ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ ഇന്ന് ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ്. ആർക്കും അവഗണിക്കാൻ സാധിക്കാത്ത വിധം മുന്നേറുകയാണ് ഇന്ത്യയുടെ ആഗോള ശക്തി. ഇതിനിടെ ഇന്ത്യക്കൊപ്പം പിറവി കൊണ്ട പാക്കിസ്ഥാൻ തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. ഇപ്പോൾ സാമ്പത്തികമായി തകർന്നടിഞ്ഞിരിക്കയാണ് പാക്കിസ്ഥാൻ. അതേസമയം ഇന്ത്യ ചന്ദ്രനെയും കീഴടക്കിയ കുതിപ്പു നടന്നു. ജി 20 ഉച്ചകോടി അടക്കം സംഘടിപ്പിച്ചു ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചു പറയുകയാണ്

ഇന്ത്യ ചന്ദ്രനിൽ എത്തുകയും ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ പാക്കിസ്ഥാൻ മറ്റ് രാജ്യങ്ങളോട് പണത്തിനായി യാചിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും പി.എം.എൽ (എൻ) നേതാവുമായ നവാസ് ശെരീഫ് പറഞ്ഞു. ലാഹോറിൽ നടന്ന റാലിയെ വിഡിയോ കോൺഫറൻസിങ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു നവാസ് ശെരീഫ്.

'ഇന്ത്യ ചന്ദ്രനിൽ കാലുകുത്തുകയും ലോക നേതാക്കളെ ഉൾപ്പെടുത്തി ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. എന്നാൽ, ഇന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി പണത്തിനായി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാചിച്ച് നടക്കുകയാണ്. എന്തുകൊണ്ട് പാക്കിസ്ഥാന് സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയാത്തത്? ആരാണ് നമ്മുടെ അപമാനകരമായ അവസ്ഥക്ക് ഉത്തരവാദി?' -നവാസ് ശെരീഫ് ചോദിച്ചു.

1990ൽ ഇന്ത്യൻ സർക്കാർ തുടക്കം കുറിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ അവർ പിന്തുടർന്നു. അടൽ ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുടെ ഖജനാവിൽ ഒരു ബില്യൺ ഡോളർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവരുടെ വിദേശ നാണ്യകരുതൽ 600 ബില്യൺ ഡോളറായി ഉയർന്നു -നവാസ് ശെരീഫ് ചൂണ്ടിക്കാട്ടി.

ഒരു ബില്യൺ ഡോളറിന് പോലും നമ്മൾ യാചിക്കുന്നു. നമ്മൾ എന്തിലേക്കാണ് എത്തിയത്? ഇന്ത്യയുടെ കണ്ണിൽ പാക്കിസ്ഥാൻ എവിടെയാണ് നിൽക്കുന്നത്? നമ്മൾ ചൈനയിൽ നിന്നും ഗൾഫിൽ നിന്നും പണം ആവശ്യപ്പെടുന്നു. നമ്മൾ നമ്മുടെ രാജ്യത്തോട് എന്താണ് ചെയ്തത്? നമ്മുടെ രാജ്യത്തോട് ഇത് ചെയ്തവരാണ് ഏറ്റവും വലിയ കുറ്റവാളികൾ -നവാസ് ശെരീഫ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ രാജ്യത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 7.5 രൂപ വർധിപ്പിച്ചിരുന്നു. ഇതിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിദേശത്ത് കഴിയുന്ന നവാസ് ശെരീഫ് ഒക്ടോബർ 21ന് പാക്കിസ്ഥാനിലേക്ക് മടങ്ങി എത്തുമെന്ന് സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ഷെഹബാസ് ശെരീഫ് വ്യക്തമാക്കിയിരുന്നു.

അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ 7 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുമ്പോൾ 2019 ൽ കോടതിയുടെ അനുമതിയോടെ ചികിത്സയ്ക്ക് ലണ്ടനിലേക്കു പോയ നവാസ് പിന്നീട് നാട്ടിലേക്കു വന്നിട്ടില്ല. പാനമ പേപ്പേഴ്‌സ് കേസിൽ 2017 ൽ സുപ്രീംകോടതി വിധിയെ തുടർന്ന് പൊതു ഭരണച്ചുമതലകൾ വഹിക്കുന്നതിന് അദ്ദേഹത്തിന് ആജീവനാന്ത വിലക്കുണ്ട്. അടുത്ത മാസം പാക്കിസ്ഥാനിലേക്ക് എത്തുന്നതിന് മുൻപ് അദ്ദേഹത്തിന് ജാമ്യം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) പാർട്ടി വ്യക്തമാക്കി.