വംശവേറി പാരമ്യതയിലെത്തിയതോടെ പാരീസ് കലാപകലുഷിതമാവുകയാണ്. മൂന്ന് കുർദ്ദിഷ് മുസ്ലീങ്ങളെ കൊന്നതിനു പകരമായി കലാപത്തിനിറങ്ങിയ കുർദ്ദുകൾ നഗരത്തിന്റെ മിക്കയിടങ്ങളീലും അഴിഞ്ഞാടിയപ്പോൾ അഞ്ച് പൊലീസുകാർ ഉൾപ്പടെ പലർക്കും പരിക്കേറ്റു. കണ്ണിൽ കണ്ടതെല്ലാം തീയിട്ട് നശിപ്പിച്ച കലാപകാരികൾ നഗരത്തിന്റെ ശാന്തിയും സമാധാനവും തല്ലിക്കെടുത്തി. അഹ്‌മത്- കായ കുർദ്ദിഷ് കൾച്ചറാൽ സെന്ററിന്റെ പരിസരത്തു നിന്നുള്ള ചിത്രങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സഹപ്രവർത്തകരെ പ്രതിഷേധക്കാരിൽ നിന്നും രക്ഷിച്ചു കൊണ്ടു വരുന്ന ചിത്രങ്ങളുമുണ്ട്.

കഴിഞ്ഞ വർഷം രണ്ട് സുഡാനീസ് അഭയാർത്ഥികളെ കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ വില്യം എം എന്നയാൾ ഇന്നലെ ഉച്ചയോടെ ഗാരേ ഡു നോർഡിന് സമീപത്ത് നടത്തിയ വെടി വയ്‌പ്പിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പടെ മൂന്ന് കുർദ്ദുകൾ മരിച്ചിരുന്നു. മറ്റ് മൂന്നുപേർ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. ഫ്രാൻസിലെ കുർദ്ദുകൾ ഇതിനു മുൻപും നിരവധി തവണ വംശവെറിയന്മാരുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട് എന്ന് പറഞ്ഞ മാക്രോൺ. മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ വാർത്ത അറിഞ്ഞതോടെയായിരുന്നു തെരുവിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസുകാർക്ക് എതിരെ നടന്ന ആക്രമണങ്ങളിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. വെടിവെയ്‌പ്പ് നടന്ന സ്ഥലത്തു നിന്നും അധികം അകലെയല്ലാതെ കൂട്ടം കൂടിയ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ ഇന്നലെ രാത്രി റയട്ട് പൊലീസിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടതായി വന്നു.

പൊലീസുകാർക്ക് നേരെ കല്ലുകളും കുപ്പികളുമൊക്കെ വലിച്ചെറിഞ്ഞ അക്രമികൾ, ചവറു കൊട്ടകൾ നിരത്തിലേക്കെറിയുകയും, റെസ്റ്റോറന്റുകളിൽ മേശമൾ തലകീഴായി എറിയുകയും കാറുകൾക്ക് നാശം വരുത്തുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ കുർദ്ദിഷ് വർക്കേഴ്സ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. അങ്കാറ, യൂറോപ്യൻ യൂണിയൻ തുടങ്ങി പല രാജ്യങ്ങളും കുർദ്ദിഷ് വർക്കേഴ്സ് പർട്ടിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

രക്തസാക്ഷികൾ മരിക്കില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ പ്രതിഷേധക്കാർ, ഫ്രാൻസ് തങ്ങളെ സംരക്ഷിക്കുകയല്ല, കൊലയ്ക്ക് കൊടുക്കുകയാണെന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. വെടിവെയ്‌പ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് പാരിസ് പബ്ലിക് പ്രോസിക്യുട്ടർ അറിയിച്ചത്. പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില അത്ര ഗുരുതരമല്ല, വെടിവെച്ച ആൾക്കും പരിക്കെറ്റെങ്കിലും അയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

കുർദ്ദിഷ് കൾച്ചറൽ സെന്ററിന് സമീപത്തുള്ള ഒരു ബാർബർ ഷോപ്പിലായിരുന്നു അദ്യം വെടിവെയ്‌പ്പ് നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. താൻ കുർദ്ദുകളെ വെറുക്കുന്നു എന്ന് അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിവെച്ചയാൾ ഒരു തികഞ്ഞ വലതുപക്ഷ വംശീയ വെറിയനാണെന്നാണ് പൊലീസ് പറയുന്നത്. 2021 ഡിസംബർ 8 ന് ഒരു അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒരു കത്തി ഉപയോഗിച്ച് രണ്ടുപേരെ വെട്ടി പരിക്കേൽപിച്ച ഇയാൾ ക്യാമ്പിലെ ആറ് ടെന്റുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

അതിനു മുൻപ് 2016-ലും ആക്രമണങ്ങൾക്ക് ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. സുഡാനി അഭയാർത്ഥി ക്യാമ്പ് ആക്രമിച്ച കേസിൽ വിചാരണ കാത്ത് കഴിയുകയായിരുന്ന ഇയാൾ ഈ വർഷം ഡിസംബർ 12 നായിരുന്നു ജമ്യത്തിൽ പുറത്തിറങ്ങിയത്. അതിനു ശേഷ്ം 91 ഉം 93 ഉം വയസ്സുള്ള ഇയാളുടെ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ഇയാൾ താമസിച്ചു വന്നിരുന്നത്.