- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങളിൽ തുടങ്ങിയ ജനരോഷം ഇനിയും അവസാനിച്ചിട്ടില്ല; ഡിജിറ്റൽ സെൻസർഷിപ്പിനെതിരെയും ചൈനയിൽ കനത്ത പ്രതിഷേധം; പടക്കങ്ങൾ നിരോധിച്ചതിനെതിരെ പ്രതിഷേധക്കാർ പൊലീസ് ജീപ്പ് കത്തിച്ചു; ചൈനയിൽ ഏകാധിപത്യ ഭരണകൂടത്തിന് പിടി അയയുന്നുവോ ?
ചൈനയിലെ ഭരണകൂടത്തിന്റെ മുഖമുദ്രയായിരുന്ന ഉരുക്കുമുഷ്ടി അഴിയാൻ തുടങ്ങിയിരിക്കുന്നു എന്ന് ചില പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നു. ഇരുമ്പുമറയ്ക്കുള്ളിലും സുഷിരങ്ങൾ വീണു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ഏർപ്പെടുത്തിയ ഡിജിറ്റൽ സെൻസർഷിപ്പിനെ മറികടന്നും പല വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്ത് എത്തുകയാണ്. ലൂയി കൗണ്ടിയിലെ ഹെനാനിൽ രോഷാകുലരായ ആൾക്കൂട്ടം പൊലീസ് ജീപ്പ് കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംശയങ്ങൾ ശക്തമായത്.
ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു പ്രതിഷേധം നടന്നത്. വെടിക്കെട്ടുകൾ നിരോധിച്ചതിനെതിരെയായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാർ കത്തിച്ച പടക്കങ്ങൾ പൊലീസ് വാഹനത്തിനു നേരെ എറിയുകയായിരുന്നു. ചിലർ അതിനു മുൻപായി കാറിനു മുകളിൽ കയറി നൃത്തം ചവിട്ടുന്നുമുണ്ട്. കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ നടന്ന വൻ പ്രക്ഷോഭങ്ങളുമായി പലരും ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്.
ലോകം മുഴുവൻ കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴും സീറോ കോവിഡ് പോളിസിയുടെ ഭാഗമായി ഷീ ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ തന്നെയായിരുന്നു നടപ്പിലാക്കിയിരുന്നത്. ചൈനീസ് വാക്സിന്റെ കാര്യക്ഷമത കുറവും, വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതുപോലെ വിജയിക്കാത്തതും, കോവിഡ് വ്യാപനം വർദ്ധിപ്പിച്ച് രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുമെന്ന് ഷീക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു കടുത്ത നിയന്ത്രണങ്ങൾ നിലനിർത്തിയത്.
എന്നാൽ, ക്വാറന്റൈനിൽ ആളുകളെ താമസിപ്പിച്ചിരുന്ന ഒരു ഫ്ളാറ്റിന് തീപിടിച്ച് നിരവധി പേർ മരണമടഞ്ഞതോടെ, അതുവരെ മുറുമുറുപ്പിൽ ഒതുക്കിയിരുന്ന പ്രതിഷേധം അണപൊട്ടിയൊഴുകാൻ കാരണമായി. ഒരുപക്ഷെ, കമ്മ്യുണിസ്റ്റ് ചൈനയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത വണ്ണം ചൈനീസ് ഭരണകൂടം ജനരോഷത്തിനു മുൻപിൽ മുട്ടുകുത്തി, നിയന്ത്രണങ്ങൾ ഒന്നടങ്കം എടുത്തുകളഞ്ഞു.
എന്നാൽ, അവിടെ സംഭവിച്ചത് ഷീ ജിൻ പിങ് ഭയപ്പെട്ടതു തന്നെയായിരുന്നു. അടച്ചിട്ട ഡാം തുറന്നുവിട്ടതുപോലെ കോവിഡ് ആർത്തലയ്ക്കുകയാണ് ഇപ്പോൾ ചൈനയിൽ. ഭരണകൂടത്തിന്റെ കഴിവുകേടും തെറ്റായ നയങ്ങളും തിരിച്ചറിഞ്ഞ ജനങ്ങൾ ഓരോ കാര്യത്തിനും ഇപ്പോൾ പ്രതിഷേധമായി ഇറങ്ങുകയാണ്. ഡിജിറ്റൽ സെൻസറിംഗിനെതിരെ ഒഴിഞ്ഞ് കടലാസുകൾ കത്തിച്ചു കൊണ്ട് കഴിഞ്ഞവർഷം നടത്തിയ പ്രതിഷേധം അതിലൊന്നു മാത്രമായിരുന്നു. ഇപ്പോഴിതാ കരിമരുന്ന് പ്രയോഗത്തിന്റെ പേരിലും പ്രതിഷേധം.
എന്നാൽ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ ചൈനീസ് വിഭാഗം തലവൻ പ്രൊഫസർ ചോംഗ് ഹുവ പറയുന്നത് ഇതിനു മുൻപും ഇത്തരം പ്രതിഷേധങ്ങൾ ചൈനയിൽ സാധാരണമായിരുന്നു എന്നാണ്. എന്നാൽ, ഇത്തരത്തിൽ ദൈർഘ്യമേറിയ ക്ലിപ്പുകൾ സഹിതം വാർത്തകൾ പുറത്തു വരാറില്ലായിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ സർക്കാർ കാര്യമായി ഗൗനിക്കാറുമില്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഇപ്പോൾ വാർത്തകൾ പുറത്തു വരാൻ തുടങ്ങിയതോടെ ഭരണകൂടം അക്കാര്യം ഗൗരവമായി എടുക്കുകയാണ്.
ഇത്തരത്തിൽ പ്രതിഷേധങ്ങൾ കൂടുതൽ വ്യാപിക്കുന്നതിനോ, ഭരണകൂടത്തിനെതിരെ ജനരോഷം ഉണർത്തുന്നതിനോ ഇടയാക്കിയേക്കും എന്ന് കരുതപ്പെടുന്ന പോസ്റ്റുകളും വാർത്തകളും ഉടനടി ചൈനീസ് സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടും. എന്നാൽ, ചൈനക്ക് കാര്യമായ നിയന്ത്രണമില്ലാത്തെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇവ വന്നാൽ അതിനു കഴിയില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരത്തിലുള്ള മാധ്യമങ്ങളെയാണ് ചൈനീസ് യുവത കൂടുതലായി ആശ്രയിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
ഡോയിൻ (ചൈനക്ക് പുറത്ത് ടിക്ടോക്) പോലുള്ള ചൈനീസ് മാധ്യമങ്ങളിൽ വരുന്ന ഇത്തരത്തിലുള്ള വീഡിയോകളും, ചിത്രങ്ങളും മറ്റും, അത് അവിടെ നിന്നും എടുത്ത് ചൈനക്ക് പുറത്തുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ചിലർ തുനിയുന്നു എന്നതാണ് ഇതിനു കാരണം. അധികാരികൾ കണ്ടെത്തി പോസ്റ്റ് നീക്കം ചെയ്യുമ്പോഴേക്കും അതെല്ലാം പല പല സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കും.
ഒന്നുകിൽ ചൈനീസ് ജനത, പ്രത്യേകിച്ചും യുവതലമുറ, ഇത്തരം നിരോധനങ്ങൾ എങ്ങനെ മറികടക്കാം എന്ന മനസ്സിലാക്കി കഴിഞ്ഞു. സെൻസർഷിപ്പിനെയും മറ്റും അവഗണിച്ച് തങ്ങളുടെ സന്ദേശം എങ്ങനെ ലോകത്ത് എത്തിക്കാം എന്ന് അവർ പഠിച്ചു കഴിഞ്ഞു. അതല്ലെങ്കിൽ, ഭരണകൂടത്തിന്റെ പിടി ഈ രംഗങ്ങളിൽ അയഞ്ഞു വരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. ഭരണവർഗത്തിൽ നിന്നുതനെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം ലഭിക്കുന്നുണ്ട് എന്ന് പറഞ്ഞാലുംതെറ്റില്ല എന്ന് ചിലർ പറയുന്നു.
ലുയി കൗണ്ടിയിൽ പൊലീസ് വാഹനം ആക്രമിച്ചതിനെ തുടർന്ന് എട്ടു പേർക്ക് എതിരെ അന്വേഷണം നടക്കുകയാണെന്നും ആറുപേരെ അറസ്റ്റ് ചെയ്തെന്നും ലുയി കൗണ്ടി പബ്ലിക് സെക്യുരിറ്റി ബ്യുറോ അറിയിച്ചു. ഈ സംഭവത്തെ വിമർശിച്ചുകൊണ്ടുള്ള കമന്റുകൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. എന്നാൽ, ഇതിനെ അനുകൂലിച്ചുള്ള കമന്റുകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
മറുനാടന് ഡെസ്ക്