- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്യമിനെ കുറിച്ചോ കാമിലയെ കുറിച്ചോ ഒന്നും മിണ്ടിയില്ല; ചാൾസിനെയും കെയ്റ്റിനെയും കുറ്റപ്പെടുത്തിയില്ല; ജീവിത പ്രതിസന്ധികളെ കുറിച്ച് പറഞ്ഞപ്പോഴും സൂക്ഷ്മത പാലിച്ച് ഹാരി; ഒന്നര മണിക്കൂർ നീണ്ട ചാറ്റ് വിവാദങ്ങളില്ലാതെ; മിത ഭാഷിയായി ഹാരി രാജകുമാരൻ മാറുമ്പോൾ
ലണ്ടൻ: പക്വതയാർജ്ജിച്ചതാണോ അതോ തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ചതാണോ ? ഏതായാലും ഹാരി രാജകുമാരൻ മിതഭാഷി ആകാൻ തീരുമാനിച്ചിരിക്കുന്നു. ട്രോമ വിദഗ്ധൻ ഡോ. ഗാബോർ മെയ്‌റ്റുമായുള്ള ഒന്നര മണിക്കൂർ സംഭാഷണത്തിനിടയിൽ ഹാരി, പതിവുപോലെ തന്റെ കുടുംബത്തിനെതിരെ ചെളി വാരിയെറിയാൻ മുതിർന്നില്ല. ടിക്കറ്റൊന്നിന് 17 പൗണ്ട് ചാർജ്ജ് ചെയ്തുകൊണ്ടുള്ള ഈ ലൈവ് സ്ട്രീം കണ്ടവർക്കൊക്കെ ടിക്കറ്റിനൊപ്പം ഹാരിയുടെ ഓർമ്മക്കുറിപ്പുകൾ ''സ്പെയർ'' ന്റെ ഒരു സൗജന്യ കോപ്പിയും നൽകി.
തന്റെ മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ചും, അഫ്ഗാൻ യുദ്ധത്തെയുമൊക്കെ കുറിച്ച് വാചാലനായ ഹാരി പക്ഷെ ഇത്തവണ തന്നെ ഒരു ഇരയായി കണ്ടില്ല എന്നതും ശ്രദ്ധേയമായി. അതേസമയം, കുടുബത്തിൽ താൻ എന്നും ഒറ്റപ്പെട്ടവൻ ആയിരുന്നു എന്നും, തന്റെ അമ്മയ്ക്കും അതേ മാനസികാവസ്ഥയായിരുന്നു എന്നും പറഞ്ഞ ഹാരി, മേഗൻ തന്നെ രക്ഷിച്ചത് എങ്ങനെയെന്നും വിശദമാക്കി. എന്നാൽ, പതിവുപോലെ മറ്റ് രാജകുടുംബാംഗങ്ങൾക്ക് നേരെ വിഷം വമിക്കാൻ ഹാരി ശ്രമിച്ചില്ല.
സംഭാഷണത്തിൽ ഉടനീളം തന്റെ സഹോദരൻ വില്യം, ഭാര്യ കെയ്റ്റ്, കാമില എന്നിവരെ കുറിച്ച് പരാമർശിക്കാതിരിക്കാൻ ഹാരി പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ, ഇത്തരത്തിലൊരു സമീപനം, ഇപ്പോഴത്തെ സാഹചര്യം മാറ്റിമറിക്കും എന്ന് തോന്നുന്നില്ല എന്നായിരുന്നു രാജകുടുംബ കാര്യങ്ങളിൽ വിദഗ്ധനായ റിച്ചാർഡ് ഫിറ്റ്സ്വില്യംസ് പറഞ്ഞത്. കാര്യങ്ങൾ അത്രയേറെ ഗൗരവമുള്ളതാണെന്നും വിടവ് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറെ വിവാദമുണ്ടാക്കാതെ ഈ അഭിമുഖം നടന്നത് അതിൽ കുരുക്കുള്ള ചോദ്യങ്ങൾ ഒന്നും തന്നെ ചോദിക്കാതിരുന്നതിനാലാണ് എന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ചോദ്യത്തിന്, ഒരു ശത്രു രാജ്യത്തിന്റെ മണ്ണിൽ നിൽക്കുമ്പോഴുള്ള മാനസികാവസ്ഥയാണ് ചോദിച്ചത്. അവിടെ ഹാരി കൊന്നു തള്ളി എന്ന് അവകാശപ്പെടുന്ന താലിബാനികളുടെ എണ്ണം എത്രയാണെന്ന് ചോദിച്ചില്ല എന്നും അവർ അവകാശപ്പെടുന്നു.
സ്പെയർ എന്ന ഓർമ്മക്കുറിപ്പുകൾ പുറത്തിറങ്ങിയതിനു ശേഷം ഹാരിയുടെയും മേഗന്റെയും അമേരിക്കയിലെ റേറ്റിങ് കുത്തനെ ഇടിഞ്ഞിരുന്നു. കൂനിന്മേൽ കുരു എന്നപോലെ ഇരുവരെയും കളിയാക്കികൊണ്ടുള്ള സൗത്ത് പാർക്കിലെ എപ്പിസോഡ് വലിയ രീതിയിൽ ജനങ്ങൾ സ്വീകരിക്കുകയും ചെയ്തു. റേറ്റിംഗിന് അതീവ പ്രാധാന്യമുണ്ടെന്ന് ഫിറ്റ്സ്വില്യംസൺ ചൂണ്ടിക്കാട്ടുന്നു. നിങ്ങൾ ഒരു യുദ്ധം പ്രഖ്യാപിക്കുമ്പോൾ, നിങ്ങളുടെ ഹോം ടീമിന്റെ പിന്തുണ ഉണ്ടായിരിക്കണം. അത് നഷ്ടപ്പെടുന്നു എന്ന തോന്നലാകാം ഹാരിയെ കൂടുതൽ പക്വമതിയാക്കിയത്.
അതേസമയം, താൻ തന്റെ മക്കളെ കൂടെക്കൂടെ വാരിപുണരാറുണ്ട് എന്ന് പറഞ്ഞ ഹാരി തനിക്ക് തന്റെ പിതാവിൽ നിന്നും കിട്ടാതെപോയത് അതാണെന്നും പറഞ്ഞു. അതുപോലെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ കുട്ടികളുടെ മുൻപിൽ വച്ച് വാക്കുതർക്കത്തിൽ ഏർപ്പെടരുതെന്നും ഹാരി പറഞ്ഞു. തനിക്ക് വളരെ നല്ലൊരു പങ്കാളിയെയാണ് ലഭിച്ചതെന്ന് പറഞ്ഞ ഹാരി, മേഗൻ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്നു എന്നും പറഞ്ഞു. അതേസമയം തന്റെ മാതാപിതാക്കൾ തന്റെ മുൻപിൽ വെച്ച് തർക്കങ്ങളിൽ ഏർപ്പെടാറുണ്ടായിരുന്നു എന്നും ഹാരി പറഞ്ഞു.
അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ (എ ഡി ഡി) എന്ന ഒരു മാനസികാവസ്ഥയാണ് ഹാരിക്ക് ഉള്ളത് എന്നായിരുന്നു ഡോ. മെയ്റ്റ് കണ്ടെത്തിയത്. അതേസമയം, പുസ്തകമെഴുതിയതിന് തന്നെ കുറ്റപ്പെടുത്തുന്നവരോട് ഹാരി പറയുന്നത് താൻ തന്റെ അനുഭവങ്ങൾ പങ്കു വെച്ചു എന്നാണ്. അത് മറ്റൊരാൾക്ക് പ്രയോജനം ചെയ്താൽ അത്രയും നല്ലതായിരിക്കും എന്നും ഹാരി കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്