- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫയിൽ കരയാക്രമണം നടത്തുമെന്ന് നെതന്യാഹു
ടെൽഅവീവ്: കുടിയൊഴിപ്പിക്കപ്പെട്ട 15 ലക്ഷത്തോളം ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗസ്സയിലെ റഫയിൽ കരയാക്രമണം നടത്തുമെന്ന് ആവർത്തിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. റഫ ആക്രമിക്കാനുള്ള തീയതി കുറിച്ചുവെച്ചതായും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
'വിജയത്തിന് റഫയിൽ പ്രവേശിക്കുകയും അവിടെയുള്ള തീവ്രവാദ ബറ്റാലിയനുകളെ ഇല്ലാതാക്കുകയും വേണം. ഇത് സംഭവിക്കും. അതിനുള്ള തീയതി കുറിച്ചുവെച്ചു' -നെതന്യാഹു പറഞ്ഞു. അതേസമയം, തീയതി ഏതാണെന്ന് പറയാൻ അദ്ദേഹം തയാറായില്ല. ഗസ്സ യുദ്ധത്തിന്റെ ആറ് മാസം തികഞ്ഞതിന്റെ പിറ്റേന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഖാൻ യൂനിസിൽനിന്ന് ഇസ്രയേൽ സൈനികബറ്റാലിയനുകൾ കൂട്ടത്തോടെ പിന്മാറിയതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ആക്രമണം നടത്താനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ കടുത്ത എതിർപ്പാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉൾപ്പെടെ റഫ ആക്രമണത്തിനെതിരെ രംഗത്തുവന്നിരുന്നു. നേരത്തെ സുരക്ഷിത സ്ഥലമെന്ന് പറഞ്ഞാണ് ഗസ്സയിലുടനീളമുള്ള ജനങ്ങളെ റഫയിലേക്ക് ആട്ടിത്തെളിച്ചത്. ദശലക്ഷത്തിലധികം വരുന്ന മനുഷ്യരെ കരയാക്രമണത്തിന് മുന്നോടിയായി ഇവിടെ നിന്ന് ഒഴിപ്പിക്കൽ സാധ്യമല്ലെന്നാണ് യു.എസ് അടക്കം ചൂണ്ടിക്കാട്ടുന്നത്.
ഫലസ്തീൻ പ്രദേശമായ ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ആറു മാസം പിന്നിട്ടിട്ടും തുടരുകയാണ്. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,137 ആയി. പരിക്കേറ്റവർ 75,815 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 ഫലസ്തീനികളാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 65 പേർക്ക് പരിക്കേറ്റു.
ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ 13,000ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 456 ഫലസ്തീനികൾ കൊല്ലപ്പെടുകയും 4650 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1.7 ദശലക്ഷം ഫലസ്തീനികളാണ് ഗസ്സയിൽ നിന്ന് പലായനം ചെയ്യപ്പെട്ടത്. ഇത് ജനസംഖ്യയുടെ 70 ശതമാനം വരും. ഗസ്സ മുനമ്പിലെ 55.9 ശതമാനം കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ ഇസ്രയേൽ ആക്രമണത്തിൽ തകർക്കപ്പെട്ടു. തകർക്കപ്പെട്ടതിൽ 60 ശതമാനത്തിലധികവും ഭവനങ്ങളാണ്. 90 ശതമാനത്തോളം സ്‌കൂൾ കെട്ടിടങ്ങളും തകർന്നു.
1.1 ദശലക്ഷം ജനങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നതായി യു.എൻ ചൂണ്ടിക്കാട്ടുന്നു. വടക്കൻ ഗസ്സയിലെ രണ്ട് വയസിന് താഴെ പ്രായമുള്ള 31 ശതമാനം കുട്ടികൾ പോഷകാഹാരക്കുറവിന്റെ പിടിയിലാണ്. ഗസ്സയിലെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഇല്ലാതായി. 227 മുസ് ലിം പള്ളികളും 3 ക്രൈസ്തവ ദേവാലയങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തരിപ്പണമായി.
അതേസമയം, ആഴ്ചകൾ കൊണ്ട് അവസാനിപ്പിക്കാമെന്ന ഉറപ്പുമായി തുടങ്ങിയ ഗസ്സ ആക്രമണം എങ്ങുമെത്താതെ തുടരുന്നതിനിടെ ബന്ദി മോചനം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നെതന്യാഹുവിന്റെ രാജിക്ക് സമ്മർദം ചെലുത്തിയും ഇസ്രയേലിൽ പ്രക്ഷോഭം പടരുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ അടക്കം ആയിരങ്ങളാണ് തെരുവിലിറങ്ങുന്നത്. ശനിയാഴ്ച ടെൽ അവീവ്, സിസേറിയ, ഹൈഫ നഗരങ്ങൾ വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഫലസ്തീന്റെ സ്വതന്ത്ര്യം ആവശ്യപ്പെട്ട് ലോകരാജ്യങ്ങളിലും ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്.
അതിനിടെ, ഹമാസിന്റെ തിരിച്ചടിയിൽ നാല് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ സേന അറിയിച്ചു. തെക്കൻ ഗസ്സ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ സ്‌ക്വാഡ് കമാൻഡർ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ടത് 604 ഇസ്രയേൽ സൈനികരാണ്. ഇവരിൽ 268 പേർ ഒക്ടോബർ 26ന് തുടങ്ങിയ കരയാക്രമണത്തിന് ശേഷമാണ് കൊല്ലപ്പെട്ടത്.