ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രയേലിനൊപ്പം എന്ന നിലപാട് ആവർത്തിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ട്വറ്ററിലൂടെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ പിന്തുണയ്ക്ക് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ പിന്തുണ അറിയിച്ചു.

നേരത്തെയും ഇന്ത്യ ഇസ്രയേലിന് അനുകൂലമാണെന്ന നിലപാട് അവർത്തിച്ചിരുന്നു. തീവ്രവാദ ആക്രമണമാണ് ഇസ്രയേലിന് നേരെ ഉണ്ടായതെന്നാണ് മോദി ആദ്യം പ്രതികരിച്ചത്. ഈ നിലപാട് ആവർത്തിക്കുകയാണ് മോദി ഇപ്പോൾ ചെയ്തിരിക്കുന്നത്. അതേസമയം, ഇസ്രയേലിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വിവിധ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ നിരീക്ഷിച്ച ശേഷമാകും. യുദ്ധമേഖലയിൽ കുടുങ്ങിയ ഇന്ത്യയിൽ നിന്നുപോയ തീർത്ഥാടകരായ മലയാളികളെയടക്കം വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മലയാളികൾ അടക്കമുള്ളവർ ഇസ്രയേലിൽ കുടങ്ങിയിട്ടുണ്ട്.

എന്നാൽ ഒഴിപ്പിക്കൽ സംബന്ധിച്ച് ഇന്ത്യയുടെ നീക്കങ്ങളപ്പറ്റി കേന്ദ്ര സർക്കാർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുദ്ധമേഖലയിലെ ഇന്ത്യാക്കാരെ സംബന്ധിച്ച വിവരങ്ങൾ എംബസിക്കുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇസ്രയേലിന്റെ അയൽ രാജ്യങ്ങളോടും ഗൾഫ് രാജ്യങ്ങളോടും വിദേശകാര്യമന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങൾ ആകോപിപ്പിക്കുന്നത്.

പതിനെട്ടായിരത്തോളം ഇന്ത്യാക്കാരാണ് നിലവിൽ ഇസ്രയേലിലുള്ളത്. അതേസമയം യുദ്ധത്തിനെതിരായി കോൺഗ്രസ് പാസാക്കിയ പ്രമേയത്തിൽ ഹമാസ് ആക്രമണം പരാമർശിക്കാത്തതിൽ പാർട്ടിക്കുള്ളിൽ നേതാക്കൾ അതൃപ്തി അറിയിച്ചു. പ്രവർത്തക സമിതിയിലെ പത്തിലധികം നേതാക്കളാണ് ആക്രമണത്തെ അപലപിക്കണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമായിരുന്നു വിഷയം സമിതി ചർച്ച ചെയ്തത്. കോൺഗ്രസ് ഫലസ്തീന് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ഇസ്രയേൽ അനുകൂല നിലപാട് കൈകകൊണ്ടത്.

അതേസമയം ഗസ്സയിൽ നിലയ്ക്കാതെ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 പിന്നിട്ടു. ഇതിൽ 140 കുട്ടികളും ഉൾപ്പെടുമെന്ന് ഫലസ്തീൻ അധികൃതർ അറിയിച്ചു. യുദ്ധം തുടരുമെന്ന് വ്യക്തമാക്കിയ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ശത്രുവിന് ഒരിക്കലും മറക്കാത്ത തിരിച്ചടി നൽകുമെന്ന് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതേസമയം, ഗസ്സയിലെ ആശുപത്രികളിലേക്കുള്ള അന്താരാഷ്ട്ര വൈദ്യസഹായം തടയരുതെന്നും വൈദ്യസഹായത്തിനായി സുരക്ഷിത ഇടനാഴി ഒരുക്കണമെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ 100ലേറെ ഇസ്രയേലികളെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ട്.

ഭക്ഷണം, വെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം തടയുന്ന സമ്പൂർണ ഉപരോധമാണ് ഗസ്സക്ക് മേൽ ഇസ്രയേൽ പ്രഖ്യാപിച്ചത്. 20 ലക്ഷത്തിലേറെയുള്ള ജനങ്ങളുള്ള ഗസ്സയിൽ ഇസ്രയേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധം കൂടിയാകുമ്പോൾ നഗരം മരുന്നിനും ഭക്ഷണത്തിനും വരെ വഴിയില്ലാത്ത മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. യൂറോപ്യൻ യൂണിയനും സഹായം നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ, ഫലസ്തീൻ ജനതക്ക് സഹായം നിഷേധിക്കരുതെന്ന് സ്‌പെയിനും ഫ്രാൻസും ആവശ്യപ്പെട്ടു. 'ഹമാസ് യൂറോപ്യൻ യൂനിയന്റെ ഭീകരവാദ പട്ടികയിലുള്ള സംഘടനയാണ്. അതിനെയും ഫലസ്തീൻ ജനതയെയും ഫലസ്തീൻ ഭരണകൂടത്തെയും അവിടെ പ്രവർത്തിക്കുന്ന യു.എൻ സംഘടനകളെയും മനസിലാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകരുത്. ഈ സഹകരണം തുടരണം' - സ്പാനിഷ് ആക്ടിങ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബരേസ് പറഞ്ഞു. ഭാവിയിൽ ഫലസ്തീനിൽ കൂടുതൽ സഹായം ആവശ്യമായിവരുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച വൈകീട്ട് യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരും.

ഫലസ്തീൻ ജനങ്ങൾക്കുള്ള സഹായം നിർത്തിവെക്കുന്നതിന് തങ്ങൾ അനുകൂലമല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം യൂറോപ്യൻ കമീഷന് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധം തുടരുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഹമാസ് ചെയ്തത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് അവർ തിരിച്ചറിയും. അവരും ഇസ്രയേലിന്റെ എല്ലാ ശത്രുക്കളും പതിറ്റാണ്ടുകളോളം ഓർത്തുവെക്കുന്ന മറുപടിയാണ് സൈന്യം നൽകുന്നത്. ഹമാസ് ഐ.എസിന് തുല്യമാണ്. ഇസ്രയേൽ അല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ ഇത് അവസാനിപ്പിക്കുക ഇസ്രയേലായിരിക്കും. ഇസ്രയേൽ ഇതിൽ വിജയിക്കുമ്പോൾ ലോകം മുഴുവനാണ് വിജയിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.

യുദ്ധം പ്രഖ്യാപിച്ച് മൂന്നാംദിനം രാത്രിയും ഗസ്സയിൽ തീമഴ പെയ്യിച്ച ഇസ്രയേൽ സൈന്യം പാർപ്പിട സമുച്ചയങ്ങളുൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തു. ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിൽ പലതും ഭാഗികമായി തകർന്നു. അഭയാർഥി ക്യാമ്പുകൾക്കുനേരെയും വ്യോമാക്രമണമുണ്ടായി. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന നടപ്പാക്കുക ലക്ഷ്യമിട്ടുള്ള ആക്രമണമാണ് സൈന്യം നടപ്പാക്കുന്നത്.