- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനിൽ ഇരട്ട സ്ഫോടനങ്ങൾ; എഴുപതിലേറെ പേർ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാനിലുണ്ടായ ഇരട്ട സ്ഫോടനങ്ങളിൽ 70 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. രാജ്യത്തെ ഉന്നത കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ ചരമ വാർഷിക ദിനത്തിലാണ് സംഭവം. തെക്ക് കിഴക്കൻ നഗരമായ കെർമനിൽ സൊലൈമാനിയുടെ ഖബറിൽ ചടങ്ങ് നടക്കുന്നതിനിടയാണ് സ്ഫോടനങ്ങൾ.
നൂറുകണക്കിന് ഇറാൻകാരാണ് സുലൈമാനിയുടെ ചരമ വാർഷികത്തിൽ ഒത്തുകൂടിയത്. 2020 ലാണ് യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. ആദ്യം ഒരു സ്ഫോടനം ഉണ്ടായതിന് പിന്നാലെ രണ്ടാമതൊന്നുകൂടി സംഭവിച്ചുവെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണമെന്നാണ് അധികൃതർ പറഞ്ഞത്. ആദ്യ റിപ്പോർട്ടുകൾ പ്രകാരം 73 പേർ കൊല്ലപ്പെടുകയും, 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാം. പരിക്കേറ്റവരെ റെഡ് ക്രസന്റിന്റെ പ്രവർത്തകർ ശുശ്രൂഷിക്കുന്നത് ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ദ്രുതകർമസേന പരിക്കേറ്റവരെ ഒഴിപ്പിച്ചു. സ്ഥലത്ത് കൂടിയ വൻജനക്കൂട്ടം ഗതാഗത തടസ്സമുണ്ടാക്കിയത് ഒഴിപ്പിക്കലിന് തടസ്സം സൃഷ്ടിച്ചു.
ആരാണ് ഖാസിം സുലൈമാനി?
റവല്യൂഷണറി ഗാർഡ്സിന്റെ പ്രത്യേകവിഭാഗമായ കുദ്സ് ഫോഴ്സ് മേധാവിയായിരുന്നു യുഎസ് ആക്രമണത്തിൽ ഇറാഖ് വിമാനത്താവളത്തിൽ വച്ച് കൊല്ലപ്പെട്ട ജനറൽ ഖാസിം സുലൈമാനി. സുലൈമാനി ഇറാനിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായിരുന്നു. ഇറാൻ ആത്മീയാചാര്യൻ അയത്തുല്ല അലി ഖമനയിക്കു നേരിട്ടായിരുന്നു സൊലൈമാനി റിപ്പോർട്ട് ചെയ്തിരുന്നത്. ഇറാനിൽ വീരപരിവേഷമുള്ള, അധികാരശ്രേണിയിൽ പരമോന്നത നേതാവിനും പ്രസിഡന്റിനും തൊട്ടുപിന്നിൽ വരുന്ന ദേശീയബിംബത്തെയാണ് അമേരിക്ക കൊലപ്പെടുത്തിയത്.
2020 ൽ ഇറാഖിലെ ബഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ജനറൽ ഖാസിം സുലൈമാനി സഞ്ചരിച്ച വാഹനവ്യൂഹത്തെ അമേരിക്കൻ ഹെലിക്കോപ്റ്ററുകൾ ആക്രമിക്കുകയായിരുന്നു. മിസൈലാക്രമണത്തിൽ ഇറാഖിലെ പൗരസേനാ നേതാവ് അബു മെഹ്ദി അൽ മുഹന്ദിസും കമാൻഡോകളും കൊല്ലപ്പെട്ടു.
ഖാസിം സുലൈമാനി 2002ൽ ഇറാനിയൻ ഖുദ് സേനയുടെ തലവനായാണ് രംഗപ്രവേശം ചെയ്യുന്നത്. സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഖുദ് സേന പശ്ചിമേഷ്യയിൽ പലയിടത്തും കൂടാതെ ഇന്ത്യയിൽ പോലും ആക്രമണം നടത്തിയിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. 2012ൽ ഇസ്രയേൽ പ്രതിനിധി ഇന്ത്യയിൽ സന്ദർശനത്തിനെത്തിയപ്പോൾ ഡൽഹിയിൽ വെച്ച് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം നടന്നിരുന്നു. ഇതിനു പിന്നിൽ ഖുദ് സേനയാണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിലെ ആക്രമണം പരാജയപ്പെട്ടെങ്കിലും മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഖുദ് സേന ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിൽ യുഎസിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്താതിരിക്കുമാണ് സൊലൈമാനിയെ വധിച്ചതെന്നാണ് യുഎസ് പറയുന്നത്.