വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ബജറ്റ് വെട്ടിക്കുറച്ചതിനാല്‍ ഇന്ത്യയും ബംഗ്ലാദേശും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം അമേരിക്ക റദ്ദാക്കി. ഇന്ത്യയില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി നല്‍കിവന്ന 21 മില്യണ്‍ ഡോളറിന്റെ ധനസഹായ പരിപാടിയും ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 29 മില്യണ്‍ ഡോളറിന്റെ സംരംഭവും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോജ്) ഞായറാഴ്ച പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകളും രാഷ്ട്രീയ സ്ഥിരതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയ്ക്കായി നീക്കിവച്ചിരിക്കുന്ന 21 മില്യണ്‍ ഡോളര്‍ രാജ്യത്തിന്റെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ പ്രത്യേകം ലക്ഷ്യമിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു ഡോജ് പണം നല്‍കുന്നത് നിര്‍ത്തലാക്കിയ വിവരം പ്രഖ്യാപിച്ചത്.

ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വെട്ടിക്കുറയ്ക്കാനുള്ള ഡോജിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ബംഗ്ലാദേശിനുള്ള 29 മില്യണ്‍ ഡോളറിന്റെ ധനസഹായവും റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ സ്ഥിരത വളര്‍ത്തുന്നതിനും ജനാധിപത്യ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ധനസഹായം. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് ബംഗ്ലാദേശ്. ഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ബംഗ്ലാദേശിന് രാഷ്ട്രീയ സ്ഥിരത ഇതുവരെ കൈവരിക്കാനായിട്ടില്ല.

മോസാംബിക്, കംബോഡിയ, സെര്‍ബിയ, മോള്‍ഡോവ, നേപ്പാള്‍, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, കൊസോവോ റോമ, അഷ്‌കലി, ഈജിപ്ത് എന്നിവിടങ്ങളിലെ വിവിധ പ്രൊജക്ടുകള്‍ക്കുള്ള ധനസഹായവു ഡോജ് റദ്ദാക്കിയിട്ടുണ്ട്.