ടെഹ്റാന്‍: ഇറാനിലെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ മകന്‍ മുജ്തബ ഖമേനിയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സ് തെരഞ്ഞെടുത്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 28ന് നടന്ന യു.എസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം.

ഇറാനിലെ ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മുജ്തബയെ പിന്‍ഗാമിയായി തെരഞ്ഞെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, സുരക്ഷാ കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ. മൊജ്താബയ്ക്ക് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഐആര്‍ജിസിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ് മൊജ്താബ.

അതേസമയം, ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരം മഷാദില്‍ നടക്കും. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാല്‍ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതില്‍ വ്യക്തതയില്ല.

ആയത്തുള്ള ഖമനയിയുടെ ടെഹ്റാനിലെ വസതിക്ക് നേരെ ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും പേരക്കുട്ടിയും മരുമകളും മരുമകനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഖമനയിയുടെ ഭാര്യ മന്‍സൂറ ഖോജസ്തേയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവന്‍ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവന്‍ ഹസന്‍ ജബല്‍ അമെലിയാന്‍ എന്നിവരെയും വധിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ആക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറില്‍ തന്നെ ഖമനയിയെ വധിച്ചുവെന്ന് ഇസ്രയേലും അമേരിക്കയും വാദിച്ചിരുന്നു. ഖമനയിയുടെ വധത്തില്‍ ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 35 വര്‍ഷമായി ഇറാന്റെ പരമോന്നത നേതാവാണ് ആയത്തുള്ള അലി ഖമനയി. പശ്ചിമേഷ്യയില്‍ ഏറ്റവും അധികകാലം രാഷ്ട്രഭരണം നടത്തിയ രാഷ്ട്രത്തലവന്‍ കൂടിയാണ് അദ്ദേഹം. 1939ലാണ് അയത്തുള്ള അലി ഖമനേയി ജനിക്കുന്നത്. ഷിയ മുസ്ലിം വിഭാഗത്തിന്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമായ മഷാദിലായിരുന്നു ജനനം. ഖുമിലെ സെമിനാരിയില്‍ നിന്ന് മതപഠനം നേടിയ ഖമനയി ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പോരാടിയ, അത്തരത്തില്‍ ജനപ്രീതി നേടിയ നേതാവാണ്.

ആരാണ് മുജ്തബ ഖമേനി?

ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമേനി. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമാണ് മൊജ്തബ. 1969 സെപ്റ്റംബര്‍ 8നാണ് മുജ്തബയുടെ ജനനം. പിതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഐ.ആര്‍.ജി.സിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇറാന്‍-ഇറാഖ് യുദ്ധകാലം മുതല്‍ സൈനിക കേന്ദ്രങ്ങളുമായി ഇദ്ദേഹം സജീവ ബന്ധം പുലര്‍ത്തുന്നുണ്ട്.

1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈ കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണം രാജ്യത്ത് വലിയൊരു നേതൃശൂന്യത സൃഷ്ടിച്ചിരുന്നു. മൊജ്തബയുടെ നിയമനത്തോടെ, ഇറാനിലെ പരമോന്നത അധികാരം വീണ്ടും ഖമേനി കുടുംബത്തില്‍ തന്നെ നിലനിര്‍ത്തപ്പെട്ടിരിക്കുകയാണ്.

അതേസമയം ടെഹ്റാന്‍ മുതല്‍ ദുബായ് വരെയും ഫ്രാങ്ക്ഫര്‍ട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് പിന്നിലുള്ളതെന്ന് റിപ്പോര്‍ട്ട് അടുത്തിടി പുറത്തുവന്നിരുന്നു. ലണ്ടനിലെ അതിസമ്പന്നര്‍ താമസിക്കുന്ന 'ബില്യണയര്‍ റോ'യിലെ കൊട്ടാരസദൃശമായ വീടുകള്‍, യൂറോപ്പിലെ വമ്പന്‍ ഹോട്ടലുകള്‍, ദുബായിലെ ആഡംബര വില്ലകള്‍ - ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മോജ്തബ ഖമേനിക്ക് വിദേശരാജ്യങ്ങളില്‍ കോടികളുടെ ആസ്തിയുണ്ടെന്ന് ബ്ലൂംബെര്‍ഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പേര് വെളിപ്പെടുത്താത്ത ഷെല്‍ കമ്പനികള്‍ വഴിയാണ് ഈ നിക്ഷേപങ്ങളെല്ലാം നടത്തിയിരിക്കുന്നത്. ടെഹ്റാന്‍ മുതല്‍ ദുബായ് വരെയും ഫ്രാങ്ക്ഫര്‍ട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് പിന്നിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക രേഖകളില്‍ മോജ്തബയുടെ പേര് എവിടെയും കാണാനില്ലെങ്കിലും, കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നടന്ന വമ്പന്‍ ഇടപാടുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. 2019-ല്‍ അമേരിക്ക ഇദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഇറാനിലെ എണ്ണ വില്പനയിലൂടെ ലഭിക്കുന്ന പണം യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ വഴിയാണ് നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ ഒരു വസ്തു മാത്രം 2014-ല്‍ 33.7 ദശലക്ഷം യൂറോയ്ക്കാണ് വാങ്ങിയത്. ഈ ആസ്തികളെല്ലാം അലി അന്‍സാരി എന്ന ഇറാനിയന്‍ ബിസിനസുകാരനുമായി ബന്ധപ്പെട്ടതാണ്. അഴിമതിക്കാരനായ ബാങ്കര്‍ എന്ന് വിശേഷിപ്പിച്ച് അലി അന്‍സാരിക്കെതിരെ കഴിഞ്ഞ വര്‍ഷം യുകെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡിന് സാമ്പത്തിക സഹായം നല്‍കുന്നത് അന്‍സാരിയാണെന്നാണ് ആരോപണം. എന്നാല്‍ മോജ്തബ ഖമേനിയുമായി തനിക്ക് വ്യക്തിപരമോ സാമ്പത്തികമോ ആയ യാതൊരു ബന്ധവുമില്ലെന്ന് അന്‍സാരി പ്രതികരിച്ചു.

അതേസമയം ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ ഖമേനിയെയും കുടുംബത്തെയും അതീവ ലളിതമായി ജീവിക്കുന്നവരായാണ് ചിത്രീകരിക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെയും വിപ്ലവ മൂല്യങ്ങളുടെയും ഭാഗമായി പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നവരാണെന്ന പ്രതിച്ഛായയാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ പുറത്തുവരുന്ന ഈ വാര്‍ത്തകള്‍ ഇറാന്റെ ഔദ്യോഗിക നിലപാടുകള്‍ക്ക് വിരുദ്ധമാണ്. വിദേശത്തുള്ള ഈ ആഡംബര സൗകര്യങ്ങള്‍ കുടുംബം ഉപയോഗിക്കുന്നതിന് നേരിട്ടുള്ള തെളിവുകളില്ലെങ്കിലും, രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ വന്‍ സമ്പത്ത് ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.