നിറകുടം തുളുമ്പുകയില്ല എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷിയുടെ ഭാര്യ അക്ഷതാ മൂർത്തി. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിൽ ബ്രിട്ടനിൽ ഏറെ സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളാണവർ. മാത്രമല്ല, ഇന്ത്യൻ ശതകോടീശ്വരനും ഇൻഫോസിസിന്റെ സഹസ്ഥാപകനുമായ അനന്ത മൂർത്തിയുടെ മകളുമാണ്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച്, ജീവിതത്തിലെ ഭൗതിക സുഖങ്ങളെല്ലാം ഒരു വിളിപ്പാടകലെ മാത്രം ലഭ്യമാകുന്ന അപൂർവ്വം സൗഭാഗ്യ ജന്മങ്ങളിൽ ഒന്ന്.

എന്നിരുന്നാലും ഈ 42 കാരി തന്റെ വ്യക്തിജീവിതത്തിൽ എന്നും പകർത്തുന്നത് തന്റെ അമ്മ, സുധാ മൂർത്തിയുടെ സ്വാധീനമാണന്ന് അവരുമായി അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു. ഈയാഴ്‌ച്ച ആദ്യം ടാട്ലർ പ്രസിദ്ധീകരിച്ച ഇവരുടെ പുതിയ പ്രൊഫൈലിലാണ് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. നേരത്തേം ബോറിസ് ജോൺസന്റെ പത്നി കാരി ജോൺസൺ നമ്പർ 10 മോടികൂട്ടാൻ പണം ഏറെ ചെലവാക്കിയത് വിവാദമായിരുന്നു. തികഞ്ഞ ആഡംബരങ്ങളിൽ ജീവിച്ച പരിചയമാണെങ്കിൽ കൂടി അതിലും വളരെ കുറഞ്ഞ തുകമാത്രമാണത്രെ അക്ഷത അതിനായി ചെലവഴിച്ചത്.

അക്ഷത ജീവിതത്തിൽ എന്നും മാതൃകയാക്കിയിട്ടുള്ളത് സ്വന്തം അമ്മയെ തന്നെയാണ്. ശതകോടീശ്വരന്റെ പത്നി എന്നതിനപ്പുറം, വനിത എഞ്ചിനീയർ, ഗ്രന്ഥ കർത്താവ് എന്ന നിലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സുധാ മൂർത്തി എപ്പോഴും ധൂർത്തിനെതിരെ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. തന്റെ ഭർത്താവിന്റെ 4 ബില്യൺ ആസ്തി കണക്കാക്കാതെ സ്വയം ഷോപ്പിങ് നിയന്ത്രണങ്ങൾ വെച്ചിട്ടുള്ള ആ മാതൃക തന്നെയാണ് അക്ഷതയും പിന്തുടരുന്നത്.

തന്റെ ''എ ടെയിൽ ഓഫ് മെനി ടെയ്ൽസ് '' എന്ന ചെറുകഥയിൽ തന്റെ അമ്മ എങ്ങനെയായിരുന്നു തന്നെ എന്നും ഡയറി എഴുതുവാൻ പ്രേരിപ്പിച്ചതെന്ന് സുധ മൂർത്തി വ്യക്തമാക്കുന്നുണ്ട്. അത് തന്റെ ആശയങ്ങൾക്ക് വ്യക്തതയും പ്രകടനപരതയിൽ പക്വതയും വരുത്തി എന്നും അവർ പറയുന്നു. വളരെ ചെറുപ്പം മുതൽ തന്നെ എഴുതുവാനുള്ള കഴിവ് തെളിയിച്ചെങ്കിലും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് പഠനത്തിനു ശേഷം ഐ ഐ ടിയിൽ കമ്പ്യുട്ടർ സയൻസിൽ പോസ്റ്റ് ഗ്രാഡ്വേഷൻ പാസ്സാകുകയും ചെയ്തു.

അതിനു ശേഷം ടാറ്റ ഓട്ടോമോട്ടെവിൽ പ്രൊഡക്ഷൻ ലൈനിൽ ഒരു ജോലിക്കായി സുധാ മൂർത്തി അപേക്ഷിച്ചു. അന്ന് ആ തസ്തികക്കായി സ്ത്രീകളെ പരിഗണിക്കില്ലെന്ന് ടാറ്റാ മാനേജ്മെന്റ് വ്യക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. അന്ന് ടാറ്റ സി ഇ ഒ ആയിരുന്ന ജെ ആർ ഡി ടാറ്റക്ക് സുധാമൂർത്തി ഒരു പോസ്റ്റ്കാർഡ് അയച്ചു. അവരുടെ വാദഗതികളിൽ ആകൃഷ്ടനായ ടാറ്റ അവർക്ക് ജോലി നൽകുകയായിരുന്നു. ഇവിടെ ജോലി ചെയ്യുന്ന സമയത്തായിരുന്നു സുധാ അവരുടെ ഭർത്താവ് നാരായണ മൂർത്തിയെ കണ്ടുമുട്ടുന്നത്.

പിന്നീട് നാരായണ മൂർത്തി ഇൻഫോസിസ് ആരംഭിച്ചപ്പോൾ സുധ ആ കമ്പനിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് ജോലി ചെയ്യരുതെന്ന സി ഇ ഒ നാരായണ മൂർത്തിയുടെ നയം അതിനു തടസ്സമാവുകയായിരുന്നു. തുടർന്നായിരുന്നു സുധാ മൂർത്തി കമ്പനിയുടെ ചാരിറ്റബിൾ ഫൗണ്ടേഷന് അടിത്തറ പാകുന്നത്. 2000 മുതൽ 37 പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്.

എന്നും ലളിത ജീവിതം ഇഷ്ടപ്പെടുന്ന നാരായണ മൂർത്തി പക്ഷെ തന്റെ മക്കളെ ലാളിത്യവും നിഷ്ഠയും പഠിപ്പിച്ചത് ഭാര്യയാണെന്നാണ് നാരായണ മൂർത്തി പറയാറുള്ളത്. സ്‌കൂളിലേക്ക് കാറിൽ പോകാതെ, സഹപാഠികൾക്ക് ഒപ്പം ഓട്ടോറിക്ഷയിൽ പോയിട്ടായിരുന്നു അക്ഷതയും സഹോദരനും പഠിച്ചത്. പണം ഒരിക്കലും ഒരു മനുഷ്യനെ വലിയവനാക്കുകയില്ല എന്ന പാഠമായിരുന്നു താൻ എന്നും തന്റെ മക്കളെ പഠിപ്പിച്ചിട്ടുള്ളത് എന്ന് സുധാ മൂർത്തി ഒരിക്കൽ പറഞ്ഞിരുന്നു.

2018-ൽ വോയ്സ് ഓഫ് ഫാഷനിൽ സുധാ മൂർത്തി പറഞ്ഞത് താൻ 20 വർഷമായി ഒരു സാരി വാങ്ങിയിട്ട് എന്നായിരുന്നു. അത്യാവശ്യമുള്ള സാധനങ്ങൾ ഒഴിച്ചാൽ തികച്ചും സീറോ ഷോപ്പിങ് എന്നതാണ് തന്റെ നയം എന്നും അവർ വ്യക്തമാക്കിയിരുന്നു. ആറ് വർഷം മുൻപ് തന്റെ അമ്മ മരിക്കുമ്പോൾ അവർക്ക് എട്ടോ പത്തോ സാരികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 32 വർഷങ്ങൾക്ക് മുൻപ് മരിച്ച മുത്തശ്ശിക്ക് ഉണ്ടായിരുന്നത് വെറും നാല് സാരികൾ മാത്രവും.