2024 ലേക്കുള്ള അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ വോട്ടെടുപ്പിൽ വീണ്ടും ഫ്ളോറിഡ ഗവർണർ റോൺ ഡി സന്റിസ് മുന്നേറുകയാണ്. യഹൂ ന്യുസും യു ഗവ് പോളും ചേർന്ന് ഡിസംബർ 1 മുതൽ 5 വരെ നടത്തിയ സർവേയിൽ റിപ്പബ്ലിക്കൻ പാർട്ടി അണികളിലും അനുഭാവികളിലും പെട്ട മുതിർന്നവരിൽ 35 ശതമാനം ട്രംപിനോടൊപ്പമാണെന്ന് തെളിഞ്ഞു. 30 ശതമാനം പേരുടെ മാത്രം പിന്തുണ ലഭിച്ച ഡി സാന്റിസ് ഇപ്പോഴും ട്രംപിന്റെ പുറകിലാണെങ്കിലും ഓരോ അഭിപ്രായ വോട്ടെടുപ്പ് കഴിയുമ്പോഴും ഡീ സാന്റിസിനെ പിന്താങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്ന കാഴ്‌ച്ചയാണ് കാണുന്നത്.

റെജിസ്റ്റർ ചെയ്ത ഒരു ചെറിയ വിഭാഗം വോട്ടർമാർക്കിടയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാകട്ടെ ട്രംപിനേക്കാൾ രണ്ടു പോയിന്റുകൾക്ക് മാത്രമായിരുന്നു ഡി സെന്റിസ് പുറകിലായത്. ഇതിലും ട്രംപിന് 35 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ ഡി സാന്റിസിന് ലഭിച്ചത് 33 ശതമാനം പേരുടെ പിന്തുണയായിരുന്നു. സ്ഥാനാർത്ഥി മോഹികളായ മുൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും മുൻ യു എൻ അംബാസിഡർ നിക്കി ഹാലീക്കും ഇതിന്റെ അടുത്തെങ്ങും എത്താൻ ആയില്ല എന്നതും ശ്രദ്ധേയമാണ്. ഇരുവർക്കും ഏകദേശം 5 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഇതേ അഭിപ്രായ സർവേയിൽ തെളിഞ്ഞത് ട്രംപിന് റിപ്പബ്ലിക്കൻ പ്രവർത്തകർക്കിടയിൽ പിന്തുണ കുറയുന്നു എന്ന് തന്നെയായിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന വോട്ടെടുപ്പിൽ ട്രംപിന് 54 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. ഡിസംബറിൽ 12 പോയിന്റ് കുറഞ്ഞ് 42 ശതമാനത്തിൽ എത്തിയിരിക്കുകയാണ് അത്. പ്രസിഡണ്ട് സ്ഥാനാർത്ഥിത്തത്തിനായി ട്രംപും സാന്റിസും തമ്മിൽ മത്സരമുണ്ടായാൽ ആരെ പിന്തുണക്കുമെന്ന ചോദ്യത്തിന് റിപ്പബ്ലിക്കൻ പ്രവർത്തകരും അണികളും അടങ്ങുന്ന വലിയ വിഭാഗം ആളുകളിൽ 42 ശതമാനം പേർ ട്രംപിന് അനുകൂലമായിരുന്നു.

അതേസമയം, റെജിസ്റ്റർ ചെയ്ത വോട്ടർമാർ മാത്രം അടങ്ങിയ ചെറിയ ഗ്രൂപ്പിൽ 47 ശതമാനം വോട്ട് നേടി ഡീസാന്റിസ് ആണ് മുന്നിട്ടു നിന്നത്. 2024 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയയി ട്രംപ് വേണോ മറ്റാരെങ്കിലും വേണോ എന്ന ചോദ്യത്തിൽ നേരിയ വ്യത്യാസത്തിനാണ് ട്രംപ് മുന്നിട്ട് നിന്നത്. 44 ശതമാനം പേർ ട്രംപ് വേണമെന്ന് അവശ്യപ്പെട്ടപ്പോൾ 41 ശതമാനം പേർ മറ്റാരെങ്കിലും മതി എന്ന അഭിപ്രായക്കാരായിരുന്നു. അതേസമയം റെജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ 44 ശതമാനം പേർ ട്രംപ് വേണമെന്ന് പറഞ്ഞപ്പോൾ 43 ശതമാനം പേരായിരുന്നു മറ്റ് സ്ഥാനാർത്ഥി വേണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം, ഈ രണ്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെക്കാൾ അല്പം മുൻപിലാണ് പ്രസിഡണ്ട് ജോ ബൈഡൻ. ട്രംപിനെതിരെ ജോ ബൈഡന് 37 ശതമാനം വോട്ട് ലഭിച്ചപ്പോൾ ട്രംപിന് ലഭിച്ചത് 35 ശതമാനം മാത്രമായിരുന്നു. ഏറ്റവും അതിശയകരമായ കാര്യം 17 ശതമാനം പേർ തങ്ങൾ വോട്ടു ചെയ്യുകയില്ല എന്ന് പറഞ്ഞതാണ്. റെജിസ്റ്റേർഡ് വോട്ടർമാരിൽ 45 ശതമാനം പേർ ബൈഡനോടൊപ്പം നിൽക്കുമ്പോൾ 42 ശതമാനം പേർ ട്രംപിനൊപ്പമായിരുന്നു.

ഡിസാന്റിസുമായി മത്സരിച്ചപ്പോഴും 35 ശതമാനത്തിനെതിരെ 37 ശതമാനം പേരുടെ പിന്തുണയുമായി ബൈഡൻ തന്നെ മുന്നിൽ വന്നു. ഇവിടെയും 17 ശതമാനം പേർ തങ്ങൾ വോട്ട് ചെയ്യില്ലെന്നാണ് പറഞ്ഞത്. എന്നാൽ, റെജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ ഇരുവരും 44 ശതമാനം വീതം വോട്ട് നേടി സമനിലയിൽ എത്തുകയായിരുന്നു. അതായത് 2024-ൽ വൈറ്റ്ഹൗസിലേക്കുള്ള വഴി ട്രംപിന് അത്ര സുഗമമാവുകയില്ല എന്നു തന്നെയാണ് ഈ സർവേ ഫലം അടിവരയിട്ട് പറയുന്നത്.