ഗസ്സ സിറ്റി: ഒപ്പം നിൽക്കുന്ന അമേരിക്കയെ പോലും വെട്ടിലാക്കുന്ന വിധത്തിലാണ് ഇപ്പോൾ ഗസ്സയിൽ ഇസ്രയേൽ യുദ്ധം മുന്നോട്ടു പോകുന്നത്. ഇസ്രയേലിന്റെ കണക്കൂട്ടലുകൾ ചിലയിടത്ത് പിഴക്കുന്ന അവസ്ഥയാണുള്ളത്. ഈദ് ദിനത്തിൽ നമസ്‌കാരം കഴിഞ്ഞ് ഉറ്റവരെ കാണാൻ കാറിൽ പുറപ്പെട്ട ഏഴുപേരെ ഇസ്രയേൽ ബോംബ് ആക്രമണത്തിൽ കൊലപ്പെടുത്തിയതിൽ ആഗോള പ്രതിഷേധം ശക്തമാണ്. ഹമാസും ഇസ്രയേലും തമ്മിലെ ചർച്ചകൾക്ക് നേരിട്ടും അല്ലാതെയും നേതൃത്വം നൽകുന്ന ഇസ്മാഈൽ ഹനിയ്യയുടെ മൂന്നു മക്കളെയും നാലു പേരമക്കളെയുമാണ് ഇസ്രയേൽ ബോംബറുകൾ വധിച്ചുകളഞ്ഞത്. ഇതോടെ ഇത് ഇസ്രയേലുമായുള്ള സമാധാന ചർച്ചകൾക്ക് തുരങ്കം വെക്കാനാണെന്ന ആശങ്കയാണ് ഹമാസിന്.

കൈറോയിൽ ഇപ്പോഴും തുടരുന്ന വെടിനിർത്തൽ ചർച്ചകൾ വിജയം കാണരുതെന്ന് ഇസ്രയേലിൽ ഒരു വിഭാഗം തീർച്ചയായും ആഗ്രഹിക്കുന്നുണ്ട്. ഹനിയ്യയെ പ്രകോപിപ്പിച്ചാൽ ഹമാസ് പിൻവലിയുമെന്നും അതുവഴി പിന്മാറ്റം അവരുടെ തലയിൽ വെച്ചുകെട്ടാമെന്നുമാണ് വലിയ നേട്ടം. അതിന് ഏറ്റവുമെളുപ്പമുള്ള വഴിയെന്ന നിലക്കാണ് പെരുന്നാൾ ദിനം തിരഞ്ഞുപിടിച്ച് ഹനിയ്യയുടെ ഏറ്റവും പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തൽ.

61കാരന്റെ മൂന്നു മക്കൾ ഹമാസുകാരാണെന്ന് ഇസ്രയേൽ ആരോപിക്കുന്നുണ്ടെങ്കിലും ഏതുതരത്തിൽ അവർ സംഘടനക്കുവേണ്ടി പ്രവർത്തിച്ചുവെന്നതിന് ഉത്തരമില്ല. നാലു പിഞ്ചു മക്കളുടെ ജീവനെടുത്തതിനെ കുറിച്ച് മിണ്ടുന്നുമില്ല. ഹനിയ്യയുടെ മക്കളെ ആക്രമിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാലന്റുമടക്കം പ്രമുഖർ അറിയാതെയാണെന്നും രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെതിന്റെ ആസൂത്രണമായിരുന്നെന്നും ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, റഫയിലെ ആക്രമണത്തിന് തീയതി കുറിച്ചുകഴിഞ്ഞെന്ന് കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ച നെതന്യാഹുവിനെ അറിയിക്കാതെ ഇത് നടത്തേണ്ടതില്ലെന്ന് പകൽപോലെ വ്യക്തം.

പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും സിവിലിയൻ കേന്ദ്രങ്ങളിൽ വൻ കുരുതിയാണ് ഇസ്രയേൽ നടത്തിയത്. നുസൈറാത്ത്, അൽശാത്തി അഭയാർഥി ക്യാമ്പുകളിൽ നിരവധി പേരെ വധിച്ച ഇസ്രയേൽ ബോംബറുകൾ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന റഫയിലും വ്യാപക ബോംബിങ്ങാണ് നടത്തിയത്. വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ മടക്കം ഇനി ഒരിക്കലും അംഗീകരിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്.

ഇതിന്റെ ഭാഗമായി ഭക്ഷ്യസഹായ ട്രക്കുകൾ വടക്കൻ ഗസ്സയിലേക്ക് അനുവദിക്കുന്നുമില്ല. അവിടെയാകട്ടെ, ലക്ഷങ്ങൾ കൊടും പട്ടിണിയിൽ കഴിയുന്നു. ബന്ദികളുടെ മോചനം, ഫലസ്തീനികളെ വിട്ടയക്കൽ തുടങ്ങിയ വിഷയങ്ങളിലും തീരുമാനങ്ങളാകേണ്ടതുണ്ട്. മധ്യസ്ഥ ചർച്ചകൾ തിരക്കിട്ട് നടക്കുന്നതിനിടെ ഹമാസ് നേതാവിനെതിരെ ആക്രമണം നടത്തി പ്രകോപിപ്പിച്ചാൽ അമേരിക്കയും ജർമനിയുമടക്കം വെറുതെ നൽകുന്ന ആയുധങ്ങളുമായി നിർബാധം കുരുതി തുടരാമെന്ന് ചിലർ കണക്കുകൂട്ടുന്നു.

അതേസമയം ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും തന്റെ മക്കളാണെന്നും ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്റെ മക്കളുടെ രക്തമെന്നുമാണ് ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യ പ്രതികരിച്ചത്. ഹനിയ്യയുടെ മൂന്ന് മക്കളെയും മൂന്ന് പേരക്കുട്ടികളെയും ഗസ്സയിൽ ഇസ്രയേൽ സൈന്യം ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം.

'എന്റെ മക്കളെ ലക്ഷ്യമിട്ടത് വഴി വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ നിലപാടുകളിൽ മാറ്റമുണ്ടാക്കാമെന്നാണ് ഇസ്രയേൽ കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. ആ ധാരണ വ്യാമോഹമാണ്. ഫലസ്തീൻ ജനതയുടെ മക്കളുടെ രക്തത്തേക്കാൾ വിലയുള്ളതല്ല എന്റെ മക്കളുടെ രക്തം... ഫലസ്തീനിലെ എല്ലാ രക്തസാക്ഷികളും എന്റെ മക്കളാണ്. ബന്ധുക്കളെയും വീടുകളെയും ഇസ്രയേൽ ലക്ഷ്യംവച്ചാലും ഫലസ്തീൻ നേതാക്കൾ പോരാട്ടത്തിൽ നിന്ന് പിൻവാങ്ങില്ല. രക്തസാക്ഷികളായവരുടെ രക്തത്തിലൂടെയും മുറിവേറ്റവരുടെ വേദനയിലൂടെയും ഞങ്ങൾ പ്രത്യാശ സൃഷ്ടിക്കും. ഞങ്ങൾ ഭാവിയെ സൃഷ്ടിക്കും. ഞങ്ങളുടെ രാജ്യത്തിനും ജനതയ്ക്കും സ്വാതന്ത്ര്യം നൽകും' -ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.