മോസ്‌കോ: എണ്ണയിലും ഐക്യരാഷ്ട്ര സഭയിലും റഷ്യയ്ക്ക് ഇന്ത്യയുടെ പിന്തുണ. റഷ്യൻ എണ്ണയുടെ വിലപരിധി നിശ്ചയിക്കാനുള്ള ജി-7 രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തിൽനിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഫലത്തിൽ വീണ്ടും ഇന്ത്യയുടെ ദീർഘകാലമായുള്ള ആവശ്യം ഉയരുകയാണ്.

ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ദീർഘനാളായുള്ള ആവശ്യത്തെ വീണ്ടും പിന്തുണച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് രംഗത്തു വന്നത്. ഇതോടെ ചൈന കൂടി അനുകൂലമായാൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ഉറപ്പായി. ഐക്യരാഷ്ട്രസഭയിലും ഷാങ്ഹായ് സഹകരണ കോർപ്പറേഷനിലും ഇന്ത്യ നടത്തുന്ന സജീവഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ ഇടപെടൽ.

റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. ഉക്രെയിൻ യുദ്ധത്തിനിടെയുള്ള ഉപരോധം റഷ്യയെ വലയ്ക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യ ഇതൊന്നും വകവയ്ക്കാതെ എണ്ണവാങ്ങുന്നത്. 15 ശതമാനം ഡിസ്‌കൗണ്ടാണ് ഇന്ത്യയ്ക്ക് റഷ്യ നൽകുന്നത്. ഇത് ഇന്ത്യയ്ക്ക് സാമ്പത്തികമായി വളരെ ഗുണകരമാണ്. മറിച്ച് റഷ്യയ്ക്ക് വിദേശ നാണ്യവും ഉറപ്പാകുന്നു. എണ്ണ ഇന്ത്യ വാങ്ങിയിരുന്നില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയെ റഷ്യ നേരിടേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് കൂടുതൽ സഹായം റഷ്യ നൽകുന്നത്.

ഇൻഷുറൻസ് സേവനങ്ങൾക്കും ടാങ്കർ ചാർട്ടറിങ്ങിനും യൂറോപ്യൻ യൂണിയനിലെ വിലക്ക് മറികടക്കാൻ വലിയശേഷിയുള്ള കപ്പലുകൾ വാടകയ്‌ക്കെടുക്കുന്നതിനും നിർമ്മിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്നും റഷ്യ വ്യക്തമാക്കി. കുറഞ്ഞനിരക്കിലുള്ള എണ്ണ വാങ്ങുന്നത് തുടരാൻ ഇത് അനിവാര്യമാണ്. റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക് റഷ്യയിലെ ഇന്ത്യൻ നയതന്ത്രപ്രതിനിധി പവൻ കപൂറുമായി വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് വാഗ്ദാനം.

ഡിസംബർ അഞ്ചിനാണ് ഇറക്കുമതിചെയ്യുന്ന റഷ്യൻ എണ്ണയ്ക്ക് ജി-7 രാജ്യങ്ങൾ വീപ്പയ്ക്ക് പരമാവധി 60 ഡോളർ എന്നരീതിയിൽ വിലപരിധി നിശ്ചയിച്ചത്. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഊർജപ്രതിസന്ധിക്കിടെ വ്യാപാരക്കരാർപ്രകാരം സുഹൃദ് ബന്ധമുള്ള രാജ്യങ്ങൾക്ക് ഊർജവിതരണം ഉറപ്പാക്കുമെന്നും റഷ്യ വ്യക്തമാക്കി. യുക്രൈൻ അധിനിവേശമാരംഭിച്ചതിനുശേഷമാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽനിന്ന് വിവിധരാജ്യങ്ങൾ പിന്നാക്കംപോയത്.

മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര റീഡിങ് ഫോറത്തിൽ സംസാരിക്കവേയാണ് പരാമർശം. ഇന്ത്യയുടെ അംഗത്വം അന്താരാഷ്ട്രവും തദ്ദേശീയവുമായ പ്രശ്‌നങ്ങളിൽ മൂല്യാധിഷ്ഠിതമായി ഇടപെടാനുള്ള സമിതിയുടെ ശേഷി വർധിപ്പിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിലും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവിയിലേക്ക് അടുക്കുന്ന സാഹചര്യത്തിലും ആഗോളപ്രശ്‌നങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്താൻ മറ്റാരെക്കാളും ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.