- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിസുന്ദരിയായ യൂറോപ്യൻ എം പിയും കൂട്ടാളികളും ഖത്തറിൽ നിന്നും കൈക്കൂലിയായി വാങ്ങിയത് കോടികൾ; സ്യുട്ട്കേസിൽ കെട്ടിവച്ച പണം കയ്യോടെ പൊക്കി ബെൽജിയം പൊലീസ്; അറസ്റ്റിലായ നാലുപേരും കസ്റ്റഡിയിൽ തുടരുന്നു; ഖത്തർ കൈക്കൂലി വിവാദം ഇങ്ങനെ
യൂറോപ്യൻ പാർലമെന്റിലെ ഗ്രീക്ക് അംഗമായ ഈവ കയ്ലി അഴിമതി കേസിൽ അറസ്റ്റിലായതോടെ ഇനിയും ഏറ്റവും ചുരുങ്ങിയത് ഒരാഴ്‌ച്ചയെങ്കിലും കസ്റ്റഡിയിൽ കഴിയേണ്ടി വരുമെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. മുൻ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡണ്ട് കൂടിയായ ഈവ കയ്ലി എന്ന 44 കാരി, തന്റെ പങ്കാളിയായ 35 വയസ്സുകാരൻ ഫ്രാൻസെസ്‌കോ ജിയോർജ്ജി, മുൻ യൂറോപ്യൻ പാർലമെന്റംഗം അന്റോണീയോ പാൻസെരി, ലോബിയിസ്റ്റായ നിക്കോളോ ഫിഗ-റ്റലമാൻക എന്നിവർക്കൊപ്പമാണ് അറസ്റ്റിലായത്. അഴിമതി, അനധികൃതമായ പണമിടപാടുകൾ, സംഘടിത കുറ്റകൃത്യം എന്നിവയാണ് ഇവരുടെ മേൽ ചാർത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ.
വിചാരണ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനായി ഇന്നലെ ഇവർ എല്ലാവരേയും ബ്രസ്സൽസിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷം തുടരുന്നതിനാലും, വിചാരണ വൈകുന്നതിനാലും ഇനിയും കസ്റ്റഡിയിൽ തുടരേണ്ടതുണ്ടോ എന്ന വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായിരുന്നു കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഈവ കയ്ലിയെ പാർപ്പിച്ചിരിക്കുന്ന ഡിറ്റൻഷൻ സെന്ററിലെ ജീവനക്കാർ സമരത്തിലായതിനാൽ അവർക്ക് വിചാരണയ്ക്ക് എത്താൻ ആയില്ലെന്ന് അവരുടെ ബ്രസ്സൽസിലെ അഭിഭാഷകൻ പറഞ്ഞു. അവരുടെ കേസ് മറ്റു പ്രതികളിൽ നിന്നും വേർപ്പെടുത്തി പ്രത്യേകമായി പരിഗണിക്കും.
ബ്രസ്സൽസിലെ സോഫിടെലിൽ നിന്നും ഒരു സ്യുട്ട്കേസ് നിറയെ കറൻസി നോട്ടുകളുമായി കയ്ലിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അവരുടെ ഫ്ളാറ്റിൽ നിന്നും പാൻസെരി വീട്ടിൽ നിന്നുമായി കറൻസി നോട്ടുകൾ അടങ്ങിയ നിരവധി പെട്ടികളും ബാഗുകളും പിടിച്ചെടുത്തിരുന്നു. യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനുള്ളതെന്ന് ആരോപിക്കപ്പെടുന്ന ഈ പണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇപ്പോൾ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഏകദേശം 13 ലക്ഷം പൗണ്ട് മൂല്യം വരുന്ന നോട്ടുകളാണ് പിടിച്ചെടുത്തത് എന്ന് അന്വേഷണോദ്യോഗസ്ഥർ പറയുന്നു.
യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ സ്വാധീനിക്കാനായി ഗൾഫ് രാജ്യങ്ങളിൽ ഒന്ന് നൽകിയതാണ് ഈ പണം എന്നാണ് ബെൽജിയൻ പൊലീസ് പറയുന്നത്. ഖത്തർ ആണ് പണം നൽകിയതെന്ന സ്ഥിരീകരിക്കാത്ത വാർത്തയും വരുന്നുണ്ട്. തങ്ങൾ ഈ കേസിൽ ഉൾപ്പെട്ടു എന്ന വാർത്ത ഖത്തർ നിഷേധിച്ചിട്ടുണ്ട്. അതേസമയം, കൈക്കൂലികേസിൽ എന്തെങ്കിലും പങ്ക് തനിക്കില്ലെന്ന് കയ്ലിയും ഉറപ്പിച്ചു പറയുന്നു.
ആറര ലക്ഷം പൗണ്ടിന്റെ കറൻസികൾ അടങ്ങിയ സ്യുട്ട്കേസായിരുന്നു കെയ്ലിയുടെ പിതാവിൽ നിന്നും പിടിച്ചെടുത്തത് എന്ന് പറയപ്പെടുന്നു. കള്ളപ്പണം പിടിച്ചെടുത്തതോടെ കെയ്ലിക്കുള്ള നയതന്ത്ര സുരക്ഷ എടുത്തുകളയാൻ ബെൽജിയം പൊലീസിനു കഴിഞ്ഞു. തുടർന്നായിരുന്നു അവരുടെ വീട്ടിൽ തിരച്ചിൽ നടത്തിയതും ലക്ഷക്കണക്കിന് യൂറോയുടെ നോട്ടുകൾ പിടിച്ചെടുത്തതും. അറസ്റ്റിലായപ്പെട്ടവരിൽ ഉൾപ്പെടുന്ന അന്റോണിയോ പാൻസേരിയുടെ വീട്ടിൽ നിന്നും 5 ലക്ഷം പൗണ്ടിന്റെ കറൻസിയും പിടിച്ചെടുത്തിട്ടുണ്ട്.
മുൻ ഇറ്റാലിയൻ എം പിയായ ഇയാൾ ഇപ്പോൾ ഒരു മനുഷ്യാവകാശ സംഘടന നടത്തുകയാണ്. യൂറോപ്യൻ യൂണിയനിലെ ഉയർന്ന റാങ്കിലുള്ള നിരവധി ഉദ്യോഗസ്ഥരുമായി ഇയാൾക്ക് വളരെ അടുപ്പമുള്ളതായും പറയപ്പെടുന്നു. നോ പീസ് വിത്തൗട്ട് ജസ്റ്റിസ് എന്ന ലോബീയിങ് ഗ്രൂപ്പ് നടത്തുന്ന നിക്കോളോ ഫിഗയാണ് അറസ്റ്റിലായ നാലാമൻ. മറ്റു രണ്ടു പേരെ കൂടി ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിലും അവരുടെ മേൽ കുറ്റം ചുമത്തിയിട്ടില്ല. പൻസേരിയുടെ ഭാര്യയും മകളുമാണ് ആ രണ്ടു പേർ എന്ന് കരുതപ്പെടുന്നു.
പണത്തിനു പുറമെ നിരവധി ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല, വിവരങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാൻ പത്ത് പാർലമെന്റ് ഉദ്യോഗസ്ഥരുടെ ഐ ടി സ്രോതസ്സുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയിലും ഇത് സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ലോകകപ്പിനു മുൻപായി കെയ്ലി ഒറ്റക്ക് ഖത്തർ സന്ദർശിച്ചിരുന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഏറെ പുകഴ്‌ത്തി പറയുകയും ചെയ്തിരുന്നു. നവംബർ 24 ന് ഖത്തറിലെ കുടിയേറ്റ തൊഴിലാളികളോടുള്ള സമീപനത്തിനെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കുന്നതിനിടയിൽ ഇവർ പാർലമെന്റിൽ എഴുന്നേറ്റു നിന്ന് ഖത്തറിന്റെ ലോകകപ്പിനുള്ള തയ്യാറെടുപ്പുകളെ വാഴ്‌ത്തുകയായിരുന്നു.
മാത്രമല്ല, ഖത്തറിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർക്ക് വിസ ചട്ടങ്ങളിൽ ഇളവു വരുത്തുന്നതിനുള്ള ഒരു നിയമത്തെ അനുകൂലിച്ച് കേവലം 10 ദിവസങ്ങൾക്ക് മുൻപ് ഇവർ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനുള്ള കമ്മിറ്റിയിൽ അവർ അംഗമായിരുന്നില്ല. അഴിമതി കേസിൽ അറസ്റ്റിലായതോടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും അവരെ മാറ്റിയിട്ടുണ്ട്. മാത്രമല്ല, ഗ്രീസിലേയും ബ്രസ്സൽസിലേയും അവരുടെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.അതോടൊപ്പം ഗ്രീക്ക് പ്രോസിക്യുട്ടർമാർ അവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ