- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു കെ വിട്ട് സ്വതന്ത്ര രാജ്യമാകാനുള്ള സ്കോട്ട്ലാൻഡിന്റെ ആഗ്രഹത്തിനു സുപ്രീം കോടതിയുടെ തിരിച്ചടി; റഫറണ്ടം നടത്താൻ അനുമതി തേടി പോയ എസ് എൻ പിയോട് നോ പറഞ്ഞ് കോടതി; ബ്രിട്ടീഷ് പാർലമെന്റ് അനുമതിയില്ലാതെ ഇനി വിഭജനമില്ല
ലണ്ടൻ: യു കെയിൽ നിന്നും വിട്ടുമാറി സ്കോട്ട്ലാൻഡിനെ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന നിക്കോള സ്റ്റർജന്റെ സ്വപനം പൊലിഞ്ഞു. ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതിയില്ലാതെ സ്വാതന്ത്ര്യം വേണമോയെന്ന് തീരുമാനിക്കാനുള്ള റഫറണ്ടം നടത്താൻ എസ് എൻ പി നേതാവിന് കഴിയില്ലെന്ന സുപ്രീം കോടതി വിധിയോടെയാണ് ഈ സ്വപ്നം പൊലിഞ്ഞത്. തത്ക്കാലം സ്വാതന്ത്ര്യ ചിന്ത മാറ്റിവെച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ ടോറി നേതാക്കൾ സ്റ്റർജനോട് ആവശ്യപ്പെട്ടു.
യു കെ എന്നത് സ്വാഭാവികമായ ഒരു പങ്കാളിത്ത സംവിധാനമല്ലെന്നായിരുന്നു വിധിക്ക് ശേഷം നിക്കോള സ്റ്റർജൻ പ്രതികരിച്ചത്. എന്നിരുന്നാലും സ്വാതന്ത്ര്യത്തിലേക്ക് നിയമാനുസൃതമല്ലാത്ത ഒരു വഴിയും സ്വീകരിക്കുകയില്ലെന്നും അവർ വ്യക്തമാക്കി.അതേസമയം, സ്കോട്ട്ലാൻഡിന് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കരുതെന്നും, റഫറണ്ടം നടത്താൻ സമ്മതിക്കണമെന്നും അവർ പ്രധാനമന്ത്രി ഋഷി സുനകിനോട് അപേക്ഷിക്കുകയും ചെയ്തു.
റഫറണ്ടത്തിന്റെ പാത എസ് എൻ പി ഉപേക്ഷിക്കുന്നില്ലെന്നും വെസ്റ്റ്മിനിസ്റ്റർ അതിന്റെ പാതയിൽ തടസ്സം സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു. 2024-ൽ നടക്കാൻ ഇരിക്കുന്ന അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്കോട്ട്ലാൻഡ് വിഷയം ഉയർത്തിപ്പിടിച്ചായിരിക്കും എസ് എൻ പി തെരഞ്ഞെടുപ്പിനെ നേരിടുക എന്നും അവർ അറിയിച്ചു. മാനിഫസ്റ്റോ തയ്യാറാക്കുന്നതിനായി അടുത്തവർഷം ആദ്യം പാർട്ടി ഒരു പ്രത്യേക സമ്മേളനം ചേരുന്നുണ്ട്.
സ്കോട്ട്ലാൻഡിലെ ഭൂരിപക്ഷം വോട്ടർമാരും യു കെയിൽ നിന്നും വിട്ടുപോകണം എന്ന ആവശ്യത്തെ പിന്തുണക്കുമെന്നാണ് അവർ പറയുന്നത്. എന്നാൽ, 2019- ൽ പാർട്ടിക്ക് ആ ലക്ഷ്യം നേടാനായില്ല എന്നതാണ് വസ്തുത. അതേസമയം, സുപ്രീംകോടതിയുടെ വിധി വ്യക്തവും സുനിശ്ചിതവും ആണെന്നായിരുന്നു ജനപ്രതിനിധി സഭയിൽ ഋഷി സുനക് പ്രതികരിച്ചത്.
നമ്മൾ ഒരുമിച്ച് നേരിടുന്ന വെല്ലുവിളികളെ നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം എന്നാണ് സ്കോട്ട്ലാൻഡിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ഋഷി, സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിലായാലും, എൻ എച്ച് എസ് ആയാലും യുക്രെയിന് നൽകുന്ന പിന്തുണയായാലും യു കെയ്ക്ക് ഒരേ മനസ്സാണ് എന്നും കൂട്ടിച്ചേർത്തു.
ഒരു തലമുറയിൽ ഒരിക്കൽ മാത്രം നടത്താവുന്ന റഫറണ്ടം വീണ്ടും നടത്തുന്നതിൽ പ്രധാനമന്ത്രിക്ക് താത്പര്യമില്ല എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു റഫറണ്ടം നടന്നിട്ട് അധിക കാലം ആയിട്ടില്ല എന്നതിനാൽ മറ്റൊന്ന് ഉടൻ നടത്തേണ്ടതില്ല. മാത്രമല്ല, അടുത്തു നടന്ന റഫറണ്ടത്തിന്റെ ഫലത്തെ മാനിക്കേണ്ടതും ഉണ്ട്. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്റ്റർജൻ ഈ പ്രശ്നം ഉപയോഗിക്കുകയാണെന്നായിരുന്നു ചില ടോറി നേതാക്കൾ വിമർശിച്ചത്.
പിരിഞ്ഞു പോകണമെന്ന ചിന്ത വെടിഞ്ഞ് സ്കോട്ട്ലാൻഡിലെ ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും പരിഗണന നൽകി പ്രവർത്തിക്കാൻ ലഭിച്ച് ഒരു അവസരമാണ് കോടതി വിധി എന്ന് മുൻ പ്രധാനമന്ത്രി തെരേസ മേ നിക്കോളാ സ്റ്റർജനെ ഓർമ്മിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതിയില്ലാതെ ഇനി സ്കോട്ട്ലാൻഡ് പാർലമെന്റിന് റഫറണ്ടവുമായി മുൻപോട്ട് പോകാൻ കഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോടതി. ഏറ്റവും അവസാനം നടത്തിയ റഫറണ്ടത്തിൽ 45 ശതമാനം പേർ യു കെയിൽ നിന്നും പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമാകണം എന്ന് ആവശ്യപ്പെട്ടപ്പോൾ 55 ശതമാനം പേർ യു കേയോട് ചേർന്ന് നിൽക്കാനായിരുന്നു താത്പര്യപ്പെട്ടത്.
മറുനാടന് ഡെസ്ക്