യർത്തെഴുന്നേറ്റ ഇറാനിയൻ ജനതയെ ഭരണകൂടം അടിച്ചൊതുക്കിയപ്പോൾ ലോകമെമ്പാടും ഒരു ജനതയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സെൻട്രൽ ലണ്ടനിലെ ട്രഫൽഗർ ചത്വരത്തിൽ ഇന്നലെ ഉച്ചക്ക് വലിയ പ്രതിഷേധം നടന്നു.

ഇസ്ലാമിക വിപ്ലവത്തിനു മുൻപുള്ള ഇറാന്റെ ദേശീയപതാകയേന്തിയ നൂറുകണക്കിന് ആളുകൾ സെൻട്രൽ ലണ്ടനിലെ മാർബിൾ ആർച്ചിൽ നിന്നും പ്രകടനം ആരംഭിച്ചു. നെൽസൺസ് കോളത്തിനുപുറകിലായി കെട്ടിയ സ്റ്റേജിനടുത്തായിരുന്നു പ്രകടനം അവസാനിച്ചത്. ശരിയായ വിധത്തിൽ ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത22 കാരിയായ മാഷ ആമിനി പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇറാനിലും പുറത്തും ഇറാൻ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭം നടക്കുകയാണ്.

മാത്രമല്ല, യുക്രെയിനിന്റെ യാതാവിമാനംഇറാൻ റെവലൂഷണറി ഗാർഡ്സ് വെടിവെച്ചിട്ടതിന്റെ മൂന്നാം വാർഷികം കൂടിയായിരുന്നു ജനുവരി 8. അതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച രണ്ട് പ്രതിഷേധക്കാർക്ക് കൂടി ഇറാൻ വധശിക്ഷ നടപ്പിലാക്കി. പ്രതിഷേധത്തിനിടയിൽ രണ്ട് പാരാമിലിറ്ററി ഉദ്യോഗസ്ഥരെ വധിച്ചു എന്നാരോപിച്ചായിരുന്നു ശിക്ഷ. പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ ചുരുങ്ങിയത് 517 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. 19,200 പേരെ തടവിലാക്കിയിട്ടുമുണ്ട്.

അതിനിടെ കഴിഞ്ഞ ഡിസംബറിലെ ഇറാനിലെ സദാചാര പൊലീസിനെ പിൻവലിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും, ഹിജാബ് ധരിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പ്രഖ്യപിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇതുവരെ ലഭ്യമായതിൽ ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് 2014-ൽ നേരാവണ്ണം ഹിജാബ് ധരിക്കാത്തതിന് 30 ലക്ഷം സ്ത്രീകളെയായിരുന്നു സദാചാരപൊലീസ് വിവിധ സ്ഥലങ്ങളിലായി തടഞ്ഞത്.

സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ 2022 സെപ്റ്റംബർ 16 ന് ആയിരുന്നു ആമിനി മരണമടയുന്നത്. കസ്റ്റഡിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി എന്നാണ് പൊലീസ് ഭാഷ്യം. മാത്രമല്ല, ആമിനിയെ മർദ്ദിച്ചു എന്ന റിപ്പോർട്ടുകളും പൊലീസ് നിഷേധിക്കുന്നു. ഈ മരണത്തെ തുടർന്ന് ഇസ്ലാമിക ഡ്രസ്സ് കോഡുകൾ നിഷേധിക്കുവാനും, ഹിജാബ് വലിച്ചെറിയാനും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രംഗത്തെത്തുകയായിരുന്നു. പതിനായിരക്കണക്കിന് വനിതകളായിരുന്നു ഹിജാബ് കത്തിക്കാൻ മുന്നിട്ടിറങ്ങിയത്.

ഇന്നലെ ലണ്ടനിൽ പ്രതിഷേധം നടത്തിയവർ പഴയ ഇറാൻ പതാകയേന്തി വർത്തമാന കാല ഇറാൻ ഭരണകൂടത്തിന്റെ ഭീകരതെക്കെതിരെ മുദ്രാവാക്യം വിളിച്ചു. പഴയ പേർഷ്യൻ ഭരണഘടനയും ഷായുടെ ഭരണവും തിരിച്ചു വരണമെന്നും അവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. 1905 മുതൽ 1911 വരെ നടന്ന പേർഷ്യൻ വിപ്ലവത്തിന്റെ അവസാനത്തിൽ അന്ന് എഴുതിയുണ്ടാക്കിയ ഭരണഘടന തിരികെ കൊണ്ടു വരണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇസ്ലാമിക വിപ്ലവത്തിനു ശേഷം നിലവിൽ വന്ന മത ഭരണകൂടം ഈ ഭരണഘടനയെ അസാധുവാക്കിയിരുന്നു.

1925 മുതൽ 1979 വരെ ഇറാൻ ഭരിച്ച റെസ ഷാ രണ്ടാമന്റെ തിരിച്ചു വരവും ഇവർ ആവശ്യപ്പെടുന്നു. ഇറാനിൽ നിരവധി പുരോഗമനപരമായ നിരവധി പരിഷ്‌കരങ്ങൾ നടപ്പിലാക്കിയിരുന്നു. പിന്നീട് 1979 ൽ ആയത്തൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ നിന്നും നിഷ്‌കാസിതനാവുകയായിരുന്നു.

ഇസ്ലാമിക ആചാരങ്ങൾ നടപ്പിലാക്കുവാനായി ആധുനിക ലോകത്ത് ആദ്യമായി സദാചാര പൊലീസിനെ രൂപീകരിച്ചത് സൗദി അറേബ്യ ആയിരുന്നു, 1926-ൽ. പിന്നീട് ഈ സമ്പ്രദായം വിവിധ ഇസ്ലാമിക രാജ്യങ്ങളിലേക്ക് വ്യപിക്കുകയായിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ വിജയത്തിനു ശേഷമായിരുന്നു ഇറാനിൽ സദാചാര പൊലീസ് നിലവിൽവന്നത്.