ന്യൂഡൽഹി: കോവിഡിൽ വലയുകയാണ് ചൈന. മറ്റ് രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണ വിധേയവും. അതുകൊണ്ട് തന്നെ എങ്ങനേയും ലോകത്തെങ്ങും വൈറസ് ബാധിക്കണമെന്ന ചിന്തയിൽ തന്ത്രമൊരുക്കുകയാണോ ചൈന? വിദേശയാത്രക്കാർക്കുണ്ടായിരുന്ന വിലക്കു ചൈന പൂർണമായും പിൻവലിച്ചത് ഇതിന്റെ ഭാഗമാണെന്ന സംശയം അതിശക്തം. ചൈന വീസ വിതരണം പുനരാരംഭിച്ചു.

യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെ പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്. ഇതുവരെ കടുത്ത നിയന്ത്രണത്തിലായിരുന്നു ചൈന. എന്നാൽ ഇതൊന്നും രോഗ വ്യാപനത്തെ ചെറുത്തില്ല. മറ്റ് രാജ്യങ്ങൾ വൈറസിനെ വാക്‌സിൻ കൊണ്ട് ചെറുത്തു. എന്നാൽ ചൈനീസ് വാക്‌സിനുകൾ ഫലം കണ്ടില്ലെന്ന സൂചനകളുമുണ്ട്. ഇതിനിടെയാണ് രോഗ വ്യാപനത്തിന് സാധ്യത കൂട്ടി വിദേശ യാത്രാ വിലക്ക് ചൈന മാറ്റുന്നത്.

അതേസമയം, ഇന്ത്യയിൽനിന്നു നേരിട്ടുള്ള വിമാനങ്ങളുടെ കാര്യത്തിൽ ഔദ്യോഗികമായി ഇന്ത്യയോ വിമാനക്കമ്പനികളോ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020 നവംബർ മുതൽ ഇന്ത്യ ചൈന വിമാന സർവീസില്ല. ഇന്ത്യൻ പ്രഫഷനലുകൾക്കു വീസ അനുവദിച്ചെങ്കിലും വിദ്യാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാർത്ഥികൾക്കും പോകാൻ വഴിയൊരുങ്ങും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര തുടരുമ്പോൾ ചൈനയിലെ വൈറസ് ഇന്ത്യയിലുമെത്തും. കോവിഡിൽ ചൈന സാമ്പത്തികമായി ഉലയുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള കള്ളക്കളി നടത്തുന്നത്.

ഇതിനിടെ, ചൈനാ സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ച ആയിരത്തോളം പേരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സർക്കാർ പൂട്ടിച്ചു. ഒറ്റയടിക്കു നിയന്ത്രണങ്ങൾ പിൻവലിച്ചതാണു ചൈനയിൽ കോവിഡ് സ്ഥിതി വഷളാക്കിയതെന്ന ആരോപണത്തെ ആരോഗ്യവിദഗ്ധരെ ഉപയോഗിച്ചു നേരിടാനാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും സംബന്ധിച്ച് ചൈന കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോ?ഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു.

ലോകാരോഗ്യസംഘടനയ്‌ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്‌ക്കെതിരെ ആരോപണം ഉയർത്തിയിരുന്നു. അതിനിടെ കോവിഡ് സംബന്ധിച്ച വിവരങ്ങളും കണക്കുകളും എല്ലായ്‌പ്പോഴും ചൈന ഉത്തരവാദിത്തത്തോടെ പങ്കുവെച്ചിട്ടുണ്ടെന്ന് വാഷിങ്ടൺ ഡി.സിയിലെ ബീജിങ് എംബസി വ്യക്തമാക്കി. കണക്കുകളുമായി ബന്ധപ്പെട്ട് ലോകാരോ?ഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്ന് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞു.

ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉൾപ്പെടെ ഇരുപതോളം പേർ ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മരണങ്ങളാണെന്ന സംശയമാണ് ഉയരുന്നത്. കഴിഞ്ഞ മാസമാണ് പ്രശസ്ത ഒപ്പേറ ഗായിക ചു ലൻലാൻ മരിച്ചത്. 40 വയസുമാത്രം പ്രായമുള്ള ഗായികയുടെ മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനുവരി ഒന്നിനു പ്രശസ്ത നടൻ ഗോങ് ജിൻടാങും(83) മരണത്തിനു കീഴടങ്ങി. ഇൻലോസ്, ഔട് ലോസ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായിരുന്നു ജിൻടാങ്. പ്രശസ്ത തിരക്കഥാകൃത്ത് നി ഴെനും അടുത്തിടെയാണു മരിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകനും നൻജിങ് സർവകലാശാല മുൻ പ്രഫസറുമായ ഹു ഫുമിങ്ങും സമീപകാലത്ത് മരിച്ചവരിൽ ഉൾപ്പെടുന്നു.

ഡിസംബർ 21നും 26നും ഇടയിൽ 16 ശാസ്ത്രജ്ഞരും മരണത്തിനു കീഴടങ്ങി. ഇതിൽ പലരുടെയും മരണകാരണം പുറത്തുവിട്ടിട്ടില്ല. ആരോഗ്യവകുപ്പിന്റെ രേഖകൾ പ്രകാരം ഇതൊന്നും കോവിഡ് മരണമല്ല. എന്നാൽ ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ സജീവമാണ്. തുടരെത്തുടരെയുള്ള മരണങ്ങൾ കോവിഡ് കാരണമാകാമെന്നും അധികൃതർ ഇത് മറച്ചുവയ്ക്കുകയാണ് എന്നുമാണ് പലരും ആരോപിക്കുന്നത്.