രാജപദവികൾ പണമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഹാരിയുടെയും മേഗന്റെയും അവശേഷിക്കുന്ന രാജപദവികൾ കൂടി എടുത്തു കളയണം എന്ന ആവശ്യം ബ്രിട്ടനിൽ ശക്തമാവുകയാണ്. രാജ്ഞിയുടെ കോമൺവെൽത്ത് പാരമ്പര്യത്തെ ആക്രമിക്കുകയും അതുപോലെ ബ്രിട്ടീഷുകർ വംശീയ വെറിയന്മാരാണെന്ന് പറയുകയും ചെയ്തത് ബ്രിട്ടീഷ് ജനതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഹാരിയുടേയും മേഗന്റെയും പദവികൾ ഇല്ലാതെയാക്കണം എന്നാവശ്യപ്പെട്ട് ഒരു സ്വകാര്യ ബിൽ താൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് എം പി ബോബ് സീലി മാധ്യങ്ങളോട് പറഞ്ഞു. അതുവഴി അവരുടെ സ്റ്റാറ്റസ് ഡീഗ്രേഡ് ചെയ്യുന്നതിനുള്ള അധികാരം പ്രിവി കൗൺസിലിന് ലഭിക്കും.

എന്നും സ്വകാര്യത നഷ്ടപ്പെട്ടു എന്ന് വിലപിക്കാറുള്ള ഹാരിയും മേഗനും തങ്ങളുടെ സ്വകാര്യ ശേഖരത്തിൽ നിന്നും നിരവധി ചിത്രങ്ങളാണ് 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായ ഈ സീരീസിനായി നൽകിയിരിക്കുന്നത്. ഹാരി ആദ്യമായി പ്രണയാഭ്യർത്ഥന നടത്തുന്നതു മുതൽ, ബ്രിട്ടൻ വിട്ട് അമേരിക്കയിലേക്ക് കുടിയേറാൻ ഹീത്രൂ വിമാനത്താവളത്തിലെ വി ഐ പി ലോഞ്ചിൽ ഹാരി ഇരിക്കുന്ന ചിത്രം വരെ ഇതിൽ ഉൾപ്പെടും. രാജകൊട്ടാരത്തിൽ നടക്കുന്ന ബോധപൂർവ്വമല്ലാത്ത വംശീയ വെറിയുടെ കഥകൾ പറയുന്ന ആദ്യ മൂന്ന് എപ്പിസോഡുകളിൽ പിതാവ് ചാൾസ് മൂന്നാമനെതിരെയും ഹാരി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. മത്രമല്ല്, യു കെ ഇപ്പോഴും വംശീയതയുടെ അഭിമാനത്തെ പേറുകയാണെന്നും പറഞ്ഞു വയ്ക്കുന്നുണ്ട്. ബ്രിട്ടനിൽ വരുന്നതിനു മുൻപ് ജീവിതത്തിൽ ഒരിക്കലും തന്നെ ഒരു കറുത്ത വർഗ്ഗക്കാരിയായി ആരും കണ്ടിരുന്നില്ല എന്ന മേഗന്റെ വാക്കുകൾ ഇതിന് കൂടുതൽ ശക്തിയേകുകയും ചെയ്യുന്നു.

ബ്രിട്ടീഷുകാർ സാമ്ര്യാജ്യത്വത്തിന്റെ ലഹരിയിൽ നിന്നും മുക്തി നേടിയിട്ടില്ലെന്നതിന്റെ തെളിവാണ് കോമൺവെൽത്ത് സാമ്രാജ്യം എന്നാണ് അതിൽ പറയുന്നത്. മാത്രമല്ല, ബ്രെക്സിറ്റിനു വേണ്ടി വാദിച്ചവർ വംശവെറിയന്മാരാണെന്നും ഭീതിജനകമായ ആശയങ്ങൾ ഉള്ളവരാണെന്നും പറഞ്ഞു വയ്ക്കുന്നു. ഹാരിയുടെയും മേഗന്റെയും സ്റ്റാറ്റസ് മാറ്റുന്നതിന് 1917-ലെ ടൈറ്റിൽസ് ഡിപ്രിവിയേഷൻ ആക്ടിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. പദവികൾ പണമുണ്ടാക്കുവാനായി ദുരുപയോഗം ചെയ്യുന്നതിനാൽ അത് നീക്കം ചെയ്യാൻ ഔദ്യോഗികമായി തന്നെ ആവശ്യപ്പെടുമെന്നാണ് ഐൽ ഓഫ് റൈറ്റ് എം പി പറഞ്ഞത്.

കോമൺവെൽത്തിനെ സാമ്രാജ്യം 2.0 എന്നാണ് സീരീസിൽ വിശേഷിപ്പിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞി ഏറെ ഇഷ്ടത്തോടെ കൊണ്ടു നടന്ന ഒരു സങ്കൽപമായിരുന്നു കോമൺവെൽത്ത്. അതിനെയാണ് നവ സാമ്രാജ്യമായി ഹാരിയും മേഗനും ചിത്രീകരിച്ചിരിക്കുന്നത്. ഇത് രാജ്ഞിയെ മാത്രമല്ല, മുഴുവൻ ബ്രിട്ടീഷുകാരെയും അപമാനിക്കുന്നതിന് തുല്യമാണ്. ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്വ വെറി ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഹാരി പറയാതെ പറഞ്ഞു വയ്ക്കുകയായിരുന്നു എന്നാണ് കൂടുതൽ പേരും കരുതുന്നത്.

2020 -ലെ മെഗ്സിറ്റ് ഡീൽ അനുസരിച്ച് ഹാരിയും മേഗനും ഇപ്പോഴും ഡ്യുക്ക് ആൻഡ് ഡച്ചസ് ഓഫ് സസ്സെക്സ് എന്നാണ് അറിയപ്പെടുന്നത്. അതുപോലെ എച്ച് ആർ എച്ച് പദവിയും അവർ സൂക്ഷിക്കുന്നുണ്ട്. എന്നാൽ, അത് സജീവമായി ഉപയോഗിക്കില്ല എന്നാണ് അവർ പറയുന്നത്. രാജകുടുംബത്തെ ഈ മനുഷ്യൻ ഇത്രയധികം വെറുക്കുന്നുണ്ടേങ്കിൽ പിന്നെ രാജപദവികൾ വഹിച്ചു നടക്കേണ്ട ആവശ്യമെന്താണെന്ന് സീലി ചോദിക്കുന്നു.

രാജകുടുംബം അത്രയധികം ക്രൂരരാണെങ്കിൽ, പിന്നെന്തിന് അവർ ആ കുടുംബത്തിന്റെ പദവികൾ ഉപയോഗിക്കണം എന്നും അദ്ദേഹം ചോദിക്കുന്നു. മര്യാദയുണ്ടെങ്കിൽ സ്വമേധയാ ആ പദവി ഒഴിവാക്കണം. എന്നാൽ, അവർ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. അതിനാലാണ് അത് ആവശ്യപ്പെട്ടുകൊണ്ട് ഒരു സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമാനമായ ഒരു ബിൽ ഡ്യുക്ക് ഓഫ് യോർക്കായ ആൻഡ്രു രാജകുമാരനെ ഉന്നംവെച്ച് ലേബർ എം പി റേച്ചൽ മാകലും പാർലമെന്റിൽ അവതരിപ്പിക്കുന്നുണ്ട്.

ബ്രിട്ടീഷ് ജനതയെ ഒന്നാകെ വംശീയ വെറിയന്മാർ എന്ന് വിളിച്ചാക്ഷേപിച്ച ഹരിക്കും മേഗനും എതിരെ പല പ്രമുഖരും രൂക്ഷ വിമർശനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ എത്തി. പ്രശസ്തിയും പണവും നേടാൻ കോമാളിത്തങ്ങൾ കാണിക്കുകയാണ് ഹാരിയും മേഗനും എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം. എന്നും തങ്ങളുടെ സ്വകാര്യതയാണ് വലുത് എന്ന് പറഞ്ഞിരുന്ന അവർ സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സീരീസിൽ പൊതുപ്രദർശനത്തിനു വയ്ക്കുന്നതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.