- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയ്ക്ക് നിലനിർത്താൻ കഴിഞ്ഞ അവസാനത്തെ നഗരവും വിട്ടോടി റഷ്യൻ പട്ടാളക്കാർ; ശക്തമായ പ്രതിരോധത്തിൽ സേന തകർന്നപ്പോൾ ഖേർസൺ നഗരം ഉപേക്ഷിച്ച് നദി കടന്ന് റഷ്യൻ സേന; ക്രീമിയയിലേക്കുള്ള വഴി ഉറപ്പിച്ച് യുക്രെയിൻ സേനയും; യുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ തിരിച്ചടിയിൽ ഞെട്ടി പുടിൻ
ലോകത്തിലെ വൻശക്തികളിൽ ഒന്ന് എന്ന റഷ്യയുടെ പ്രതിച്ഛായ പോലും തകർക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് യുക്രെയിൻ കീഴടക്കി, പാവ ഭരണകൂടത്തേയും സ്ഥാപിച്ച് മടങ്ങാമെന്ന പ്രതീക്ഷയിൽ തുടങ്ങിയ യുദ്ധം മാസങ്ങൾ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ല എന്ന് മാത്രമല്ല, പിടിച്ചടക്കിയ പ്രവിശ്യകൾ ഓരോന്നായി ഉപേക്ഷിക്കേണ്ടതായും വന്നിരിക്കുന്നു റഷ്യയ്ക്ക്. റഷ്യൻ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന അവസാന നഗരവും വിട്ട് പ്രാണരക്ഷാർത്ഥം പലായനം ചെയ്യുകയാണ് റഷ്യൻ സൈന്യം.
ഇനിയും പിടിച്ചു നിൽക്കാനാകില്ല എന്ന് ബോദ്ധ്യമായതോടെ ഉയർന്ന സൈനികർ തന്നെ ഖേർസണിൽ നിന്നുള്ള പിന്മാറ്റത്തിനു ഉത്തരവിടുകയായിരുന്നു. യുക്രെയിൻ പ്രതിരോധം ശക്തമാക്കിയതോടെയാണ് ജനറൽ സെർജീ സുരോവികിൻ, പ്രതിരോധമന്ത്രി സെർജി ഷോയ്ഗുവിനൊപ്പം ടി വി യിൽ പ്രത്യക്ഷപ്പെട്ട് ഖേർസൺ വിട്ട് നിപ്രോ നദിയുടെ മറുകരയിലെത്താൻ സൈനികർക്ക് ഉത്തരവ് നൽകിയത്. ഖെർസൺ നഗരം യുക്രെയിന് വിട്ടുകൊടുക്കുവാനും ഉത്തരവിട്ടു.
തങ്ങളുടെ സൈനികർ അപകടത്തിലാണെന്നും സാധാരണ മനുഷ്യർ കൊല്ലപ്പെടുകയാണെന്നും സുരോവികിൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മന്ത്രിയും ഇക്കാര്യം സമ്മതിച്ചപ്പോൾ, സൈന്യത്തെ എത്രയും പെട്ടെന്ന് പിൻവലിക്കാൻ ജനറൽ ഉത്തരവിറക്കി. റഷ്യയുടെ ജയത്തെ പ്രോത്സാഹിപ്പിച്ച് രംഗത്ത് വന്നിരുന്ന പുടിനെ അവിടെയെങ്ങും കാണാനില്ലായിരുന്നു.
കൈയടക്കി വെച്ചിരുന്ന സുപ്രധാന ചെക്ക് പോസ്റ്റുകൾ എല്ലാം റഷ്യൻ സൈന്യം വിട്ടു കൊടുത്തു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. യുക്രെയിൻ പട്ടാളം തങ്ങളെ പിന്തുടരാതിരിക്കാൻ നദിക്ക് കുറുകെയുള്ള പാലങ്ങളും അവർ തകർക്കുകയാണ്. ഖെർസണിലെ കീഴടങ്ങൽ പുടിനെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേട് തന്നെയാണ്. ആഴ്ച്ചകൾക്ക് മുൻപ് മാത്രം റഷ്യൻ സൈന്യം പിടിച്ചെടുത്ത ഈ നഗരം നിപ്രോ നദിയുടേ പടിഞ്ഞാറൻ തീരത്ത് റഷ്യയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്ന ഏക സ്ഥലമായിരുന്നു. മാത്രമല്ല, ക്രീമിയയിലേക്കുള്ള വഴിയിലെ ഒരു പ്രധാന ചെക്ക് പോയിന്റ് കൂടിയാണിത്.
റഷ്യ അധികാരത്തിൽ ഏറ്റിയ ഖേർസൺ മേഖലയുടെ ഡെപ്യുട്ടി ഹെഡ് കാർ അപകടത്തിൽ മരണമടഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. ഒരു ട്രക്കുമായി കിരിൽ സ്ട്രെമൊസോവിന്റെ കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മേഖല ഗവർണർ സ്ഥിരീകരിച്ചിരുന്നു. ഖെർസണിലെ റഷ്യൻ അധിനിവേശത്തെ അനുകൂലിക്കുകയും പിന്താങ്ങുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അയാൾ. പല വിധത്തിലുള്ള സഹായങ്ങളും അയാൾ റഷ്യൻ സൈന്യത്തിന് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ യുക്രെയിൻ ഖേർസണിൽ ആക്രമണം ശക്തമാക്കിയിരുന്നു. അടുത്തിടെ നഗരത്തിന്റെ വടക്കൻ അതിർത്തിയിലെ റഷ്യൻ പ്രതിരോധത്തെ തകർക്കുന്നതിൽ യുക്രെയിൻ വിജയിക്കുകയും ചെയ്തു. അതിനു ശേഷം ആ മേഖലയൊൽ, മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വാർത്തകൾ ഒന്നും ലഭ്യമായിരുന്നില്ല. എന്നാൽ, ആ മേഖലയിൽ റഷ്യ സേനയുടെ പുനർവിന്യാസം നടത്തുന്നതായി പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിരുന്നു.
ഖെർസണിൽ നിന്നുള്ള പിന്മാറ്റം പുടിനെ സംബന്ധിച്ച് ഏറ്റവും നാണക്കേടുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ഇത് റഷ്യയുടെ ആദ്യ പരാജയമല്ല. ഏപ്രിലിൽ, തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കുന്നതിൽ നിന്നും സൈന്യത്തിനു പിന്മാറേണ്ടി വന്നു. അതിൽ റഷ്യയുടെ ചില മികച്ച യൂണിറ്റുകൾ അപ്പാടെ ഇല്ലാതെയായി. അതിനുശേഷം ജൂലായ് അവസാനത്തോടെ ഡോൺബാസിലും കനത്ത പരാജയമേറ്റുവാങ്ങി പിന്മാറേണ്ടതായി വന്നു.
പിന്നീട് ഖേർസണിൽ പ്രതിരോധത്തിലേക്ക് മാറിയ യുക്രെയിൻ സേന ഖാർകീവിൽ നിന്നും റഷ്യയെ തുരത്തിയോടിച്ചു. സെപ്റ്റംബർ ആദ്യമായിരുന്നു റഷ്യ ഖാർകീവിൽ നിന്നും പിന്മാറിയത്. ഒക്ടൊബറിൽ റഷ്യൻ സൈന്യത്തെ ഖേർസണിലെ യുദ്ധമുന്നണിയിൽ നിന്നും പിറകോട്ട് അടിപ്പിക്കാൻ യുക്രെയിൻ സൈന്യത്തിനു കഴിഞ്ഞു. ഇപ്പോഴിതാ നവംബറിൽ റഷ്യയ്ക്ക് പൂർണ്ണമായും ഖേർസണിൽ നിന്നും ഓഴിഞ്ഞുപോകേണ്ടതായും വന്നിരിക്കുന്നു. ഖേർസൺ തിരിച്ചു പിടിക്കാൻ ആയത് യുക്രെയിൻ സൈന്യത്തെ സംബന്ധിച്ച് വലിയ ആത്മ വിശ്വാസം പകരുന്ന ഒന്നാണ്. 2014 മുതൽ തന്നെ പലപ്പോഴായി റഷ്യൻ സൈന്യം കൈയടക്കി വച്ചിരിക്കുന്ന യുക്രെയിന്റെ ഭാഗങ്ങൾ തിരിച്ചുപിടിക്കാൻ ഇത് പ്രചോദനം നൽകും.
ഏതായാലും, യുക്രെയിൻ സൈന്യം ഉടനെയൊന്നും നിപ്രോ നദി കടന്ന് ആക്രമണത്തിനു മുതിരാൻ സാധ്യതയില്ല. എന്നാൽ, ക്രീമിയയോട് ഒന്നുകൂടി അടുത്ത് പ്രതിരോധനിര തീർക്കാൻ അവർ ശ്രമിക്കും. ക്രീമിയയെ തങ്ങളുടെ ഹിമാർസ് റോക്കറ്റുകളുടെ പരിധിയിൽ കൊണ്ടുവരാനായിരിക്കും ശ്രമം. നദിയുടെ പടിഞ്ഞാറൻ തീരം പൂർണ്ണമായും മോചിപ്പിക്കാൻ ആയതോടെ മറ്റു മേഖലകളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ യുക്രെയിനു കഴിയും.
തെക്കൻ മേഖലയിലെ സപോറിഷിയയിൽ നിന്നും മെലിറ്റോപോളിലേക്കും അവിടെനിന്ന് ക്രീമിയയിലേക്കുമായിരിക്കും യുക്രെയിൻസൈന്യം നീങ്ങുക എന്ന് പാശ്ചാത്യ യുദ്ധ വിദഗ്ദ്ധർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ