ഹിസ്ബുള്ളയെ ഭീകരരെന്ന് വിളിക്കാതെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ബ്രിട്ടന്‍; യുഎന്‍ പൊതുസഭയിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തള്ളി ഇസ്രായേല്‍; കീര്‍ സ്റ്റാര്‍മെര്‍ക്കെതിരെ സ്വന്തം രാജ്യത്തും വിമര്‍ശനം

ലണ്ടന്‍: ഹിസ്ബുളളയെ തീവ്രവാദികളെന്ന് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗം നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മെര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നു. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേല്‍ അടിയന്തരമായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

യുദ്ധം ശക്തമാകുന്നത് ആര്‍ക്കും ഗുണകരമാകില്ല എന്നാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാട്ടിയത്. അത് കൊണ്ട് തന്നെ ഇരു കൂട്ടരും യുദ്ധമുഖത്ത് നിന്ന് പിന്‍മാറണം എന്നായിരുന്നു അദ്ദേഹത്തത്തിന്റെ ആവശ്യം. ഹിസ്ബുള്ളക്കെതിരായ പോരാട്ടം ശക്തമായി തുടരും എന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സ്റ്റാര്‍മര്‍ യു.എന്‍ പൊതുസഭയില്‍ പ്രസംഗം നടത്തിയത്. യുദ്ധം തുടരുകയാണെങ്കില്‍ അതാര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തിലേക്ക് മാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇസ്രയേലിനോടും ഹിസ്ബുളളയോടും അടിയന്തരമായി ആക്രമണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നാല്‍ മാത്രമേ നയതന്ത്രതലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും സ്റ്റാര്‍മര്‍ ചൂണ്ടിക്കാട്ടി. ഇതിനായി സുഹൃദ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഗാസയിലും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഹമാസ് തട്ടിക്കൊണ്ട് പോയ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കണം എന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന വസ്തുത അപമാനകരമാണെന്നും സ്റ്റാര്‍മെര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഹിസ്ബുള്ളയെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രസംഗത്തില്‍ ഉടനീളം അദ്ദേഹം ഹിസ്ബുള്ള എന്ന് മാത്രമാണ് വിശേഷിപ്പിച്ചത്. ഒരു രാജ്യമായ ഇസ്രയേലും തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയും തമ്മില്‍ ഏററുമുട്ടുമ്പോള്‍ ഹിസ്ബുള്ള ഒരു തീവ്രവാദ സംഘടനയാണെന്ന സൂചന പോലും ആ പ്രസംഗത്തില്‍ ഇല്ലായിരുന്നു എന്ന വിഷയം ഇപ്പോള്‍ ബ്രിട്ടനില്‍ പോലും ചര്‍ച്ചാവിഷയം ആകുകയാണ്.

യു.എന്‍ പൊതുസഭ പോലെയുള്ള ഒരു സുപ്രധാന വേദിയില്‍ തീവ്രവാദ പ്രസ്ഥാനത്തെ തീവ്രവാദികള്‍ എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.