റിയാദ്: ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ കഴിഞ്ഞ നീറ്റ് പരീക്ഷക്കിടെ, ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളെ പരിശോധിച്ചതിന്റെ പേരിൽ ഉണ്ടായ കോലാഹാലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. അതുപോലെ പർദയും ഹിജാബും ചോയ്സാണെന്ന് പറഞ്ഞ് ചില ഇസ്ലാമിക സംഘടനകൾ അത് യൂണിഫോമിന് പകരമാക്കണമെന്ന് പറഞ്ഞ് ഇവിടെ പ്രേക്ഷോഭത്തിലാണ്. എന്നാൽ ശരീയത്ത് നിയമം പിന്തുടരുന്ന, മതകാര്യപൊലീസ് ഉള്ള സൗദി അറേബയിൽ ഇക്കഴിഞ്ഞ ദിവസം, ഉണ്ടായ ഒരു ഉത്തരവ് ശ്രദ്ധേയമാണ്.

പരീക്ഷാഹാളിൽ അബായ ( പർദ) നിരോധനം ഏർപ്പെടുത്തി സൗദി ഉത്തരവിറക്കിയിരിക്കയാണ്. എല്ലാ പരീക്ഷാഹാളുകളിലും വിദ്യാർത്ഥികൾ യൂണിഫോം നിർബന്ധമായും ധരിക്കണം എന്നാണ് സൗദിയിലെ പുതിയ ഉത്തരവ്. യൂണിഫോമിന് മേലെ അബായ അനുവദിക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.അറേബ്യൻ ബിസിനസ് അടക്കമുള്ള മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷ ഹാളിന് പുറത്ത് വിദ്യാർത്ഥികൾക്ക് രാജ്യമനുവദിക്കുന്ന ഏത് വേഷത്തിലും യാത്ര ചെയ്യാം. പരീക്ഷ എഴുതുന്ന ഹാളിനകത്ത് മാത്രമാണ് ഈ നിരോധനം ഇപ്പോൾ ഉള്ളത്.

സൗദി അറേബ്യ ഏറെ നാളുകളായി പുരോഗതിയുടെ പടവുകൾ ചവിട്ടി കയറുകയാണ്. അതിന്റെ അമരത്ത് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിസ് വന്നതോടെയാണ് മാറ്റങ്ങൾ വലിയ തോതിൽ വരുന്നത്. 2018 ലാണ് ലോകം മുഴുവൻ വീക്ഷിച്ച ഒരു പ്രഖ്യാപനം സൗദിയിൽ നിന്നും വരുന്നത്. ഇനിമുതൽ സൗദി അറേബ്യൻ പ്രവിശ്യകളിൽ പർദ നിർബന്ധിത വസ്ത്രം അല്ല എന്നായിരുന്നു അത്. വിദേശത്തുനിന്നും രാജ്യത്തെത്തുന്ന അമുസ്ലീങ്ങളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരുന്നു സൗദിയുടെ ഈ പ്രഖ്യാപനം. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ പരീക്ഷാഹാളിൽ പർദയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ യൂണിഫോം ബഹിഷ്‌കരിച്ച് പർദ അണിയാൻ വേണ്ടി സമരം ചെയ്യുകയാണ് എന്നോർക്കണം.
.
സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ചത് വലിയൊരു മുന്നേറ്റം ആയിരുന്നു. ഉച്ചഭാഷിണികൾ വച്ചുള്ള പള്ളികളിൽ നിന്നുള്ള പ്രഭാഷണങ്ങളും സൗദിയിൽ നേരത്തെ വിലക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇതൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. പുതിയ അബായ ഉത്തരവും ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിച്ച സാഹചര്യത്തിലും ഇറാനിലെ പോരാട്ടങ്ങളുടെ സാഹചര്യത്തിലും സൗദിയുടെ ഈ ഒരു നീക്കം പ്രത്യേക പ്രശംസ അർഹിക്കുന്ന ഒന്നാണ്.

പരിഷ്‌ക്കരണം തുടർന്ന് എംബിഎസ്

ശരിയത്ത് നിയമങ്ങൾക്ക് വിധേയമായി കൊണ്ട് തന്നെ കാലോചിതമായി സൗദിയെ പരിഷ്‌കരിക്കാൻ മുന്നിട്ടിറങ്ങിയ കിരീടവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി ആയിരിക്കയാണിത്. സൗദി രാജാവ് സൽമാൻ രാജാവിന്റെ മകനായ മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിന്റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂൺ 21 നാണ്. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദത്തിലേക്കും സൽമാൻ ഉയർത്തപ്പെട്ടു. അതോടെയാണ് സൗദിയിലെ മാറ്റങ്ങൾക്ക് വേഗം കൂടിയത്. മി. എവരത്തിങ് എന്നാണ് പശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയ വിശേഷണം. നിലവിൽ സൗദി രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയാണ് മുഹമ്മദ് ബിൻ സൽമാൻ. നിയമ ബിരുദമുള്ള സൽമാൻ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതി മുമ്പ് സ്വകാര്യമേഖലയിലെ വ്യവസായ സംരഭങ്ങലിൽ മികവ് തെളിയിച്ചിട്ടുണ്ട്.

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിവിൽ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സിൽ വിള്ളൽ വീണപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിഷൻ ഫോർ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്പദ് വ്യവസ്ഥയിൽ കാലോചിതമായ മാറ്റങ്ങൾക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസും നൽകാനും രാജ്യത്ത് ശിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്പത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങൾ മുഹമ്മദ് സൽമാന് ലോകജനതക്ക് മുൻപിൽ ഒരു പരിഷ്‌കർത്താവിന്റെ രൂപമാണ് നൽകിയിത്.

ആചാരങ്ങളിൽ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സൽമാൻ. നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ആധുനിക ഒട്ടകമായ കാർ ഓടിക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.അതിന്റെ അടിസ്ഥാനത്തതിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. അതിനിടെ സൗദിയിൽ രസിനിമാ തീയേറ്ററുകൾ വന്നു. ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, ഇങ്ങിനെ മാറ്റത്തിന്റെ നിരവധി വാതിലുകൾ തുറക്കുകയാണെന്ന തോന്നലും പ്രതീതിയും ജനിപ്പിക്കാൻ പുതിയ കിരീടാവകാശിക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.

പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ കോവിഡിന്റെ മറവിൽ സൗദി നടത്തി.ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കാൻ തീരുമാനിച്ചത്. ഇങ്ങനെ തുടർച്ചയായി നടക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ആകെത്തുകയാണ് ഇപ്പോൾ സൗദിയിൽ ആവർത്തിക്കുന്നത്.