- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലദ്വീപിലെ ചൈനീസ് ഇടപെടലിൽ കരുതലോടെ ഇന്ത്യ
ന്യൂഡൽഹി: 'ഇന്ത്യ ഔട്ട്' മുദ്രാവാക്യം ഉയർത്തി മാലദ്വീപിൽ അധികാരം പിടിച്ച പ്രസിഡന്റെ മുഹമ്മദ് മുയിസുവിന്റെ ഇടപെടൽ ഇന്ത്യയ്ക്ക് കൂടുതൽ തലവേദനയാകുന്നു. മാലദ്വീപിൽനിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ധാരണ ആയെന്നും കാണിച്ചു മാലദ്വീപ് വിദേശ മന്ത്രാലയം വാർത്താ കുറിപ്പ പുറത്തിറക്കിയതോടെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയിയിരുന്നില്ല. ഇതിനിടെയാണ് മുയിസുവിന്റെ രാഷ്ട്രീയമായി ആവശ്യത്തിന് വേണ്ടി വിദേശ കാര്യ മന്ത്രാലയം സൈന്യത്തെ പിൻവലിക്കാൻ ധാരണയായെന്ന് വ്യക്തമാക്കിയത്.
ഇന്ത്യൻ സൈന്യത്തെ വേഗത്തിൽ പിൻവലിക്കാൻ ഇന്ത്യമാലദ്വീപ് ഉന്നതതല യോഗത്തിലാണ് തീരുമാനമായതെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, നിലവിലുള്ള ഉഭയകക്ഷി സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു. വികസന സഹകരണം ഉൾപ്പെടെ പരസ്പരം താൽപര്യമുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഇരുപക്ഷവും സഹകരണം ശക്തമാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ സമ്മതിക്കുകയും ചെയ്തുവെന്നു വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്ന വികസന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് ചർച്ചയ്ക്കു പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ച നടത്തി. മാലദ്വീപിലെ ജനങ്ങൾക്ക് ആരോഗ്യമേഖലയിലുൾപ്പെടെ സേവനങ്ങൾ നൽകുന്നതിന് ഇന്ത്യൻ വ്യോമയാന മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാലദ്വീപിൽനിന്ന് മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മ് മുയിസു ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഉന്നതതല ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം വിവാദമായിരിക്കെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദേശിച്ചിരുന്നില്ല.
അതേസമയം ഒറ്റയടിക്ക് ഇന്ത്യ പിൻവലിഞ്ഞാൽ അവസരം മുതലെടുക്കാൻ ചൈന തയ്യാറായേക്കുമെന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ഇന്ത്യ ഇനിയും കൂടുതൽ കരുതലെടുക്കുമെന്നത് തീർച്ചയാണ്. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്. ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കൊണ്ട് മാലദ്വീപിനാണ് കൂടുതൽ നേട്ടവും.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതു വിവാദമായിരുന്നു. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കിയിരുന്നു.
ഇതിനിടെ, ചൈന സന്ദർശിച്ച മുയിസു 20 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. നയതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സഞ്ചാരികളെ അയയ്ക്കണമെന്ന് ചൈനയോട് മുയിസു അഭ്യർത്ഥിച്ചിട്ടുണ്ട്. കരാറുകളിൽ ഒപ്പുവച്ചതിനു പുറമെ തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ധാരണയിലെത്തിയതായും ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ടു ചെയ്തിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുടെ സാന്നിധ്യത്തിലാണ് സർക്കാർ പ്രതിനിധികൾ നിർണായക കരാറുകളിൽ ഒപ്പുവച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.