വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശം നടപ്പാക്കുന്നതിനെ ചൊല്ലി ഇസ്രയേലിൽ പ്രതിസന്ധി. ബന്ദികളുടെ മോചനത്തിന് വലിയ സമ്മർദ്ദമാണ് നെതന്യാഹു നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ ബൈഡന്റെ നിർദ്ദേശം ഇസ്രയേൽ അംഗീകരിച്ചേക്കുമെന്നാണ് സൂചനകൾ. ഇതിനിടെയാണ് ഇസ്രയേൽ സർക്കാറിന് ഭരണപ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

ബൈഡന്റെ നിർദ്ദേശം അംഗീകരിച്ചാൽ പ്രധാനമന്ത്രി നെതന്യാഹുവിന് പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാർ രംഗത്തുവന്നു. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻഗ്വിറും മുന്നറിയിപ്പ് നൽകിയത്. എന്നാൽ, വെടിനിർത്തലിന് നെതന്യാഹു ഒരുക്കമാണെങ്കിൽ സർക്കാറിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡ് വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ നിർദേശമാണ് ബൈഡൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യ ഘട്ടത്തിൽ ഗസ്സയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. അനുബന്ധമായി, ഘട്ടംഘട്ടമായി ബന്ദികളുടെയും നൂറുകണക്കിന് ഫലസ്തീൻ തടവുകാരുടെയും മോചനം നടക്കും. ബന്ദികളിൽ ആദ്യം സിവിലിയന്മാരെയും പിന്നീട് സൈനികരെയുമാകും വിട്ടയക്കുക. പ്രതിദിനം 600 എണ്ണമെന്ന തോതിൽ സഹായട്രക്കുകളും കടത്തിവിടും. ഗസ്സയിൽ യുദ്ധവിരാമവും പുനർനിർമ്മാണവും അവസാനമായി നടപ്പാക്കും.

എന്നാൽ, ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണം. നിലവിൽ ബെൻഗ്വിറിന്റെ ഒറ്റ്‌സ്മ യെഹൂദിത് കക്ഷിക്ക് ആറും സ്‌മോട്രിച്ചിന്റെ റിലീജ്യസ് സയണിസം പാർട്ടിക്ക് ഏഴും സീറ്റുണ്ട്. ഇവ രണ്ടും പിന്തുണച്ചാണ് നെതന്യാഹു സർക്കാർ നിലനിൽക്കുന്നത്. പുതുതായി പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ യെഷ് അതിദ് കക്ഷിക്ക് 24 സീറ്റുണ്ട്. തീവ്രവലതുപക്ഷം പിന്തുണ പിൻവലിച്ചാലും സർക്കാർ വീഴില്ലെന്നതിനാൽ നെതന്യാഹുവിന് നിലവിൽ ആശങ്കകളില്ല.

വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രയേൽ, ഈജിപ്ത്, യു.എസ് ഉദ്യോഗസ്ഥർ കൈറോയിൽ സമ്മേളിക്കുന്നുണ്ട്. നിർദേശത്തിന് അന്തിമരൂപം നൽകുകയും ഹമാസിനെയും ഇസ്രയേലിനെയും ഇത് സമ്മതിപ്പിക്കുകയും ചെയ്യലാണ് ലക്ഷ്യം. അതേസമയം ബൈഡൻ മുന്നോട്ടു വെച്ച പ്ലാൻ ഇസ്രയേൽ അംഗീകരിക്കുമെന്ന് റിപ്പോർട്ടുകൾ. ബന്ദികളുടെ മോചനത്തിന് കാര്യമായ പരിഗണന നൽകി കൊണ്ടാണ് ഇസ്രയേൽ ബൈഡന്റെ നിർദ്ദേശം അംഗീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബൈഡൻ മുന്നോട്ടുവച്ച പ്ലാൻ ഇസ്രയേൽ അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവായ ഒഫിർ ഫാൽക്കാണ് സൺഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്റെ നിർദ്ദേശങ്ങൾ കുറ്റമറ്റതാണെന്ന് കരുതുന്നില്ലെങ്കിലും ബന്ദികളുടെ മോചനം ഉൾപ്പെടെ ഇസ്രയേൽ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ നിർദ്ദേശം അംഗീകരിക്കാൻ തയാറായിരിക്കുന്നതെന്നും ഒഫിർ ഫാൽക്ക് പറഞ്ഞു. ഹമാസിനെ വംശഹത്യ നടത്തുന്ന ഭീകര സംഘടനയായി കണ്ട് നശിപ്പിക്കുക എന്ന ഇസ്രയേൽ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും നെതന്യാഹുവിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. അതേസമയം ബൈഡന്റെ പ്ലാൻ അതേപടി ഇസ്രയേൽ അംഗീകരിക്കില്ല. പ്ലാനിൽ ഇനിയും തിരുത്തലുകൾ ആവശ്യമാണെന്നും ഇസ്രയേൽ അറിയിച്ചു.

അതേസമയം ഗസ്സയിൽ 24 മണിക്കൂറിനിടെ 60 പേർ കൂടി കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇതോടെ 36,439 ആയി. പരിക്കേറ്റവർ 82,627. 20 ദിവസത്തെ ആക്രമണമവസാനിപ്പിച്ച് നേരത്തെ അധിനിവേശസേന മടങ്ങിയ ജബാലിയയിൽനിന്ന് 50 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തിരുന്നു. ഇതോടെ ഇവിടെനിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 120 ആയി. ഗസ്സയിൽ പട്ടിണി മരണം വ്യാപകമായതായും റിപ്പോർട്ടുകൾ പറയുന്നു.

വടക്കൻ ഗസ്സയിൽ ദിവസങ്ങൾക്കിടെ മാത്രം 30 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. റഫ അതിർത്തി അടച്ച് ഗസ്സയിലേക്ക് സഹായട്രക്കുകൾ മുടക്കുക കൂടി ചെയ്തതാണ് സ്ഥിതി വഷളാക്കുന്നത്. 3,000ത്തിലേറെ കുട്ടികൾ കടുത്ത പട്ടിണിയെ തുടർന്നുള്ള രോഗങ്ങളുമായി ആശുപത്രിയിൽ മല്ലിടുകയാണെന്നും ഇവരുടെ ചികിത്സ പ്രയാസത്തിലാണെന്നും ഫലസ്തീൻ യുനിസെഫ് പ്രതിനിധി ജൊനാഥൻ ക്രിക്‌സ് പറഞ്ഞു.