒരു താല്‍ക്കാലിക തന്ത്രം മാത്രമാണോ ഈ വെടിനിര്‍ത്തലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം, ഗള്‍ഫ് യുദ്ധത്തില്‍ ഇസ്രായേലിന്റെ നിലപാടും നിര്‍ണ്ണായകമാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ സാധ്യതയില്ലെന്ന് ബ്രെമ്മര്‍ കരുതുന്നു. എന്നാല്‍ അമേരിക്കയിലെ യുവതലമുറയ്ക്കിടയില്‍ ഇസ്രായേല്‍ വിരുദ്ധ വികാരം ശക്തിപ്പെടുന്നത് ട്രംപിന് വെല്ലുവിളിയാണ്.

ഇത് വെറും അമേരിക്കന്‍ താത്പര്യങ്ങള്‍ക്കായുള്ള യുദ്ധമല്ല, മറിച്ച് ഇസ്രായേലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണെന്ന ചിന്ത ട്രംപിന്റെ രാഷ്ട്രീയ അടിത്തറയെ ബാധിച്ചേക്കാം. മേഖലയിലെ സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥനായി മാറുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന ഒന്നല്ല. ട്രംപുമായുള്ള ബന്ധവും ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണവുമാണ് പാകിസ്ഥാന് ഈ അവസരം നല്‍കിയത്. എന്നാല്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്റെ പങ്ക് വളരെ നിസാരമാണെന്നും ബ്രെമ്മര്‍ പറഞ്ഞു.

സാങ്കേതികവിദ്യയിലും നിര്‍മ്മിത ബുദ്ധിയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ലോകം അംഗീകരിക്കുന്നതാണ്. ജി7 രാജ്യങ്ങള്‍ക്കും ഗ്ലോബല്‍ സൗത്തിനുമിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. പാകിസ്ഥാന്‍ കേവലം ഒരു താല്‍ക്കാലിക മധ്യസ്ഥന്റെ റോളില്‍ ഒതുങ്ങുമ്പോള്‍, ഇന്ത്യ ആഗോള സാമ്പത്തിക ക്രമത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറിക്കഴിഞ്ഞു. അതിര്‍ത്തിയിലെ സൈനിക കരുത്തിലും സാമ്പത്തിക സുസ്ഥിരതയിലും പാകിസ്ഥാന് ഇന്ത്യയുടെ ഏഴയലത്ത് പോലും എത്താന്‍ സാധിക്കില്ല. . ഇറാന്‍ പോലുള്ള ഒരു മതധിഷ്ഠിത വിപ്ലവ ഭരണകൂടത്തെ മൂലയ്ക്കൊതുക്കുന്നത് കൂടുതല്‍ അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഇയാന്‍ ബ്രെമ്മര്‍ മുന്നറിയിപ്പ് നല്‍കുന്നു.