- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിൽ വെടിയൊച്ച നിലയ്ക്കുമോ?
ടെൽ അവീവ്: ഗസ്സയിൽ വെടിനിർത്തലിന് വേണ്ടി അമേരിക്ക ഒരുക്കിയ അവസരം ഇസ്രയേലും ഹമാസും മുതലാക്കുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ ആവർത്തിക്കുന്നത്. ഹമാസാകട്ടെ ഇസ്രയേൽ ഗസ്സയിൽ തങ്ങളുടെ ആധിപത്യത്തെ അംഗീകരിക്കില്ലെന്ന കാരണത്താൽ സംശയം തുടരുകയും ചെയ്യുന്നു. ഇതിനിടെയാണ് ചെകുത്താനും കടലിനും നടുക്കായ ഗസ്സയിലെ ജനതയും. പലായനം ചെയ്ത ലക്ഷങ്ങൾ എന്തു ചെയ്യുമെന്നറിയാത തീതിന്നു കഴിയുന്നത് തുടരുകയാണ്.
അതിനിടെ ഇരുകൂട്ടരെ കൊണ്ടും വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തുകയാണ് മധ്യസ്ഥരായ രാജ്യങ്ങളും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വെച്ച വെടിനിർത്തൽ ആശയങ്ങൾ തത്വങ്ങൾ ഉൾക്കൊള്ളുന്ന ഒരു കരാർ അന്തിമമാക്കാൻ ഖത്തറും ഈജിപ്തും ഹമാസിനോടും ഇസ്രയേലിനോടും ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേൽ ഇതിന് വഴങ്ങില്ലെന്ന സൂചനയാണ് ഉടലെടുത്തിരിക്കുന്നത്. എന്നാൽ ബൈഡന്റെ നിർദ്ദേശത്തെ തുടർന്ന് ഇസ്രയേൽ ഭരണകൂടത്തിലും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. കരാർ അംഗീകരിക്കണമെന്നും അരുതെന്നും വാദിക്കുന്ന രണ്ട് വിഭാഗം ഇസ്രയേൽ ഭരണകൂടത്തിലും ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
അതേസമയം ഹമാസ് പൂർണമായും തകർന്നാൽ മാത്രമേ ഗസ്സയിൽ വെടിനിർത്തലിനുള്ളുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹ ആവർത്തിച്ചു. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ പ്രസ്താവന പുറത്ത് വന്നത്. ഇതോടെ ഗസ്സയിലെ വെടിനിർത്തലിനും ബന്ദിമോചനത്തിനുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രയേൽ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഹമാസിന്റെ സൈനിക, ഭരണശേഷികൾ തകർക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങൾ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ല. ഗസ്സ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സമ്പൂർണമായ വെടിനിർത്തലിന് മുമ്പ് ഈ ലക്ഷ്യങ്ങൾ നേടണമെന്നാണ് നെതന്യാഹു അറിയിക്കുന്നത്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള ക്ഷണവും നെതന്യാഹു സ്വീകരിച്ചു. നേരത്തെ ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രയേൽ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയതായി ബൈഡൻ പറഞ്ഞു.
ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഈ സന്ധിയിലൂടെ കഴിയുമെന്നും അദ്ദേഹം ഹമാസിനോടും ഇസ്രയേലിനോടും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹമാസിനെ പൂർണമായും തകർക്കുന്നത് വരെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് നെതന്യാഹു ചെയ്തിരിക്കുന്നത്.
മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദ്ദേശം ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ അമേരിക്ക തിരക്കിട്ട നീക്കത്തിലമാണ്. ഹമാസിനെ പൂർണമായും തുരത്തുന്നതു വരെ ഗസ്സയിൽ സുസ്ഥിര വെടിനിർത്തൽ സാധ്യമല്ലന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം യു.എസ് നീക്കത്തിന് തിരിച്ചടിയാണ്.
എന്നാൽ, ഇസ്രയേൽ പ്രതിപക്ഷവും മന്ത്രിമാരിൽ ഒരു വിഭാഗവും വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഈജിപ്ത്, ഖത്തർ നേതാക്കളുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു. മധ്യസ്ഥനീക്കം ശക്തമാക്കി ഗസ്സയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം എന്നാണ് ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്.
യൂറോപ്യൻ യൂനിയനും വെടിനിർത്തൽ നീക്കത്തെ സ്വാഗതം ചെയ്തു. ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദ്ദേശത്തോട് ഹമാസ് നിലപാട് ഏറെക്കുറെ അനുകൂലമാണ്. സമ്പൂർണ വെടിനിർത്തൽ, ഇസ്രയേൽ സൈനിക പിന്മാറ്റം, സഹായം എത്തിക്കലും പുനർനിർമ്മാണവും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ കരാർനിർദ്ദേശത്തിൽ ഉണ്ടെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. എന്നാൽ, ഇസ്രയേൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, ബൈഡന്റെ നിർദ്ദേശം അംഗീകരിച്ച് ഗസ്സയിൽ വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ തെൽ അവീവിൽ റാലി നടത്തി. നെതന്യാഹുവിനെ നിലക്കുനിർത്തണം എന്നാവശ്യപ്പെടുന്ന ബാനറുകളുമായാണ് ജനങ്ങൾ റാലിയിൽ അണിനിരന്നത്. നൂറുകണക്കിന് പ്രക്ഷോഭകരെ ഇസ്രയേൽ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക സമർപ്പിച്ച വംശഹത്യാ കേസിൽ കക്ഷി ചേർന്ന് ചിലി രംഗത്തുവന്നു. റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായൽ വ്യാപക ആക്രമണം തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 95 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിലെ ആകെ മരണസംഖ്യ 36,379 ആയി.
ഇസ്രായൽ പാർലമെന്റിൽ 'യുനർവ' ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച നടപടിയെ വിമർശിച്ച് യൂറോപ്യൻ യൂനിയൻ രംഗത്തുവന്നു. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ അതിർത്തിപ്രദേശത്ത സൈനിക കേന്ദ്രങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.