വിജയം കൈയെത്താ ദൂരത്തേക്ക് നീങ്ങുമ്പോൾ മനസിന്റെ സമനില തെറ്റിയതുപോലെ ആഞ്ഞടിക്കുകയാണ് റഷ്യൻ സൈന്യം. യുക്രെയിനിലെ ബാഖ്മുട് മേഖലയിലേക്ക് ടി ഒ എസ്- 1 എ ഠെർമോബാറിക് മിസൈലുകൾ റഷ്യൻ സൈന്യം വർഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ക്രിസ്ത്മസ് കാലയളവിലാണ് ഈ കടുത്ത പോരാട്ടം നടന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ കഴിഞ്ഞയാഴ്‌ച്ച എടുത്തതാണ് എന്നാണ് അവകാശപ്പെടുന്നത്.

കെട്ടിടങ്ങൾ, ബങ്കറുകൾ, കോട്ടക്കൊത്തളങ്ങൾ എന്നിവയ്ക്കുള്ളിലൊക്കെ അഭയം പ്രാപിക്കുന്നവരെ തീർക്കുവാൻ കെൽപുള്ള മിസൈലുകളാണിവ. കവചിത വാഹനങ്ങൾക്ക് നേരെയും ഇവ കാര്യക്ഷമമായി പ്രവർത്തിക്കും. 2001-ൽ ആയിരുന്നു ഇത് റഷ്യൻ സൈന്യത്തിലെത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് തെർമോബാറിക് ബോംബുകൾ പ്രവർത്തിക്കുന്നത്. ആദ്യ സ്ഫോടനത്തിൽ അത് ഒരു ഇന്ധന നീരാവി ചുറ്റുവട്ടത്തും പ്രസരിപ്പിക്കുന്നു. രണ്ടാമത്തെ സ്ഫോടനത്തിൽ ഈ നീരാവിക്ക് അഗ്‌നിബാധ ഉണ്ടാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ തെർമോബാറിക് ബോംബിനെ നിരോധിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഉപയോഗം ഒരുപക്ഷെ യുദ്ധകുറ്റം എന്ന രീതിയിൽ വിചാരണ ക്ഷണിച്ചു വരുത്താൻ ഇടയാക്കാറുണ്ട്.

യുക്രെയിന്റെ തെക്കൻ നഗരമായ ഖെർസൺ കഴിഞ്ഞ നവംബറിൽ യുക്രെയിൻ തിരിച്ചു പിടിച്ചതോടെ ബാഖ്മുട് മേഖലയിലാണ് ഇപ്പോൾ പോരാട്ടം കൂടുതലായും നടക്കുന്നത്. കിഴക്കൻ ഡോണ്ടെസ്‌കിലുള്ള ഇവിടം പിടിച്ചെടുക്കാൻ റഷ്യ കഴിഞ്ഞ കുറേ മാസങ്ങളായി ശ്രമിക്കുകയാണ്. യുദ്ധത്തിനു മുൻപ് ബാഖ്മുട് മേഖലയിൽ 70,000 പേരായിരുന്നു താമസിച്ചിരുന്നത്. ഈ യുദ്ധത്തിനു ശേഷം വളരെ കുറച്ചുപേർ മാത്രമെ അവിടെ അവശേഷിച്ചിട്ടുള്ളു എന്ന് യുക്രെയിൻ പ്രസിഡണ്ട് സെലെൻസ്‌കി പറയുന്നു.

ഏകദേശം 120 ഓളം മിസൈലുകളാണ് റഷ്യ തൊടുത്തുവിട്ടതെന്ന് യുക്രെയിൻ പ്രസിഡണ്ടിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നു. ആയിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമെ ഖാർകീവിൽ നടന്ന ബോംബാക്രമണത്തിൽ രണ്ടു പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതേസമയം, റഷ്യൻ - യുക്രെയിൻ യുദ്ധത്തിനു പുതിയ ഭാവം നൽകിക്കൊണ്ട് അയൽ രാജ്യമായ ബെലാറൂസും രംഗത്തെത്തിൽ യുക്രെയിന്റെ എസ് 300 വ്യോമ പ്രതിരോധ മിസൈൽ തങ്ങളുടെ അതിർത്തിക്ക് സമീപം വച്ച് തകർത്തു എന്ന് അവകാശപ്പെട്ടാണ് ബെലാറൂസ് രംഗത്തെത്തിയിരിക്കുന്നത്. പഴയ സോവിയറ്റു കാലത്തെ എസ് -300 മിസൈലുകൾ റഷ്യയും യുക്രെയിനും ഉപയോഗിക്കുന്നുണ്ട്. ഇതിലൊരെണ്ണമാണ് അതിർത്തിക്കടുത്തുള്ള ഹാർബച്ചാ ഗ്രാമത്തിൽ പതിച്ചത്.

ഇതേതുടർന്ന് യുക്രെയിൻ അമ്പാസഡറെ ബെലാറൂസ് വിദേശകാര്യ മന്ത്രി വിളിപ്പിച്ചു. ഇക്കാര്യം തങ്ങൾ വളരെ ഗൗരവകരമായി കാണുന്നു എന്ന് അമ്പാസിഡറെ അറിയിച്ചതായി ബെലാറൂസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയിൻ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബെലാറൂസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടയിൽ ലോകത്തിന് പുതിയൊരു താക്കീത് എന്നതുപോലെ റഷ്യ പല യുദ്ധക്കപ്പലുകളും ഒരു ആണവശേഷിയുള്ള അന്തർവാഹിനിയും കഴിഞ്ഞ ദിവസം നീറ്റിലിറക്കി. യുക്രെയിനെതിരെ കടുത്ത മിസൈൽ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു ഈ ആക്രമണം. തന്റെ ഔദ്യോഗിക വസതിയിൽ ഇരുന്ന് വീഡിയോ ലിങ്ക് വഴിയായിരുന്നു പുതിയ കപ്പലുകളിൽ റഷ്യൻ പതാക ഉയർത്താൻ പുടിൻ അനുമതി നൽകിയത്.

രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന തന്റെ ഭരണകാലത്ത് പുടിൻ ഏറ്റവും അധികം ശ്രദ്ധ നൽകിയത് സൈന്യത്തെ ആധുനിക വത്ക്കരിക്കുന്നതിനായിരുന്നു. പുതിയ യുദ്ധക്കപ്പലുകളും ഹൈപ്പർ സോണിക് മിസൈലുകളും ഒക്കെയായി റഷ്യൻ സൈന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുവാനും പുടിൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ പുതിയതായി നീറ്റിലിറക്കിയ യുദ്ധക്കപ്പലുകളിൽ ഒരു മൈൻ സ്വീപ്പറും ആണവശേഷിയുള്ള ഒരു അന്തർവാഹിനിയും ഉൾപ്പെടുന്നു.