മാലി: മാലദ്വീപിൽ ഇന്ത്യാ വിരുദ്ധത ശക്തമായി. മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 93 സീറ്റുകളിൽ 67 എണ്ണം പിഎൻസി സ്വന്തമാക്കി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. ഇതോടെ ചൈന അനുകൂല നിലപാടുകൾക്ക് മാലദ്വീപ് ജനതയും പിന്തുണ നൽകുകയാണ്.

ഇന്ത്യ അനുകൂല മാൽദീവിയൻ ഡെമോക്രാറ്റിക് പാർട്ടി 89 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആകെ 12 സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ. 10 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു. 72.96% ആണ് പോളിങ്. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 41 വനിതാ സ്ഥാനാർത്ഥികൾ മത്സരിച്ചതിൽ മൂന്നു പേരാണ് വിജയിച്ചത്.

ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികൾ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വൻ വിജയം ചൈന അനുകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് ഊർജം നൽകും.

2019ൽ മാലിദ്വീപിൽ നടന്ന തിരഞ്ഞെടുപ്പിൽ 64 സീറ്റുകളുമായി എംഡിപിയാണ് മിന്നും വിജയം നേടിയത്. അന്ന് പിപിഎംപിഎൻസി മുന്നണി ഏട്ടു സീറ്റുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തിൽ വന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾസ് നാഷനൽ കോൺഗ്രസ് 93 അംഗ സഭയിൽ ന്യൂനപക്ഷമായിരുന്നു. ഈ തിരഞ്ഞെടുപ്പോടെ മുയിസുവിന്റെ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചു.

മാലദ്വീപ് ചരിത്രത്തിലെ ഇരുപതാം പാർലമെന്റ് തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയായ പിഎൻസി 90 സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയിരുന്നത്. മാലദ്വീപിലും മറ്റ് മൂന്ന് രാജ്യങ്ങളിലും പാർലമെന്റ് തെരഞ്ഞെടുപ്പിനായി 602 ബാലറ്റ് പെട്ടികൾ സ്ഥാപിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും മലേഷ്യയുമാണ് മാലദ്വീപിന് പുറത്ത് ബാലറ്റ് സ്ഥാപിച്ച മൂന്ന് രാജ്യങ്ങൾ.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ 2018 മുതൽ പ്രസിഡന്റ് സ്ഥാനത്തുള്ള മുഹമ്മദ് മുയിസുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ചൈന അനുകൂല രാഷ്ട്രീയക്കാരനായാണ് മുയിസ്സുവിനെ പരക്കെ കാണുന്നത്. ഇന്ത്യക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്ന വ്യക്തി കൂടിയാണ് മുഹമ്മദ് മുയിസു. തനിക്കെതിരെയുള്ള കുപ്രചരണങ്ങൾ ജനങ്ങൾ തള്ളിയതിനെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു മുയിസുന്റെ പ്രതികരണം.