ലണ്ടൻ: മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ റഷ്യ ഹാക്ക് ചെയ്തു എന്ന സംശയം ബലപ്പെട്ടതോടെ സ്വകാര്യ ഫോണുകൾ സർക്കാർ കാര്യങ്ങൾക്കായി ഉപായോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പ്രധാനമന്ത്രി ഋഷി സുനകിനോടും സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. നാഷണൽ സെക്യുരിറ്റിയുമായി ബന്ധപ്പെട്ട എല്ലാ മന്ത്രിമാരും ഈ ആഴ്‌ച്ചയിൽ തന്നെ അതുമായി ബന്ധപ്പെട്ട പുതിയ പരിശീലന പരിപാടിയിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. റഷ്യ, ചൈന, ഉത്തര കൊറിയ ഇറാൻ എന്നീ രാജ്യങ്ങൾ ഹാക്ക് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ, വ്യക്തിഗത ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന് മുന്നറിയിപ്പും മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു, മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ ഫോൺ ഹാക്ക് ചെയ്ത റിപ്പോർട്ട് പുറത്തു വന്നത്. അവർ വിദേശകാര്യ സെക്രട്ടറി ആയിരിക്കുമ്പോഴായിരുന്നു റഷ്യക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്ന് സംശയിക്കപ്പെടുന്ന ഒരു കൂട്ടം ഹാക്കർമാർ അവരുടെ ഫോൺ ഹാക്ക് ചെയ്തത്. പിന്നീട്, ബോറിസ് ജോൺസൺ രാജിവെച്ച ഒഴിവിലേക്ക് പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ഈക്കഴിഞ്ഞ വേനൽക്കാലത്തായിരുനു ഫോൺ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്.

എന്നാൽ ആ വാർത്ത പുറത്തു വിടാതെ മുക്കുകയായിരുന്നു ബോറിസ് ജോൺസനും അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി സൈകൺ കേസും ചെയ്തത്. ഉയർന്ന നിലയിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള പ്രധാനപ്പെട്ട എം പി മാരിൽ നിന്നുപോലും ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നു. ഈ വാർത്ത പുറത്തുവന്നാൽ, നേതൃസ്ഥാനത്തെക്കുള്ള തന്റെ ശ്രമങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ലിസ് ഭയന്നിരുന്നതയി അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധ്രിച്ചുകൊണ്ട് ചില മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏകദേശം ഒരു വർഷക്കാലയളവിലെ വിവരങ്ങൾ ചൊർത്തപ്പെട്ടതായാണ് കരുതുന്നത്. അതിൽ മറ്റു പല രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുമായി നടത്തിയ സംഭാഷണ ശകലങ്ങളും ഉൾപ്പെടും. യുക്രെയിന് നൽകുന്ന സഹായങ്ങളെ കുറിച്ചുള്ള വിവരങ്ങളും ചൊർത്തപ്പെട്ടാവയിൽ ഉണ്ട് എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും, വാർത്ത പുറത്തു വന്ന ഉടനെ തന്നെ, ഇക്കാര്യം രഹസ്യാന്വേഷണ ഏജൻസികളും സുരക്ഷാ കമ്മിറ്റിയും അന്വേഷിക്കുമെന്ന് പാർലമെന്റ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ഫോറിൻ സെക്രട്ടറി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഫോൺ ഉപയോഗിച്ചതിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. മുൻ സുരക്ഷാ മന്ത്രി കൂടിയായ ബരോണസ്സ് നെവിൽ ജോൺസ് പറഞ്ഞത്, സ്വകാര്യ ഫോണുകളും മറ്റും ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ്. അതുകൊണ്ടു തന്നെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ ഫോണുകൾ ഒരു സാഹചര്യത്തിലും ഉപയോഗിക്കരുതെന്നും അവർ പറയുന്നു.