രു വൻശക്തി എന്ന റഷ്യയുടെ പ്രതിച്ഛായ തകർത്ത ഒന്നായിരുന്നു യുക്രെയിൻ യുദ്ധം. താരതമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾ കൊണ്ട് കീഴടക്കാം എന്ന വ്യാമോഹവുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അതിക്രമിച്ച് കയറിയ റഷ്യയ്ക്ക് പക്ഷെ യുദ്ധം തുടങ്ങി പത്ത് മാസങ്ങൾ ആകുമ്പോഴും കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ശക്തമായ യുക്രെയിൻ തിരിച്ചടിയിൽ, പിടിച്ചടക്കിയ പല ഭാഗങ്ങളും തിരികെ നൽകേണ്ടതായും വന്നു.

ആ നാണക്കേട് മാറ്റാൻ പുടിൻ അവസാന ശ്രമവും ആരംഭിച്ചു. സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചും ആണവായുധങ്ങൾ പൊടിതട്ടിയെടുത്തും യുക്രെയിനെതിരെയുള്ള ആക്രമണത്തിന് ശക്തി വർദ്ധിപ്പിക്കുവാനാണ് പുടിന്റെ ശ്രമം. യുദ്ധം ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുമ്പോൾ വീണ്ടും പുതിയ 3.5 ലക്ഷം സൈനികരെ കൂടി നിയമിക്കാനൊരുങ്ങുകയാണ് പുടിൻ.

വരുന്ന ആഴ്‌ച്ചകളിൽ ആണവ ആയുധ ശേഖരം വിപുലീകരിക്കുവാനായി കൂടുതൽ പണം ചെലവഴിക്കുമെന്ന് വെളിപ്പെടുത്തിയ റഷ്യ, സിർകോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഉടൻ സജ്ജമാകുമെന്നും അറിയിച്ചു. റഷ്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പുതിയ നാവിക യൂണിറ്റുകൾ സജ്ജീകരിക്കും. നാറ്റോയിൽ ചേരുവാൻ ആഗ്രഹം പ്രകടിപ്പിച്ച ഫിൻലാൻഡിനെയും സ്വീഡനേയും ഭീഷണിപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

റഷ്യയുടെ നീക്കങ്ങൾ യൂറോപ്പിനെയാകെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നിലനിന്നിരുന്ന ശാന്തത ഇല്ലാതെയാകും എന്നാണ് ഭയം. രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതമനുഭവിച്ച യൂറോപ്പിന് ഇനിയും ഒരു ലോകമഹായുദ്ധം കൂടി താങ്ങാൻ ആകുമോ എന്നതിലും സംശയമുണ്ട്.

അതിനിടെ സൈനിക ശക്തി വിപുലീകരിക്കുന്നതിന്റെ ഭാഗമായി വനിത തടവുകാരെ മോചിപ്പിച്ച് സൈനിക സേവനത്തിനായി ഒരുക്കാനാണ് ഇപ്പോൾ റഷ്യ ശ്രമിക്കുന്നത്. റഷ്യയുടെ രഹസ്യാക്രമണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന വാഗ്‌നാർ ഗ്രൂപ്പ് ആയിരിക്കും ഇവരെ റിക്രൂട്ട് ചെയ്യുക. വാഗ്നാർ ഗ്രൂപ്പിന്റെ തലവൻ യെവ്-ജെനി പ്രിഗോഷിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നഴ്സുമാരയും കമ്മ്യുണിക്കേഷൻ ജീവനക്കാരായും മാത്രമല്ല. വനിതകളെ ഉപയോഗിക്കുക. പകരം സൈനിക അട്ടിമറി നടത്തുന്നതിനും ആക്രമണങ്ങൾക്കും അവരെ ഉപയോഗിക്കും. രണ്ടാം ലോകംഹായുദ്ധത്തിൽ സോവിയറ്റ് സ്നിപ്പറുകൾ വലിയ പങ്ക് വഹിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി, ഇത്തരത്തിൽ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് എന്നും 61 കാരനായ പ്രിഗൊഷിൻ പറഞ്ഞു. ഇതിനായുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായും പ്രിഗോഷിൻ അറിയിച്ചു. ഇതിനെതിരെ ചില പ്രതിരോധങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയെല്ലാം മറികടക്കാൻ കഴിയും എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ മാസങ്ങളിൽ വാഗ്നാർ, വലിയ തോതിൽ തന്നെ പുരുഷ കുറ്റവാളികളെ ജയിലുകളിൽ നിന്നും സൈനിക സേവനത്തിന് തയ്യാറാക്കി യുക്രെയിൻ യുദ്ധമുഖത്തേക്ക് അയച്ചിരുന്നു. ശിക്ഷയിൽ നിന്നും ഒഴിവാക്കുമെന്നും ഉയർന്ന വേതനം നൽകുമെന്നും പറഞ്ഞാണ് ഇവരെ സൈന്യത്തിലെടുക്കുന്നത്.