- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂജേഴ്സിയുടെ മുകളിലൂടെ പറന്ന് ദുരൂഹ ഡ്രോണുകള്‍; റഷ്യയുടെ ചാര കണ്ണെന്ന് ആശങ്ക; യുക്രെയിന് സഹായം നല്‍കുന്നതിന്റെ പേരിലെ നിരീക്ഷണമെന്ന് സംശയം; സാധ്യതകള്‍ എല്ലാം തള്ളി പെന്റഗണ്‍
ന്യൂ ജഴ്‌സി: ന്യൂ ജഴ്സിയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ദുരൂഹ ഡ്രോണുകള്‍ റഷ്യയുടേതെന്ന് വിശ്വസിക്കാന്‍ എന്തായിരുന്നു കാരണമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിദഗ്ധര്‍ പറയുന്നു. ജഴ്സിയില്‍ പ്രത്യക്ഷപ്പെട്ട യു എഫ് ഒ യുടെ വിവരണം റഷ്യയുടെ ഓര്‍ലാന്‍ - 10 നോട് സാമ്യമുള്ളതാണെന്നാണ് വിരമിച്ച പോലീസ് ലെഫ്റ്റനന്റും ഇന്റലിജന്‍സ് അനലിസ്റ്റുമായ ടിം മെക് മിലന്‍ പറയുന്നത്. മൂന്ന് മുതല്‍ അഞ്ച് വരെ ഡ്രോണുകള്‍ സംഘമായിട്ടായിരുന്നു ജഴ്സിയുടെ ആകാശത്ത് വട്ടമിട്ടത്.
യു എസ് ആര്‍മിയുടെ സി സി ഡി സി ആര്‍മമെന്റ്‌സ് സെന്റര്‍ സ്ഥിതി ചെയ്യുന്ന ന്യൂ ജഴ്സിയിലെ പിക്കാറ്റിനി ആര്‍സെനലിനു ചുറ്റുമാണ് ഇവ വട്ടമിട്ട് പറന്നതെന്ന് ലെഫ്റ്റനന്റ് മെക് മിലനും മറ്റു വിദഗ്ധരും പറയുന്നു. യുക്രെയിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിലും, അതിനായുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്ന ഒരിടമാണിത്. അതല്ലെങ്കില്‍, യുക്രെയിന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ റഷ്യ ഒരു ചാര പ്രവര്‍ത്തനം നടത്തിയതാകാനും സാധ്യതയുണ്ട്.
അതേസമയം എന്‍ ജെ കോണ്‍ഗ്രസ്സ് അംഗമായ ജെഫ്ഫ് വാന്‍ ഡ്രൂവിനെ പോലുള്ളവര്‍ പറയുന്നത് ഇതിനു പുറകില്‍ ഇറാന്‍ ആണെന്നാണ്. എന്നാല്‍, ഇക്കാര്യം പെന്റഗണ്‍ നിഷേധിച്ചിട്ടുണ്ട്. സൈനിക ഡ്രോണുകള്‍ വികസിപ്പിക്കുന്നതില്‍ കഴിഞ്ഞ കുറച്ചു കാലമായി ഇറാനും റഷ്യയും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. റഷ്യയാണെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയിനെ പിന്തുണയ്ക്കുന്നതില്‍ അസ്വസ്ഥരുമാണ്. അതാണ് സംശയം റഷ്യയ്ക്ക് നേരെ തിരിയുവാന്‍ കാരണമായത്.
ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആയിരുനു ന്യൂ ജഴ്സിയിലെ അമേരിക്കന്‍ സൈന്യത്തിന്റെ പികാറ്റിനി ആര്‍സെനലിനു മുകളില്‍ ഡ്രോണ്‍ ദൃശ്യമായത്. എന്നാല്‍, സംസ്ഥാനത്ത് ഉടനീളം 12 ഓളം സ്ഥലങ്ങളില്‍ ഇവ ദൃശ്യമായി എന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജല സംഭരണികള്‍, ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങള്‍, റെയില്‍ സ്റ്റേഷനുകള്‍, പോലീസ് ഓഫീസുകള്‍, സൈനിക ആസ്ഥാനങ്ങള്‍ എന്നിവയ്ക്ക് മുകളിലാണ് ഇവയെ കണ്ടെത്തിയതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ട് പിക്കാറ്റിനിക്ക് മുകളില്‍ ഡ്രോണ്‍ കണ്ടു എന്നതാണെന്നും അതിനാണ് പ്രാധാന്യം ഏറെയുള്ളത് എന്നുമാണ് മെക് മിലന്‍ പറയുന്നത്.
ജര്‍മ്മനിയില്‍ യുക്രെയിന്‍ സൈനികരെ പരിശീലിപ്പിക്കുന്ന ആസ്ഥാനത്തിനു മുകളിലും ഇത്തരത്തിലുള്ള ഡ്രോണുകള്‍ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവയുടെ വിവരണവും റഷ്യന്‍ ഡ്രോണുകളുടേതിനോട് സമാനമാണ്. ഓര്‍ല്ലാന്‍ 10 ഡ്രോണുകളുടെ പൂര്‍ണ്ണ കപ്പാസിറ്റി ഇനിയും വ്യക്തമല്ലെങ്കിലും അവയില്‍ ഒപ്റ്റിക്കല്‍ ക്യാമറകളും തെര്‍മല്‍ വിഷന്‍ ക്യാമറകളും ഉണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്.
ഇവ സംഘങ്ങളായാവും സഞ്ചരിക്കുക. സംഘത്തിലെ ഓരോ ഡ്രോണും, ഇലക്ട്രോണിക് വാര്‍ഫെയര്‍ മുതല്‍ ഡാറ്റ റിലേ വരെയുള്ള വ്യത്യസ്ത ധര്‍മ്മങ്ങളായിരിക്കും നിര്‍വഹിക്കുക. വായുവില്‍ സാധാരണയായി 4000 മുതല്‍ 5000 അടിവരെ ഉയരഠില്‍ പറക്കാന്‍ കഴിയുന്ന ഇവയ്ക്ക് അസാധാരണ സാഹചര്യങ്ങളില്‍, അത്യാവശ്യമെങ്കില്‍ 20,000 അടി വരെ ഉയരത്തിലെത്താനും കഴിയും.