ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍, മുന്‍ ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായി പ്രീതി പട്ടേലും രംഗത്തെത്തി. എതിരാളികള്‍ പ്രാധാന്യം നല്‍കുന്നത് വ്യക്തിഗത താത്പര്യങ്ങള്‍ക്കാണ് എന്ന ആരോപണവുമായാണ് അവര്‍ എത്തുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയായ ഇന്ന് ഷാഡോ ഹൗസിംഗ് , കമ്യൂണിറ്റീസ് സെക്രട്ടറിഒ കെമി ബേഡ്‌നോക്കും കളത്തിലിറങ്ങും എന്നാണ് കരുതുന്നത്. അതേസമയം, മറ്റൊരു മുന്‍ ഹോം സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആവശ്യമായ 10 എം പിമാരുടെ പിന്തുണ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ട്ടിയുടെ നിരാശാജനകമായ തോല്‍വിക്ക് ശേഷം, പാര്‍ട്ടിക്കുള്ളില്‍ ഐക്യത്തിനായി ഉള്ള സ്ഥനാര്‍ത്ഥി എന്ന് അവകാശപ്പെടുന്ന പ്രീതി പട്ടേല്‍, പാര്‍ട്ടി അംഗങ്ങളല്ല മറിച്ച് നേതാക്കളാണ് പാര്‍ട്ടിയുടെ പരാജയത്തിന് കാരണം എന്നാണ് പറയുന്നത്. സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുക, വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക, കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കണ്‍സര്‍വേറ്റീവ് അടിസ്ഥാന ആശയങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നും, മറിച്ച് ചില നേതാക്കളെയാണ് ജനങ്ങള്‍ തള്ളിയതെന്നും അവര്‍ പറഞ്ഞു.

അടിസ്ഥാന കണ്‍സര്‍വേറ്റീവ് ആശയത്തില്‍ താന്‍ ഉറച്ചു നില്‍ക്കുമെന്നും അതിനപ്പുറമുള്ളമുള്ള ഇടത് വലത് ആശയങ്ങളിലേക്ക് പാര്‍ട്ടിയെ നയിക്കില്ലെന്നും അവര്‍ പറഞ്ഞു. ബാഡ്‌നോക്കിനും ബ്രേവര്‍മാനും എതിരായിട്ടുള്ള ആക്രമണമായിട്ടാണ് ചില നിരീക്ഷകര്‍ ഈ വാക്കുകളെ വിലയിരുത്തുന്നത്. കണ്‍സര്‍വേറ്റീവ് മൂല്യങ്ങളെ ശക്തമായ നയങ്ങളായി രൂപപ്പെടുത്തേണ്ട സമയം ആഗതമായിരിക്കുന്നു എന്നും പ്രീതി പട്ടേല്‍ പറഞ്ഞു. പാര്‍ട്ടിക്ക് മുന്‍പില്‍ പ്രഥമ പരിഗണനയായി വരേണ്ടത് വ്യക്തിഗത താത്പര്യങ്ങള്‍ അല്ലെന്നും രാജ്യമായിരിക്കണമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ഭരണത്തിലാണെങ്കിലും പ്രതിപക്ഷത്തിലാണെങ്കിലും രാജ്യ താത്പര്യം മുന്‍ നിര്‍ത്തിയാകണം പ്രവര്‍ത്തിക്കേണ്ടത് എന്നും അവര്‍ പറഞ്ഞു.

നാമനിര്‍ദ്ദേശം നല്‍കുവാന്‍ ഇനിയും സമയമുണ്ടെങ്കിലും പ്രചാരണം കടുക്കുകയും വ്യക്തിഗത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. പേരെടുത്തു പറയാതെ, ഒരു കണ്‍സര്‍വേറ്റീവ് നേതാവ് തനിക്കെതിരെ വൃത്തികെട്ട രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതായി കഴിഞ്ഞയാഴ്ച ബാഡ്‌നോക്ക് ആരോപിച്ചിരുന്നു. മുന്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, മുന്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ ടോം ടുഗെന്‍ഡറ്റ്, മുന്‍ ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ റോബര്‍ട്ട് ജെന്റിക്ക് എന്നിവരും മത്സരത്തിന് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ചുരുങ്ങിയത് 10 എം പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. സെപ്റ്റംബര്‍ മുതലായിരിക്കും എം പി മാര്‍ വിവിധ ഘട്ടങ്ങളില്‍ വോട്ട് ചെയ്യുന്നത് ആരംഭിക്കുക.

അതില്‍ മുന്നിട്ടു നില്‍ക്കുന്ന നാല് പേര്‍ ബിര്‍മ്മിംഗ്ഹാമിലെ പാര്‍ട്ടി സമ്മേളനത്തില്‍ എം പി മാരുടെയും പാര്‍ട്ടി അംഗങ്ങളുടെയും പിന്തുണക്കായി ശ്രമിക്കും. ഒക്ടോബര്‍ 8 നും 10 നും സ്ഥാനാര്‍ത്ഥികള്‍ എം പിമാര്‍ക്ക് മുന്‍പില്‍ പ്രചാരണ പ്രസംഗം നടത്തും. അതിനു ശേഷം വോട്ടെടുപ്പ് നടത്തി രണ്ട് സ്ഥാനാര്‍ത്ഥികളെ മാത്രം ഗോദയില്‍ അവശേഷിപ്പിക്കും. അതിനു ശേഷം ഇരു സ്ഥാനാര്‍ത്ഥികളും രാജ്യ വ്യാപകമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും. അതിനു ശേഷം പാര്‍ട്ടി അംഗങ്ങളായിരിക്കും ആര് നേതാവാകണമെന്ന് തീരുമാനിക്കുന്ന വോട്ടിംഗില്‍ പങ്കെടുക്കുക. നവംബര്‍ 2 ന് ഫലം പ്രഖ്യാപിക്കും.